ന്യൂഡൽഹി: ആരാധനാലയങ്ങൾ മുസ്ലിം വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന 1994ലെ വിധി പുനഃപരിശോധക്കണ്ടതില്ലെന്ന് സുപ്രീംകോടതി. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് വിടേണ്ടതില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും ഉത്തരവിട്ടു. അയോധ്യാകേസിൽ ഈ വിധി പ്രസക്തമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുൾ നസീർ വിയോജിച്ചു. വിശാലമായ ഭരണഘടനാ ബെഞ്ചിന് വിടേണ്ട കേസാണിതെന്നാണ് ജസ്റ്റിസ് അബ്ദുൾ നസീർ പറഞ്ഞത്.

1994 ൽ ഇസ്മായീൽ ഫാറൂഖി കേസിൽ മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് പള്ളികൾ നിർബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവർ നിസ്‌കാരമാവമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലിംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തിയത്.

പള്ളിതർക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് മുസ്‌ലിംകൾക്ക് നമസ്‌കരിക്കാൻ പള്ളി അത്യാവശ്യമല്ലെന്ന് വിധിച്ചത്. എവിടെവെച്ച് വേണമെങ്കിലും നമസ്‌കരിക്കാം. ഒത്തുച്ചേരലിന് വേണ്ടി മാത്രമാണ് പള്ളി. ആവശ്യമെങ്കിൽ സർക്കാരിന് പള്ളികൾ ഏറ്റെടുക്കാമെന്നായിരുന്നു വിധിയിൽ പറഞ്ഞിരുന്നത്. മുസ്‌ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമർശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോർഡ് ഹരജിയിൽ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാറും യു.പി സർക്കാരും ഈ വാദത്തെ എതിർത്തിരുന്നു.

അയോധ്യഭൂമി തർക്ക കേസിൽ അധികം താമസിയാതെ തന്നെ വാദം തുടങ്ങുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ 2.27 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചു. അതിനെതിരെ നിർമോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിയവയുടേതും വ്യക്തികളുടേതുമായ ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

1994 ഒക്ടോബർ 24ലെ വിധിയിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണു മോസ്‌ക് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമർശം നടത്തിയത്. അതു വളരെ പൊതുസ്വഭാവമുള്ള പരാമർശമായിപ്പോയെന്നും നിലവിലെ കേസിനെ ബാധിക്കുന്നുവെന്നുമാണു ഹർജിക്കാരിൽ ചിലരുടെ നിലപാട്. എന്നാൽ, ഈ നിലപാട്് തള്ളിയാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.