- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യഗ്രഹ ജീവികളെ കണ്ടെത്താനാവാത്തത് നമ്മൾ നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കുന്നതിനാൽ; ഈ തലമുറ ഉറപ്പായും മറ്റൊരു ലോകം കണ്ടെത്തും
പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവനുള്ളതെന്നാണ് മിക്കവരും വിശ്വസിക്കുന്നത്. അഥവാ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടെങ്കിൽ അതൊക്കെ ജീവന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും നമ്മുടെയത്ര പരിഷ്‌കരിച്ചവരെല്ലെന്നും ചിലർ ഊറ്റം കൊള്ളുന്നുമുണ്ട്. ശാസ്ത്ര സാങ്കേതികരംഗങ്ങളിലും ബഹിരാകാശ ദൗത്യങ്ങളിലും നാം അഹങ്കരിക്കാറുണ്ട്. ഇതുവരെ അന്യഗ്ര
പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവനുള്ളതെന്നാണ് മിക്കവരും വിശ്വസിക്കുന്നത്. അഥവാ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവനുണ്ടെങ്കിൽ അതൊക്കെ ജീവന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും നമ്മുടെയത്ര പരിഷ്‌കരിച്ചവരെല്ലെന്നും ചിലർ ഊറ്റം കൊള്ളുന്നുമുണ്ട്. ശാസ്ത്ര സാങ്കേതികരംഗങ്ങളിലും ബഹിരാകാശ ദൗത്യങ്ങളിലും നാം അഹങ്കരിക്കാറുണ്ട്. ഇതുവരെ അന്യഗ്രഹജീവികളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഗവേഷകർ ഉറപ്പിച്ച് പറയാറുമുണ്ട്. എന്നാൽ അന്യഗ്രഹ ജീവികളില്ലാത്തതിനാലാണ് അവയെ കണ്ടെത്താൻ സാധിക്കാത്തതെന്ന് ഇതു കൊണ്ട് അർത്ഥമാക്കേണ്ടതില്ലെന്നാണ് പുതിയ വാദം. അതായത് അന്യഗ്രഹ ജീവികളെ കണ്ടെത്താൻ സാധിക്കാത്തത് നമ്മൾ നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കുന്നതിനാലാണെന്നാണ് കാലിഫോർണിയയിലെ സേറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. നതാലി കാബ്രോൾ പറയുന്നത്. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തിന് നേതൃത്വം നൽകുകയാണിവർ.ഈ തലമുറ എന്തായാലും മറ്റൊരു ലോകം കണ്ടെത്തുമെന്നും നതാലി ഉറപ്പിച്ച് പറയുന്നു.
വളരെ പുരോഗമിച്ച മറ്റൊരു ഗ്രഹത്തിലെ ജീവിവർഗം അടുത്തിടെ ഭൂമിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നാം അവരുടെ മെസേജുകൾ സ്വീകരിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിക്കാതെ പോവുകയായിരുന്നു. അവർ അയയ്ക്കുന്ന സിഗ്‌നലുകൾ സ്വീകരിക്കാൻ മാത്രം നാം പുരോഗമിച്ചിട്ടില്ലെന്നും നതാലി വെളിപ്പെടുത്തുന്നു. സൗരയൂഥപഥത്തിലുള്ള സൂക്ഷ്മാണു ജീവികളെ കണ്ടെത്തുന്നതിനും മറ്റെവിടെയോ ഉള്ളതും ബുദ്ധിപരമായി വളരെ മുന്നേറിയതുമായ ജീവിവർഗവുമായും ബന്ധപ്പെടുന്നതിന് വളരെയടുത്ത് നാം എത്തിച്ചേർന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ജീവിതകാലത്തിനിടയ്ക്ക് മനുഷ്യൻ ഭൂമിയോടടുത്ത ഗ്രഹങ്ങളിലെ സൂക്ഷ്മജീവികളെ കണ്ടെത്തുമെന്നും മറ്റേതെങ്കിലും ഗ്യാലക്‌സിയിലെ ഗ്രഹത്തിലുള്ള ഭൂമിക്ക് സമാനമായ ഗ്രഹത്തിലെ മനുഷ്യനേക്കാൾ പുരോഗതിച്ച ജീവിവർഗത്തെ കണ്ടെത്തുമെന്നുമാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ബുദ്ധിപരമായി മനുഷ്യനേക്കാൾ മുന്നിൽ നിൽക്കുന്ന അന്യഗ്രഹ ജീവിവർഗത്തെ കണ്ടെത്തുക എളുപ്പമല്ല. കാരണം പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യനുള്ള അറിവിന് വളരെ പരിമിതികളുണ്ടെന്നാണ് നതാലി പറയുന്നത്. ഇക്കാര്യമറിയണമെങ്കിൽ നാം ഒരു നൂറ്റാണ്ടിനിടെ നേടിയ പുരോഗതി വിലയിരുത്തിയാൽ മതിയാകും.
