ലണ്ടൻ: അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും അമ്മ മനസ്സിന്റെ കാരുണ്യവും വാനോളം വാഴ്‌ത്തിയ കവികൾ പലപ്പോഴും അവഗണിച്ചിട്ടുള്ള ഒന്നാണ് പിതൃമനസ്സ്. കർക്കശക്കാരനും പരുക്കനുമെന്ന ഭാവം പുറത്തുകാണിക്കാൻ വിങ്ങലുകളൊക്കെയും ഉള്ളിലൊതുക്കി ഒന്ന് പൊട്ടിക്കരയുവാൻ പോലുമാവാതെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നവനാണ് അച്ഛൻ. ആത്മാവ് പറിച്ചു തന്ന പ്രകടമായ സ്നേഹത്തിന്റെ പര്യായമാണ് അമ്മ എങ്കിൽ ആരും അധികമറിയാതെ പോയ സ്നേഹത്തിന്റെയും കരുതലിന്റെയും കഥയാണ് അച്ഛൻ എന്ന് പറയാം. അത്തരത്തിലൊരു അച്ഛന്റെ കഥ ഇന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ ആഘോഷമാക്കുകയാണ്.

ഹേർട്ട്ഫോർഡ്ഷയറിലെ ബുഷേയിലുള്ള ഉമേഷ് പെരേര എന്ന 50 കാരനാണ് ഈ അച്ഛൻ. ബ്രോഡ്കാസ്റ്റിങ് പ്രൊഡക്ഷൻ, ഡിസ്ട്രിബ്യുഷൻ കമ്പനിയായ അയോസാറ്റിന്റെ സ്ഥാപകൻ കൂടിയാണ് ഈ അമ്പതുകാരൻ. സ്വന്തമായി ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമും ഗെയിമിങ് പ്ലാറ്റ്ഫോമും ഒക്കെ ഉള്ള ഒരു കമ്പനി കൂടിയാണിത്. അതായത്, സംഗതി ഒരു വലിയ സംഭവം തന്നെ എന്നർത്ഥം. സിംഗപ്പൂരിലും, ഇന്ത്യയിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ പടര്ന്നു കിടക്കുന്ന ബിസിനസ്സ് ശൃംഖലയാണ് അദ്ദേഹത്തിന്റേത്.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ബിസിനസ്സ് കാര്യങ്ങൾ ചർച്ച ചെയ്തും മറ്റും ബിസിനസ്സ് അനുദിനം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും ഉമേഷ് പെരേരയ്ക്ക് ഒഴിച്ചുകൂടാൻ ആകാത്ത മറ്റൊരു ജോലി കൂടിയുണ്ട്, വീട്ടിലെ അടുക്കളയിൽ തന്റെ ആറു മക്കൾക്ക് ഇഷ്ടപ്പെട്ട ആഹാരം പാചകം ചെയ്യുക എന്നത്. ഒപ്പം അവരിൽ പലരേയും സ്‌കൂളിൽ എത്തിക്കുകയും തിരിച്ചു കൊണ്ടുവരികയും വേണം. അങ്ങനെ ഈ എഞ്ചിനീയറിങ് ബിരുദധാരി ഇപ്പോൾ ഒരു പ്രൈമറി കെയററുടെ ജോലി കൂടി ചെയ്യുകയാണ്.

21കാരനായ അലക്സ്, 19 കാരിയായ യാസ്മിൻ, 18 കാരനായ ഒലിവർ, 14 കാരിയായ സെയ്ൻ, 12 വയസ്സുള്ള അമാലി, 10 വയസ്സുള്ള ടാസിയ എന്നിവർക്ക് അച്ഛനും അമ്മയും ഒക്കെ ഉമേഷ് പെരേര എന്ന അവരുടെ പിതാവ് തന്നെയാണ്. വിവാഹബന്ധം വേർപിരിഞ്ഞ് ഭാര്യ പോയതോടെ കുട്ടികളുടെ ചുമതല ഉമേഷ് ഏറ്റെടുക്കുകയായിരുന്നു. അതിനായി കുടുംബ കോടതിയിൽ നീണ്ട പോരാട്ടം തന്നെ നടത്തേണ്ടി വന്നു. അതുകഴിഞ്ഞ് ഏറെ താമസിയാതെ ഇവരുടെ അമ്മ മരണമടയുകയും ചെയ്തു.

അമ്മയുടെ മരണം മക്കൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് മനസ്സിലാക്കിയ ഉമേഷ് സ്വയം ഒരു അമ്മയാകാനും കൂടി തയ്യാറവുകയായിരുന്നു. ഞാൻ എന്റെ പ്രൊഫഷനെ ഒരുപാട് സ്നേഹിക്കുന്നു എന്നാൽ, എനിക്ക് എന്റെ മക്കളെ വളർത്തി വലുതാക്കേണ്ട ബാദ്ധ്യത കൂടിയുണ്ടെന്നുള്ളത് ഞാൻ ഓർക്കുന്നു എന്നാണ് ഉമേഷ് തന്റെ നിയോഗത്തെ കുറിച്ച് പറയുന്നത്.

വെറുമൊരു വ്യവസായി മാത്രമല്ല ഉമേഷ് പെരേര. കൊസോവോ യുദ്ധകാലത്ത് അഭയാർത്ഥികളെ പുനർധിവസിപിക്കുന്ന കാര്യത്തിൽബിൽ ആൻഡ് മെലിൻഡ ഗെയ്റ്റ്സ് ഫൗണ്ടേഷനൊപ്പം പ്രവർത്തിച്ച വ്യക്തിയാണ്. ഇക്കാര്യത്തിലെ വൈദഗ്ധ്യത്തിനുള്ള അംഗീകാരമായി അഭയാർത്ഥി പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ്പ്രതിരോധ മന്ത്രാലയവും നാറ്റോയും അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അതിനെല്ലാം രണ്ടാം സ്ഥാനം മാത്രം നൽകി പെരേര തന്റെ കുട്ടികളുടെ കാര്യത്തിന് മുൻഗണന നൽകുകയാണ്.

