ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകൾക്ക് ആശ്വാസകരമായ നിലപാടുമായി സുപ്രീംകോടതി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും റിസർവ് ബാങ്ക് പുതിയ കറൻസികൾ നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ പൊതുമേഖലാ ബാങ്കുകളോടുള്ള അതേ സമീപനം സഹകരണ ബാങ്കുകളോടും പുലർത്തണം. സഹകരണ ബാങ്കുകളിലെ സ്ഥിതി അതീവ ഗുതുരമാണെന്നും കോടതി പറഞ്ഞു.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഇപ്പോൾ ഉത്തരവ് ഇറക്കുന്നില്ല. സർക്കാരിന്റെ നയപരമായ തീരുമാനമായതുകൊണ്ടാണ് ഇതെന്നും കോടതി പറഞ്ഞു. കേസുകൾ ഭരണഘടനാ ബെഞ്ചിന് വിടാനും കോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതിയിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റും. പഴയ നോട്ടുകളുടെ ഉപയോഗത്തിനുള്ള സമയപരിധി നീട്ടുന്നത് കേന്ദ്രസർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

സഹകരണ ബാങ്കുകളിലെ ഇടപാടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പ്രശ്‌നത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങൾ ഗൗരവമേറിയതാണ്. അതുമായി ബന്ധപ്പെട്ട കേസുകളിൽ ഇപ്പോൾ ഉത്തരവിറക്കുന്നില്ലെന്നും സുപ്രീംക്കോടതി പറഞ്ഞു. സർക്കാരിന്റെ നയപരമായ തീരുമാനമായതുകൊണ്ടാണ് ഉത്തരവിറക്കാത്തത്.

കോടതി വിധി പ്രത്യക്ഷത്തിൽ സഹകരണ ബാങ്കുകൾക്ക് സഹായകമാണെന്ന് മന്ത്രി എ സി മൊയ്തീനും പ്രതികരിച്ചു. ജില്ലാ സഹകരണ ബാങ്കുകൾക്ക് പണം നൽകുന്ന കാര്യമാണ് കോടതി പറഞ്ഞതെന്നാണ് കരുതുന്നതെന്നും മൊയ്തീൻ പറഞ്ഞു. ഇന്നലെയും സഹകരണ ബാങ്കുകൾക്ക് ആശ്വസകരമായ നിലപാടാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. നോട്ട് നിരോധനം വന്നതിന് ശേഷം നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാൻ അവസരം നൽകണമെന്നായിരുന്നു ഇന്നലത്തെ കോടതി വിധി.

കേന്ദ്ര സർക്കാരിനേയും കോടതി വിമർശിച്ചിരുന്നു. ആഴ്ചയിൽ 24000 രൂപ കൂടി കൊടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ബാങ്കുകളിൽ പോയിരുന്നു കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കേന്ദ്രം മറുപടി നൽകി. ചിലർക്കു മാത്രം എങ്ങിനെയാണ് ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകൾ കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഒരു നോട്ടിനായി സാധാരണക്കാരൻ നെട്ടോട്ടമോടുമ്പോൾ ചിലർക്ക് മാത്രമായി പുതിയ നോട്ടുകൾ ലഭിക്കുന്നെന്നും കോടതി വിമർശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ ബെഞ്ചാണ് സഹകരണ ബാങ്കുകളുടെ ഹർജി പരിഗണിച്ചത്.