ഇത്തരത്തിൽ ബുദ്ധിപരതയിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു സംസ്‌കാരം മറ്റൊരു ഗ്രഹത്തിലുണ്ടെങ്കിൽ അതിന് മനുഷ്യസംസ്‌കാരത്തേക്കാൾ 1000 വർഷം പഴക്കം കൂടുതലുണ്ടാകുമെന്നു നതാലി പറയുന്നു. അവർ ആശയവിനിമയത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അത് മനസിലാക്കാൻ മനുഷ്യന്റെ പരിമിതി കാരണം സാധിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നാം ഈ വിഷയത്തിൽ ഉപരിതലത്തിൽ ചുരണ്ടുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും കണ്ടെത്തപ്പെടാത്ത യാഥാർത്ഥ്യങ്ങളേറെയുണ്ട്. നാം നമ്മുടെ കാഴ്ചപ്പാടിൽ മാത്രമാണ് പ്രപഞ്ചത്തെ കണ്ടറിയുന്നത്. ഈ വർഷം ആദ്യം സൗരയൂഥത്തിന് പുറത്ത് നിന്നുമെത്തിയ നിഗൂഢമായ റേഡിയോ സിഗ്‌നലുകൾ നമുക്ക് പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് നതാലി വെളിപ്പെടുത്തുന്നത്.ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ് (എഫ്ആർബിഎസ്) എന്നാണിവ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 10 സിഗ്‌നലുകൾ മാത്രമെ പിടിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. ഭൂമിയിൽ നിന്നും ബില്യൺ കണക്കിന് പ്രകാശവർഷങ്ങൾ അകലെ നിന്നാണീ സിഗ്‌നലുകൾ എത്തുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. അത്രയും ദൂരത്തിലുള്ള ഗ്രഹത്തിലെ ജീവികൾ ഇത്തരം സിഗ്‌നലുകളിലൂടെ നമ്മെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നാണ് നതാലി അഭിപ്രായപ്പെടുന്നത്. എന്നാൽ മനുഷ്യന് അവ വ്യാഖ്യാനിച്ചെടുക്കുന്നതിന് പര്യാപ്തമായ സാങ്കേതികതയില്ലാത്തതാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് തടസമായി വർത്തിക്കുന്നത്.
ഭൂമിയിലെത് അഡ്വാൻസ്ഡ് സിവിലൈസേഷനാണെങ്കിലും നാം ഇക്കാര്യത്തിൽ കൗമാരപ്രായത്തിലെത്തിയിട്ടെയുള്ളുവെന്നും നാം കളിപ്പാട്ടങ്ങൾക്ക് സമാനമായ സാങ്കേതികവിദ്യകൊണ്ടാണ് ഇപ്പോഴും പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്നതെന്നും നതാലി അഭിപ്രായപ്പെടുന്നു. അന്യഗ്രഹജീവികളുണ്ടെങ്കിൽ അവർക്ക് മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നാണ് മുൻ ആസ്‌ട്രോനെറ്റായ ജോൺ ഗ്രുൻസ്‌ഫെൽഡ് ഈ വർഷം ആദ്യം അഭിപ്രായപ്പെട്ടിരുന്നത്. 20 പ്രകാശവർഷങ്ങൾക്കകലെ നിന്ന് ആരോ നമ്മെ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് ഷിക്കാഗോയിലെ ആസ്‌ട്രോബയോളജി സയൻസ് കോൺഫറൻസിൽ സംസാരിക്കവെ ഗ്രുൻസ്‌ഫെൽഡ് പറഞ്ഞത്.അന്യഗ്രഹജീവികളുണ്ടെന്ന് 30 വർഷം മുമ്പ് തന്നെ തിരിച്ചറിഞ്ഞതായി നാസയിലെ ചീഫ് സയന്റിസ്റ്റായ എല്ലെൻ സ്റ്റോഫൻ പറയുന്നു. എവിടെയാണ് ഇതിനായി നിരീക്ഷിക്കേണ്ടതെന്നും എങ്ങനെയാണ് നിരീക്ഷിക്കേണ്ടതെന്നും നമുക്കറിയാമെങ്കിലും പര്യാപ്തമായ സാങ്കേതികതയില്ലാത്തതാണ് തടസമായി നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്യഗ്രഹജീവികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകർ ഇപ്പോൾ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെയാണ് നിരീക്ഷിക്കുന്നത്.