- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുവിപണിക്കൊപ്പം വില ഉയർന്ന് സപ്ലൈക്കോയും; അരിക്കുൾപ്പടെ വില വർധിച്ചത് 11 ദിവസത്തെ ഇടവേളയിൽ; രൂക്ഷമായ വിലക്കയറ്റത്തിന് ആനുപാതികമായ വർധനയാണ് നിരക്കുകളിലെ മാറ്റമെന്ന് സപ്ലൈക്കോ; വില കൂട്ടിയിട്ടില്ലെന്നും അടിയന്തര ഇടപെടൽ ഉണ്ടാകുന്നുമെന്നും വകുപ്പ് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം:വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനജീവിതം.പച്ചക്കറി വിലക്കൊപ്പം പലവ്യഞ്ജനത്തിനും പൊതുവിപണിയിൽ വില ഉയരുന്നതിന് പിന്നാലെ ഇപ്പോഴിതാ സ്പ്ലൈക്കോയിലും വില ഉയർന്നിരിക്കുകയാണ്,വിലക്കയറ്റത്തിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈക്കോയിൽ കൂടി വില കൂടിയത് ജനങ്ങളെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്.പൊതുവിപണിയിൽ വിലക്കയറ്റം കുതിച്ചുയരവേ അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയിരിക്കുകായണ് സപ്ലൈകോ.
ഈ മാസം ഒന്നിന് പുതുക്കി വില നിശ്ചയിച്ച അരിക്ക് ഉൾപ്പെടെയാണ് 11 ദിവസത്തിനിടെ വീണ്ടും വില വർധിപ്പിച്ചത്. ഉണ്ട മട്ട അരിക്ക് മൂന്ന് രൂപ വർധിപ്പിച്ചപ്പോൾ മുളകിന് 22 രൂപയാണു കൂട്ടിയത്.വിലക്കയറ്റത്തിൽ പൊറുതിമുട്ടി കുടുംബ ബജറ്റിന്റെ താളം തെറ്റിയിരിക്കെയാണ് സപ്ലൈകോയുടെ പകൽകൊള്ള. ഈ മാസം ഒന്നിന്ന് പുതുക്കി വില നിശ്ചയിച്ച പന്ത്രണ്ടിലേറെ നിത്യോപയോഗ സാധനങ്ങൾക്കാണ് വീണ്ടും വില കൂട്ടിയത്. പൊന്നി അരിക്ക് ഏഴ് രൂപ വർധിപ്പിച്ച് 39 രൂപയിലെത്തിച്ചു. ജയ അരിക്ക് 34.50 രൂപയും സുരേഖയ്ക്ക് 35 രൂപയും നൽകണം.
കുറുവ അരിക്ക് രണ്ടര രൂപയാണ് വർധന. മുളകിന് 22 രൂപയുടെ വർധന നിശ്ചയിച്ചതോടെ പുതുക്കിയ വില 134 ആയി ഉയർന്നു. ഈ മാസം ഒന്നിന് 112 രൂപയാണ് മുളകിന് നിശ്ചയിച്ചിരുന്ന വില. മല്ലിക്കും നാല് രൂപ കൂട്ടി. കടുകിന് നാല് രൂപ കൂട്ടിയപ്പോൾ ജീരകത്തിന് കൂട്ടിയത് 14 രൂപ. 84 രൂപയായിരുന്ന വൻപയറിന് 98 രൂപ നൽകണം.
76 രൂപയായിരുന്ന പീസ് പരിപ്പിന് 82 രൂപയും. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 50 പൈസ കൂട്ടി 39 രൂപയാക്കി. രൂക്ഷമായ വിലക്കയറ്റത്തിന് ആനുപാതികമായ വർധനയാണ് നിരക്കുകളിലെ മാറ്റമെന്നും പൊതുവിപണിയെ തട്ടിച്ചുനോക്കുമ്പോൾ വലിയ വ്യത്യാസമുണ്ടെന്നുമാണ് ഇക്കാര്യത്തിൽ സപ്ലൈകോയുടെ ന്യായീകരണം.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി വകുപ്പ് മന്ത്രി ജി ആർ അനിൽ രംഗത്തെത്തി.സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി ആർ അനിൽ. സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. വില വർധനയിൽ സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. 13 സബ്സിഡി സാധനങ്ങൾ 50 ശതമാനം വിലക്കുറവിലാണ് നൽകുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
35 ഇനം അവശ്യ ഇനങ്ങളാണ് പൊതു വിപണിയെക്കാൾ വിലക്കുറവിൽ സപ്ലൈകോ നൽകുന്നത്. 35 ൽ 13 സാധനങ്ങൾക്ക് ഒരു രൂപ പോലും വർധിപ്പിച്ചിട്ടില്ലെന്നും ചില ഉൽപന്നങ്ങൾക്ക് വില വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിൽ സർക്കാർ ഇടപെട്ട് കുറവ് വരുത്തി. വൻപയർ 98 ൽ നിന്ന് 94 ആക്കി. മുളക് 134 ൽ നിന്ന് 126 ആക്കി. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വെളിച്ചെണ്ണ, പച്ചരി, ചെറുപയർ, ഉഴുന്ന് എന്നിവയ്ക്ക് വിലവർധന വരുത്തിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