ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സിബിഎസ്ഇ, സിഐഎസ്ഇ ബോർഡുകളുടെ തീരുമാനം ഉചിതവും വിവേകപൂർവമായ തീരുമാനമെന്ന് സുപ്രീം കോടതി. വിഷയത്തിൽ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കി. തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ ജസ്റ്റിസ് എ.എം. ഖാൻവിൽകർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തള്ളി. 20 ലക്ഷം വിദ്യാർത്ഥികളുടെ ക്ഷേമം സംരക്ഷിക്കാനാണു തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

'തീരുമാനമെടുത്ത ബോർഡുകൾ സ്വതന്ത്രമാണ്. വിദ്യാർത്ഥികളുടെ പൊതു താൽപര്യം പരിഗണിച്ചാണു പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം അവർ എടുത്തത്' സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളുടെ തീരുമാനത്തിൽ ഇടപെടാൻ ഒരു കാരണവുമില്ല. തീരുമാനം ഉചിതവും വിവേകപൂർവവുമാണ്. എല്ലാ വിദ്യാർത്ഥികളുടെയും ആശങ്കകളും ബോർഡുകൾ പരിഗണിച്ചതായും സുപ്രീം കോടതി അറിയിച്ചു.

മറ്റു പരീക്ഷകൾ നടക്കുന്നതുകൊണ്ടുതന്നെ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതിന് ഒരു കാരണവുമില്ലെന്ന് കാണിച്ച് സ്വകാര്യ സ്‌കൂളിലെ ടീച്ചർ അൻഷുൽ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഐഐടി, എൻഡിഎ തുടങ്ങി മറ്റു സ്ഥാപനങ്ങളുടെയെല്ലാം പരീക്ഷകൾ നടക്കുന്നുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. അതേസമയം, ഈ പരീക്ഷകൾക്കെത്തുന്ന വിദ്യാർത്ഥികളുടെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെയും എണ്ണം എത്രയാണെന്നും വിദ്യാർത്ഥികൾക്കു കോവിഡ് ബാധയുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണോ എന്നും ഹർജിക്കാരോടു കോടതി ചോദിച്ചു.

മൂല്യനിർണയ സമ്പ്രദായത്തെപ്പറ്റി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉയർത്തിയ ആശങ്കകളിൽ സിബിഎസ്ഇ, സിഐഎസ്സിഇ ബോർഡുകൾ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിട്ടുണ്ട്. തർക്കപരിഹാരത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയും ചെയ്തു.