തിരുവനന്തപുരം: താൻ ജോലി ചെയ്യുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ആഘോഷിക്കുന്നവർ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ചില അവതാരങ്ങളെന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജിത് ജിആർ മറുനാടൻ മലയാളിയോട്. തന്നെ കളിയാക്കി ആഘോഷിക്കുന്നവരോട് പറയാൻ ഒന്നേയുള്ളു. താൻ ചെയ്യുന്നത് തന്റെ ജോലി തന്നെയാണ്. അത് തന്റെ അന്നമാണ്. ആ ജോലി ചെയ്യുന്നതിൽ യാതൊരു കുറച്ചിലുമില്ലെന്ന് മാത്രമല്ല അഭിമാനം മാത്രമേയുള്ളുവെന്നും അജിത് കൂട്ടിച്ചേർത്തു.

താൻ അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറയുന്നവർ അത് തെളിയിക്കട്ടെയെന്നും അജിത് പറയുന്നു. പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതും അവരെ സംഘടനാ പ്രവർത്തനം നടത്തുന്നതിനായി അനുവദിക്കുന്നതും 1979 മുതൽ കേരളാ പൊലീസിൽ നിലനിൽക്കുന്ന കീഴ്‌വഴക്കമാണ്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമെ സംഘടനാ ചുമതലകൾ വഹിക്കുന്നവർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതുള്ളൂ. തെരഞ്ഞെടുപ്പ് പോലുള്ള സാഹചര്യങ്ങളിൽ താൻ ഡ്യൂട്ടിയിൽ പോകാറുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ജോലി ചെയ്തിരുന്നതായും അജിത്ത് വെളിപ്പെടുത്തി. ചില അവതാരങ്ങൾ കരുതുന്നതുപോലെ താൻ വീണ്ടും ജോലിയിൽ പ്രവേശിച്ചത് സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ പ്രതികാര നടപടി മൂലമല്ല. പൊലീസ് സേനയിലെ തന്നെ ചില അവതാരങ്ങളാണ് ഇതിനു പിന്നിൽ.

എന്നെ ഡ്യൂട്ടിക്ക് ഇറക്കി എന്നു പറഞ്ഞു വാർത്ത കൊടുത്തു ആഘോഷിക്കുന്ന അവതാരങ്ങൾ സംഘടന നേതൃത്വത്തിൽ ഇരുന്നപ്പോൾ എന്തു ഡ്യൂട്ടി ആണ് ചെയ്തിട്ടുള്ളത് എന്നു അന്വേഷിച്ചാൽ അവരും ഇതേ നിലയിൽ തന്നെയാണ് ഡ്യൂട്ടി ചെയ്തിരുന്നതെന്ന് മനസ്സിലാകുമെന്നും അജിത് പറയുന്നു.മെയ് 19ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ഇടതുപക്ഷം അധികാരത്തിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ചിലരുടെ പ്രതികാര നടപടികൾ. സംസ്ഥാനത്തുടനീളം പൊലീസ് സേനയിൽ സ്ഥലം മാറ്റം തകൃതിയായി നടക്കുകയാണ്. താൻ യുഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്നയാളായതിനാലാണ് ഇത്തരം പ്രതികാരനടപടികളെന്നും പറഞ്ഞു.

ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ലീവ് എടുത്തു മുങ്ങുമെന്ന് കരുതിയവക്ക് നിരാശയുണ്ടാകും പൊലീസ് അസോസിയേഷന്റെ സംസ്ഥാന ജനറൽസെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നവരെ ജനറൽഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാറുണ്ട്. മുൻകാല ഭാരവാഹികൾക്കും ലഭിച്ച അതെ ആനുകൂല്യമേ ഇക്കാര്യത്തിൽ തനിക്കും ലഭിച്ചിട്ടുള്ളൂവെന്നും അജിത് കൂട്ടിച്ചേർത്തു.

