കോഴിക്കോട്: മക്കയിൽ കഅ്ബ കഴുകൽ ചടങ്ങിന്റെ ഭാഗമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചേർത്തു നടത്തിയ പ്രചാരണത്തിൽ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയിൽ ചേരിപ്പോര്. അതിനിടെ, കഅ്ബ കഴുകൽ ചടങ്ങിന് സൗദി രാജാവിന്റെ ക്ഷണമുണ്ടെന്ന തരത്തിൽ വന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് ക്ഷമാപണവുമായി സുപ്രഭാതം ദിനപത്രവും രംഗത്തെത്തി.

കഅ്ബ കഴുകൽ ചടങ്ങിന് സൗദി രാജാവിന്റെ ക്ഷണമുണ്ടായതിനേത്തുടർന്ന് ശിഹാബ് തങ്ങൾ യാത്ര തിരിച്ചെന്ന് ഇകെ വിഭാഗം സുന്നികളുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം വാർത്ത നൽകിയിരുന്നു. കഅ്ബ കഴുകൽ ചടങ്ങിൽ തങ്ങൾക്കു പ്രവേശനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രഭാതത്തിൽ വന്ന വാർത്തയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാനേജിങ് എഡിറ്ററുടെ വിശദീകരണം വന്നത്.

കത്തിന്റെ പൂർണരൂപം ഇങ്ങനെ:

''ബഹുമാന്യനായ ഹൈദരലി ശിഹാബ് തങ്ങളുടെ സൗദി യാത്രയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ നടക്കുന്നത് ഖേദകരമാണ്. 'തങ്ങൾ ഉംറയ്ക്ക്' എന്നാണ് സുപ്രഭാതം ആദ്യ ദിവസം വാർത്ത കൊടുത്തത്. ഉംറയ്ക്ക് പോകുന്നത് വാർത്തയല്ലെങ്കിലും തങ്ങൾ നാട്ടിലില്ല എന്ന് സമൂഹത്തെ അറിയിക്കേണ്ട ബാധ്യത ഉണ്ടല്ലോ. ആയിരക്കണക്കിന് ആളുകളാണല്ലോ ദിനംപ്രതി തങ്ങളെ കാണാനെത്തുന്നത്. അവരുടെ പ്രയാസം മനസിലാക്കിയാണ് തങ്ങളുടെ അറിവോടെ ഈ വാർത്ത കൊടുത്തത്. കഅ്ബ കഴുകാൻ സൗദിയിലെത്തിയ തങ്ങൾക്ക് രാജകൊട്ടാരത്തിൽ സ്വീകരണം നൽകിയെന്ന ഒരു സന്ദേശം കെഎംസിസി നേതാവിന്റേതായി വന്നു.

14ന് തങ്ങൾ ഒരുക്കിയ സ്‌നേഹസംഗമം മാറ്റിവച്ചതായും തങ്ങൾ സർക്കാറിന്റെ അതിഥിയതിനാൽ, മറ്റ് പരിപാടികൾ പാടില്ലെന്നും കെഎംസിസി ഹജ്ജ് സെല്ലിന്റെ അറിയിപ്പും വന്നു. ഇതോടൊപ്പം കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ വോയ്‌സ് മെസേജും വന്നു. സർക്കാർ അതിഥിയായി തങ്ങൾ എത്തിയിട്ടുണ്ടെന്നും കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുക്കുന്നതാണെന്നുമുള്ള അഭിമാനകരമായ, സന്തോഷകരമായ അറിയിപ്പ്.

ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ ലേഖകൻ, തങ്ങൾ കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുക്കുന്നതായി വാർത്ത നൽകിയത്. കെഎംസിസി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ അമിതാവേശമാണ് വാർത്ത വരാൻ കാരണം. തങ്ങളെ സ്‌നേഹിക്കുന്ന നമുക്കൊക്കെ ഇത് പ്രയാസമായി.

ഇങ്ങനെ പ്രയാസമുണ്ടായതിൽ ഖേദമുണ്ട്. തങ്ങളുടെ പരിപാടി നിയന്ത്രിക്കുന്ന കെഎംസിസിയുടെ ആധികാരികത പരിഗണിച്ചാണ് വാർത്ത കൊടുത്തത്. ജനറൽ സെക്രട്ടറി കാണിച്ച അമിതാവേശത്തെ കുറ്റപ്പെടുത്തിയും ഖേദപ്രകടനം നടത്തിയും അന്നത്തെ പ്രസിഡന്റ് പിന്നീട് പ്രസ്താവന ഇറക്കിയതും ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ.

നവാസ് പൂനൂർ
മാനേജിങ് എഡിറ്റർ
സുപ്രഭാതം''.

ശിഹാബ് തങ്ങൾക്ക് കഅ്ബ കഴുകാൻ കഴിയാതെ വന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് നവാസ് പൂനൂരിന്റെ ഖേദപ്രകടനം. ഇതിനിടെയാണ് ഇല്ലാത്ത അവകാശവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ ലീഗ് പ്രവാസി സംഘടനയിൽ ചേരിപ്പോര് രൂക്ഷമായത്. കെഎംസിസിയുടെ മെക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിനെതിരെയാണ് എതിർചേരി വിമർശനം ഉന്നയിച്ചത്. കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുക്കുകയാണ് മുജീബ് ചെയ്തത് എന്ന് സംഘടനയുടെ മുൻ പ്രസിഡന്റ് പാലൊളി മുഹമ്മദ് അലി ആരോപിച്ചു. ഒരു വാർത്ത കിട്ടുമ്പോൾ ആധികാരികത ഉറപ്പിച്ച ശേഷമേ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന ഒരാൾ പ്രതികരിക്കാവൂ എന്നും മുഹമ്മദലി വിമർശിച്ചു.

കഅ്ബ ചടങ്ങിലേയ്ക്ക് പാണക്കാട് തങ്ങൾക്ക് ക്ഷണമുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മറ്റു വിശിഷ്ടാതിഥികൾക്കും മാത്രമാണ് ചടങ്ങിലേയ്ക്ക് പ്രവേശനം. തങ്ങൾ സൗദിയിൽ ഉണ്ടായിരുന്ന സമയത്ത് കഅ്ബ ചടങ്ങു നടക്കുന്നതിനാൽ അവിടെ പങ്കെടുക്കാൻ കഴിയുമോ എന്ന ആലോചന നടന്നിരുന്നുവെന്നും എന്നാൽ മറ്റു കാര്യങ്ങൾ പ്രചരിപ്പിച്ചതു പക്വതയില്ലാത്ത നേതൃത്വത്തിന്റെ സമീപനമാണെന്നും മുഹമ്മദ് അലി വിമർശിച്ചു.