ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർ മാസിമിലിയാനോ ലറ്റോറയ്ക്കും സാൽവറ്റോറെ ജിറോണിനും നാട്ടിൽ തന്നെ തുടരാമെന്ന് സുപ്രീംകോടതി. കടൽക്കൊല കേസ് പ്രതിയായ ഇറ്റാലിയൻ നാവികൻ മാസിമിലാനോ ലാത്തോറെയ്ക്ക് നാട്ടിൽ കഴിയാൻ സാധിക്കും വിധം ജാമ്യവ്യവസ്ഥ പുതുക്കണമെന്ന ഇറ്റലിയുടെ ആവശ്യത്തോട് എതിർപ്പില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ധരിച്ചിരുന്നു. ലാത്തോറെയ്ക്ക് ഇറ്റലിയിൽ കഴിയാനുള്ള അനുമതി ഈ മാസം 30 ന് അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ്.

അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കും വരെ ഇവർക്ക് ഇറ്റലിയിൽ തുടരാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. കേരള തീരത്ത് 2012 ലായിരുന്നു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ച് കൊന്നത്. ജസ്റ്റിസുമാരായ അനിൽ.ആർ.ദവെ, കുര്യൻ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബഞ്ചാണ് അനുമതി നൽകിയത്. അന്താരാഷ്ട്ര കോടതിയിലെ കേസ് നടപടിയുടെ പുരോഗതി സംബന്ധിച്ച് മൂന്ന് മാസം കൂടുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി. ഏത് രാജ്യത്തിനാണ് കേസ് നടത്താനുള്ള അവകാശമെന്നത് സംബന്ധിച്ചാണ് അന്താരരാഷ്ട്ര കോടതി തീർപ്പ് കൽപ്പിക്കുക.

നാവികർക്ക് ഇറ്റലിയിൽ തുടരാൻ അനുമതി നൽകുന്നതിൽ കേരള സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.എൻ.ബാലഗോപാൽ എതിർപ്പ് പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് വേണ്ടി റാണ മുഖർജിയാണ് ഹാജരായത്. അന്താരാഷ്ട്ര ട്രിബ്യൂണലിൽ 2018ലോ 2020ലോ മാത്രമേ ഇത് സംബന്ധിച്ച് തീർപ്പുണ്ടാകൂ എന്നും കേസ് നടപടി നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണിതെന്നും റാണ മുഖർജി ആരോപിച്ചു. ഇരുവരുടേയും പേരിലുള്ള ക്രിമിനൽ വിചാരണ നടപടികൾ സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

ഇറ്റാലിയൻ കപ്പലായ എന്റിക ലെക്‌സിയിലുണ്ടായിരുന്ന നാവികർ 2012 ഫെബ്രുവരി 12നാണ് സെന്റ് ആന്റണി എന്ന ബോട്ടിലുണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികളെയാണ് വെടിവച്ച് കൊന്നത്. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടി വച്ചതെന്നാണ് നാവികർ പറഞ്ഞത്. ബോട്ടുടമ ഫ്രെഡിയുടെ പരാതിയിലാണ് കേസെടുത്തത്.