പൊലീസ് ഉധ്യോഗസ്ഥരെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും നിരന്തരം ഇടപെട്ടു പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ തന്റെ സഹപ്രവർത്തകരുടെ എല്ലാ ക്ലേശങ്ങളും തനിക്കും അറിയാം. ഒരു ദിവസം കുറഞ്ഞത് പത്തു മുതൽ പതിനെട്ടു മണിക്കൂർ വരെ പൊലീസ് ഉധ്യോഗസ്ഥർക്ക് വേണ്ടി പ്രവർത്തനനിരതമാകാറുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു സഹപ്രവർത്തകരുടെ സുഖദുഃഖങ്ങളിൽ പങ്കെടുത്തു അവർക്കൊപ്പം ജീവിച്ച ആള് തന്നെയാണ്. പലപ്പോഴും സ്വന്തം കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും.

ഭാരവാഹിത്വം അലങ്കാരമായി കൊണ്ടു നടക്കുന്ന സംഘടനാ പ്രവർത്തനം അല്ല തന്റേതെന്നും ഏറ്റെടുക്കുന്ന ദൗത്യം എന്തു ത്യാഗം സഹിച്ചും വിജയകരമായി പൂർത്തീകരിക്കുക എന്നതാണ് തന്റെ പ്രവർത്തന ശൈലിയെന്നും അജിത് പറയുന്നു. മുതിർന്ന പൊലീസ് ഓഫീസർമാരോട് പോലും തട്ടികയറുന്നയാളാണെന്നും അവരോട് ബഹുമാനമില്ലാതെ പെരുമാറുന്നയാളാണ് താനെന്നത് വെറും തെറ്റായ തെറ്റായ വിവരങ്ങളാണ്. ഒരിക്കൽ പൊലീസ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പാൾ ഗോപാലകൃഷ്ണൻ സാറിനോട് ഒരിക്കൽ വാക്കേറ്റമുണ്ടായതല്ലാതെ മറ്റൊരു ഉദ്യോഗസ്ഥനോടോ ഉദ്യോഗസ്ഥയോടോ താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അജിത് പറഞ്ഞു.

ശബരിമല മെസ്സ സൗജന്യമാകിയതും, ഓണം ഡ്യൂട്ടിക്ക് പ്രത്യേക അലവൻസ്, നാലാം ഗ്രേഡ് അനുവദിച്ചതും പത്താം ശമ്പള പരിഷ്‌കരണത്തിലൂടെ പൊലീസ് ഉധ്യോഗസ്ഥർക്ക് പ്രത്യേക സ്‌കൈയിൽ നേടിയെടുത്തതും തുടങ്ങി നൂറിലധികം അനുകൂല ഉത്തരവുകളും ഇക്കാലയളവിൽ സമ്പാദിക്കാനായത് വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ ആയിരുന്നുവെന്നും അജിത് പറയുന്നു. എന്നാൽ സംഘടനയ്ക്കും സഹപ്രവർത്തകർക്കും വേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടും എന്തിനാണ് പൊലീസിലെ തന്നെ ഇടത് ആഭിമുഖ്യമുള്ള വിഭാഗം എന്തുകൊണ്ട് പ്രതികാര നിലപാട് സ്വീകരിക്കുന്നുവെന്ന ചോദ്യത്തിന് ഇത്തരക്കാർ അസോസിയേഷൻ ഭാരവാഹികളായിരുന്നപ്പോൾ അടിച്ചുമാറ്റിയ കാശിന്റ കണക്കുകൾ പുറത്ത്പറഞ്ഞതുകൊണ്ടാണെന്നായിരുന്നു മറുപടി.

സ്വന്തം ആവശ്യങ്ങൾപോലും മാറ്റി നിറുത്തി രാപകൽ വ്യത്യാസമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.. എന്റെ പ്രവർത്തന ശൈലിയിൽ അസൂയപൂണ്ടവർ എനിക്കെതിരെ കെട്ടുകഥകളും ആരോപങ്ങങ്ങളും പടച്ചുവിട്ടു. തനിക്കും ഒരു കുടുംബം ഉണ്ടെന്നു അവർ മറന്നു. തന്റെ പ്രവർത്തനത്തിലെ സംശുദ്ധതയും ആത്മാർത്ഥതയും നൽകുന്ന കരുത്തിലാണ് താൻ പിടിച്ചു നിൽക്കുന്നതെന്നും അജിത് പറഞ്ഞവസാനിപ്പിക്കുന്നു.