ലൊക്ക്ഡൗൺ കാലത്തായിരുന്നു തന്റെ കുടുംബത്തിനൊപ്പമുള്ള സ്ഥലത്ത് അയോസാറ്റ് എന്ന സ്ഥാപനം സ്ഥാപിച്ചത്. ബ്രോഡ്കാസ്റ്റിങ് പ്രൊഡക്ഷൻ ഡിസ്ട്രിബ്യുഷൻ കമ്പനി എന്നനിലയിൽ സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് ബൗദ്ധിക സ്വത്ത്, ഓ ടി ടി പ്ലാറ്റ്ഫോം, ഗെയിമിങ് പ്ലാറ്റ്ഫോം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന് ഉമേഷിന്റെ ജീവിതം ഈ സ്ഥാപനത്തിനും കുട്ടികള്ക്കും ഇടയിലായി കൃത്യമായി വിഭജിച്ചിരിക്കുകയാണ്. ആഗോള തലത്തിൽ തന്നെ ബിസിനസ്സ് താത്പര്യങ്ങളുള്ള ഉമേഷിന് അതിന്റെ ആവശ്യത്തിനായി ബന്ധപ്പെടേണ്ടത് വ്യത്യസ്ത സമയ മേഖലകളിൽ ഉള്ളവരെയാണെന്നത് പ്രത്യേകം ഓർക്കണം.

എന്നും രാവിലെ 5 മണിക്ക് എഴുന്നേൽക്കുന്ന ഉമേഷിന്റെ ആദ്യ ദൗത്യം എത്തിയിരിക്കുന്ന ഈ മെയിൽ സന്ദേശങ്ങളിലേക്ക് ഊളിയിട്ടിറങ്ങുക എന്നതാണ്. 6 മണിയാകുമ്പോഴേക്കും ഇന്ത്യയിലേയും സിംഗപ്പൂരിലേയും തന്റെ ജീവനക്കാരുമായുള്ള കോൺഫറൻസ് കോൾ നടത്തും. കൃത്യം എട്ടുമണിക്ക് റിപ്പോർട്ടുകൾ തയ്യാറായി ഇരിക്കണമെന്ന് ഉമേഷിന്റെ ജീവനക്കാർക്ക് അറിയാം. അതുകൂടി വായിച്ചു കഴിഞ്ഞാൽ പിന്നെ സ്‌കൂൾ പ്രായമായ മൂന്ന് മക്കളുമൊത്ത് കാറിലേക്ക്. മൂന്നു പേരെയും മൂന്ന് വ്യത്യസ്ത സ്‌കൂളുകളിലാക്കണം. 9 മണിയാകുമ്പോഴേക്കും തന്റെ യൂറോപ്യൻ പ്രവർത്തനങ്ങളുടെ ചുമതലയേറ്റെടുത്തുകൊണ്ട് അദ്ദേഹം ഡസ്‌കിലെത്തും.

ഉച്ചക്ക് ഒരുമണി ആയാൽ ഓഫീസിനോട് തത്ക്കാലം വിടപറഞ്ഞ് അടുക്കളയിലേക്ക്. ഉണ്ടാക്കുന്നതെന്തും അവിടെയുള്ളവരുമായി പങ്കുവയ്ക്കാൻ ഉമേഷിന് സന്തോഷമേയുള്ളു. മൂത്ത മക്കളായ അലക്സ്, യാസ്മിൻ, ഒലിവർ എന്നിവർ അയോസാറ്റിന്റെ ചില കാര്യങ്ങൾ ഏറ്റെടുത്ത് അച്ഛനെ സഹായിക്കുന്നുണ്ട്. മാത്രമല്ല, പാചകത്തിലും മറ്റെല്ലാ വീടുപണിയുടെ കാര്യത്തിലും ഇവർ അച്ഛനെ സഹായിക്കാൻ ഉണ്ടാകും. ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും ജോലിയിൽ മുഴുകുന്ന ഉമേഷ് കൃത്യം 3 മണിയാകുമ്പോൾ യാത്ര തിരിക്കും. ഇളയ മക്കളെ സ്‌കൂളിൽ നിന്നും തിരിച്ചു കൊണ്ടു വരുന്നതിനായി.

തങ്ങളുടെ അച്ഛൻ ഒരു സാധാരണ പിതാവ് അല്ലെന്നാണ് ഇപ്പോൾ അയോസാറ്റിന്റെ നെറ്റ്‌വർക്ക് ഓപ്പറേഷൻസിന്റെ തലവനായ മൂത്ത മകൻ അലക്സ് പറയുന്നത്. മക്കളുടെ ജീവിതത്തിലെ ഓരോ സൂക്ഷ്മതലം പോലും ശ്രദ്ധിക്കുന്ന ഒരു പിതാവാണ് അദ്ദേഹം എന്ന് അലക്സ് സാക്ഷ്യപ്പെടുത്തുന്നു. ഗെയിമിങ് കമ്പനി ആരംഭിച്ചത് തന്നെ സ്വന്തം മക്കൾക്ക് വേണ്ടി ആയിരുന്നു എന്നാണ് അലക്സ് പറയുന്നത്.