ആലുവ:രണ്ട് വട്ടം കൂട്ടം ചേർന്ന് ദമ്പതികളെ മർദ്ദിച്ചവശരാക്കി.ഭാര്യയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ഭർത്താവ് കാൺകെ ലൈംഗികാതിക്രമം നടത്തി.വിവസ്ത്രനാക്കി ഭർത്താവിനെ ചവിട്ടിക്കൂട്ടി.ഇതുവരെയുള്ള സമ്പാദ്യവും വീട്ടുസാധാനങ്ങളുമെല്ലാം കടത്തി.പൊലീസ് ഇടപെടൽ നാമമാത്രമെന്നാക്ഷേപം.പെരുവഴിയിലായി ഇപ്പോൾ കഴിയുന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒപ്പം കൊച്ചി വരാപ്പുഴയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്.കൊച്ചിയിൽ സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന പ്രശാന്തും ഭാര്യയുമാണ് തങ്ങൾ നേരിട്ട ദുരന്തത്തെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത്.

വരാപ്പുഴ മുട്ടിനകം സൂപ്പർമാർക്കറ്റ് ഉടമയും മകനും ബന്ധുക്കളും മറ്റുചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്നും ഇക്കാര്യത്തിൽ വരാപ്പുഴ പൊലീസ് നടപടി ഒച്ചിഴയും വേഗത്തിലാണെന്നും ഇവർ കണ്ണീരോടെ വിവരിച്ചു.വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റ് ഉടമയായ സൂപ്പർമാർക്ക്റ്റ് നടത്തിപ്പുകാരൻ വിൽക്കുന്നു എന്നറിഞ്ഞപ്പോൾ വാങ്ങാൻ തീരുമാനിച്ചതാണ് തങ്ങൾക്ക് വിനയായതെന്നാണ് ദമ്പതികളുടെ പരാതി.വീട് വാടകയ്‌ക്കെടുത്തപ്പോൾ സെക്യൂരിറ്റിയായി നൽകിയിരുന്ന 2.5 ലക്ഷം രൂപയടക്കം 14 ലക്ഷം രൂപ ഇതിനകം നൽകിയെന്നും നിശ്ചിത കാലാവധി കഴിഞ്ഞപ്പോൾ തീറാധാരം നടത്തണമെന്നവാശ്യപ്പെട്ടപ്പോൾ ഉടമയും മകനും മറ്റും ചേർന്ന് ക്വട്ടേഷൻ സംഘത്തെ വിളിച്ചുവരുത്തി തങ്ങളെ തല്ലിയോടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ വെളിപ്പെടുത്തൽ.

മർദ്ദിച്ചവർ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും  ലൈംഗികാതിക്രം നടത്തിയെന്നും പ്രശാന്തിന്റെ ഭാര്യ പറഞ്ഞു.ഈ കാര്യങ്ങൾ വ്യക്തമാക്കി വരാപ്പുഴ പൊലീസിലും റൂറൽ എസ് പി ഉൾപ്പെടെ ഉന്നതാധികൃതർക്കും പരാതി നൽകിയെങ്കിലും ഇതുവരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലന്നും ദമ്പതികൾ അറിയിച്ചു.ആദ്യത്തെ ആക്രമണത്തിൽ തോളെല്ല് പൊട്ടിയിരുന്നു. ഇതേത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികത്സ നടത്തി.ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് കെട്ടിട ഉമയെയും മറ്റും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും ബാഹ്യസമ്മദ്ധത്തെത്തുടർന്ന് വീട്ടയച്ചു.

പരിക്ക് ഒരുവിധം ഭേതമായി ആശുപത്രിയിൽ നിന്നും ഡിസ്ചാജ്ജായി.ഈ അവസരത്തിൽ എസ് ഐ യുടെ മധ്യസ്ഥതയിൽ പ്രശ്നത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തി.പണം തിരിച്ചുനൽകുന്നത് സംമ്പന്ധിച്ച് കെട്ടിട ഉടമയുമായി ധാരണയിലെത്തുകയും പണം നൽകുന്നതുവരെ നേരത്തെ താമസിച്ചിരുന്ന സ്ഥലത്ത് താമസിക്കാനും പൊലീസ് നിർദ്ദേശിച്ചു.ഇത് പ്രകാരം താമസിനെത്തി ,ദിവസങ്ങൾക്കുള്ളിലാണ് വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിട ഉടമയും മകനും മരുമകനും സ്ഥലത്തെ കണ്ടാലറിയാവുന്ന ക്വട്ടേഷൻ സംഘാംഗങ്ങളും ചേർന്ന് ആക്രമണം നടത്തിയത്.പ്രശാന്ത് വ്യക്തമാക്കി.

തന്നേ ആക്രമിക്കുമ്പോൾ ഇപ്പോഴേ നടക്കു..എന്നാന്നുവച്ചാ ചെയ്യടാ.. എന്നൊക്കെ ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നെന്നും ഇതിന് ശേഷമാണ് ചിലർ ഭാര്യയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ,വിവസ്ത്രയാക്കി ലൈംഗികാത്രിക്രമത്തിന് മുതിർന്നതെന്നും ഇതുകണ്ടപ്പോൾ ഇനി ജീവിച്ചിരിക്കണ്ടാ എന്നുവരെ തോന്നിയെന്നും നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോഴും തങ്ങൾ ജീവിച്ചിരിക്കുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി.സംഭവത്തിൽ കേസെടുത്തിരുന്നെന്നും കെട്ടിട ഉടമയെ എസ് ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ വിട്ടയക്കുകയായിരുന്നെന്നും വരാപ്പുഴ പൊലീസ് അറിയിച്ചു.

രണ്ടാമത്തെ ആക്രമണത്തെക്കുറിച്ചും പ്രശാന്തിന്റെ ആശുപത്രി വാസത്തെക്കുറിച്ചും മറ്റും അറിഞ്ഞിരുന്നെന്നും മൊഴിയെടുക്കാനായി ആശുപത്രിയിൽ ചെന്നെങ്കിലും കണ്ടില്ലന്നും പിന്നീട് പ്രശാന്ത് പൊലീസുമായി സഹകരിക്കാത്തതിനാലാണ് നടപടികൾ വൈകുന്നതെന്നുമാണ് പൊലീസ് വിശദീകരണം.പ്രശാന്തിന്റെയും ഭാര്യയുടെയും വാദം കളവാണെന്നും ഇതിനാലാണ് പൊലീസ് കേസെടുക്കാത്തതെന്നും എതിർഭാഗത്തുള്ള സൂപ്പർമാർക്കറ്റ് ഉടമ ആന്റണി മറുനാടനോട് വ്യക്തമാക്കി.വിവരങ്ങൾ ആരായാൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോഴാണ് ആൻണി ഇക്കാര്യം വ്യക്തമാക്കിയത്.പിന്നാലെ തിരിച്ച് വിളിച്ച് വക്കീലിന് നൽകാനാണെന്നും ഫുൾ അഡ്രസ്സ് നൽകണമെന്നും ആന്റണി ഈ ലേഖകനോട് ആവശ്യപ്പെട്ടു.അഡ്രസ്സ് നൽകേണ്ട ആവശ്യമില്ലന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ മറുതലയ്ക്കൽ നിന്നും അസഭ്യവർഷവും തുടങ്ങിയിരുന്നു.