ന്യൂഡൽഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത ജെഎൻയു വിദ്യാർത്ഥി യൂനിയൻ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കീഴ്‌കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതാണ് കനയ്യക്ക് വിനയായത്. ജാമ്യത്തിനായി ഹൈക്കോടതിയെയോ വിചാരണകോടതിയെയോ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ആദ്യം സമർപ്പിക്കേണ്ടത് വിചാരണ കോടതിയിലാണ്. തള്ളിയാൽ മാത്രം മേൽക്കോടതികളെ സമീപിക്കാം. കീഴ്‌ക്കോടതികളിൽ ഹർജി സമർപ്പിക്കാത്തതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. എല്ലാ കോടതിയിലും സുരക്ഷാപ്രശ്‌നം ഉണ്ടെന്ന ഹരജിയിലെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തനിക്കെതിരേ ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും കേസിൽ അന്തിമ വിധി വരുന്നതുവരെ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കനയ്യ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് കനയ്യ കുമാർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിക്കും. അതേസമയം കനയ്യക്ക് ജാമ്യം നൽകരുതെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്. ഇങ്ങനെ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു.

നേരത്തെ കീഴ്‌ക്കോടതിയിൽ ഹാജരാകുന്നത് ജീവന് ഭീഷണിയാണെന്നുകാണിച്ചുകൊണ്ടാണ് കനയ്യ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ പൊലീസ് നോക്കിനിൽക്കെ കനയ്യ കുമാർ ഒരു വിഭാഗം അഭിഭാഷകരാൽ ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ എല്ലായപ്പോഴും അങ്ങനെ സംഭവിക്കുമെന്ന് കരുതരുതെന്നും സുപ്രീം കോടതി പറഞ്ഞു. കൂടാതെ ജാമ്യത്തിനായി കനയ്യ കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ ശക്തമായ പരാമർശങ്ങളുണ്ടാകുമെന്ന ആശങ്കയിലായിരുന്നു അധികൃതർ. എന്നാൽ കോടതി ഹർജി പരിഗണിക്കാതിരുന്നതോടെ അത് അവർക്ക് ആവേശമാകുകയും ചെയ്തു. സാധാരണ നിലയിൽ വിചാരണക്കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കേണ്ടത്. അവിടെ ജാമ്യം കിട്ടിയില്ലെങ്കിൽ മാത്രമാണ് ഹൈക്കോടതിയിൽ പോകേണ്ടത്. അപ്പോഴും സുപ്രീം കോടതി അവസാന രക്ഷാമാർഗമാണ്. ഇവിടെ, കനയ്യ കുമാർ നേരെ സുപ്രീം കോടതിയെത്തന്നെ സമീപിച്ചിരിക്കുകയാണ്. ഈ അമിതാവാശേമാണ് അദ്ദേഹത്തിന് വിനയായി മാറിയത്.

രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഒരുവിഭാഗം അഭിഭാഷകർ തന്നെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാൻ കനയ്യ കുമാർ തയ്യാറായത്. അടുത്ത സുഹൃത്ത് ഹിമാൻഷു എന്ന ജെഎൻയു വിദ്യാർത്ഥിയാണ് കനയ്യയുടെ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതിയിൽ പോയാൽ നീതിന്യായ വ്യവസ്ഥയുടെ ശരിയായ നിർവഹണം ഉണ്ടായേക്കില്ലെന്ന് ഭയന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വറിന്റെയും അഭയ് എം സാപ്രെയുടെയും ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയാണ് കനയ്യ കുമാറിനുവേണ്ടി ഹാജരായത്. സുപ്രീം കോടതിയുടെ നിർദേശങ്ങളുണ്ടായിട്ടും പട്യാല ഹൗസ് കോടതിയിൽ അനിഷ്ട സംഭവങ്ങളുണ്ടായ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.