തിരുവനന്തപുരം: ത്രിസ്റ്റാർ ബാറുകളെ ഉമ്മൻ ചാണ്ടി സർക്കാർ നിരോധിച്ചത് മദ്യ നയത്തിന്റെ ഭാഗമായിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായുണ്ടായ ഇഗോയായിരുന്നു ഇതിന് കാരണം. മദ്യലോബിയുടെ വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയ നടപടി. ഇതിൽ നിന്ന് തലയൂരാൻ ബാറുകൾക്ക് ആയില്ല. പലവിധ കോടതികളും കയറി ഇറങ്ങി. എന്നാൽ സർക്കാരുകൾക്ക് പിന്നോക്കം പോകാനായില്ല. അതിനിടെയാണ് പുതിയ പ്രശ്‌നമെത്തിയത്. പാതയോരത്തെ മദ്യശാലകൾ അടച്ചു പൂട്ടുക. ഈ വിധിക്ക് പലവിധ വ്യാഖ്യാനങ്ങളെത്തി. ബാറുകൾ പൂട്ടേണ്ടി വരില്ലെന്നായിരുന്നു പലരും നിർവ്വചിച്ചത്.

എന്നാൽ എല്ലാം മാറ്റി മറിച്ച് സുപ്രീംകോടതി കാര്യങ്ങൾ വിശദീകരിച്ചു. ദേശീയ പാതയോരത്ത് മദ്യം വിളമ്പുന്ന സ്ഥാപനങ്ങൾ ഒന്നും വേണ്ടി. ഇതോടെ വെട്ടിലാകുന്നത് സർക്കാർ കൂടിയാണ്. സുപ്രീംകോടതി വിധിയനുസരിച്ച് ബാറുകൾ അടക്കം മാറ്റണം. എന്നാൽ പുതിയ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചാൽ നാട്ടുകാരുടെ എതിർപ്പെത്തും. ദേശീയ പാതയോരത്ത് നിന്ന് മാറ്റിയ ബിവറേജസ് ഔട്‌ലെറ്റുകൾ പുതിയ സ്ഥലത്ത് തുറക്കാൻ സർക്കാരിന് കഴിയുന്നില്ല. അതിനിടെയാണ് എല്ലാ ബാറുകളും മദ്യശാലകളും പാതയോരത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെടുന്നത്. വലിയ ക്രമസമാധാന പ്രശ്‌നമായി ഇത് മാറും.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൂട്ടിയത് 1825 മദ്യശാലകളാണ്. 557 ബിയർ വൈൻ പാർലറുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള 159 മദ്യവിൽപ്പന കേന്ദ്രങ്ങൾ, 1080 കള്ളുഷാപ്പുകൾ, 18 ക്ലബ്ബുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്ള 11 ബാറുകൾ എന്നിങ്ങനെയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടത്. ബിവറേജസ് കോർപ്പറേഷന്റെ 272 കേന്ദ്രങ്ങളിൽ 180 എണ്ണം മാറ്റണം. 46 എണ്ണം മാറ്റിക്കഴിഞ്ഞു. 134 ഷോപ്പുകൾ നിലവിലുള്ള സ്ഥലത്ത് തുടരാനാകില്ല. ശനിയാഴ്ച മുതൽ 138 ഷോപ്പുകൾ മാത്രമേ പ്രവർത്തിപ്പിക്കാനാകൂ.

കൺസ്യൂമർഫെഡിന് 23 ഷോപ്പുകൾ മാത്രമേ പ്രവർത്തനാനുമതി ലഭിക്കുകയുള്ളൂ. വിധി കൺസ്യൂമർഫെഡിനെ സാരമായി ബാധിക്കില്ലെന്ന് എം.ഡി. എം. രാമനുണ്ണി പറഞ്ഞു. വിധി ബാധകമല്ലാത്ത 10 ഷോപ്പുകളും പുതിയ മാനദണ്ഡപ്രകാരം മാറ്റിയ 13 ഷോപ്പുകളും പ്രവർത്തിപ്പിക്കാം. മാറ്റേണ്ടിയിരുന്ന 29 ഷോപ്പുകളിൽ 27 എണ്ണത്തിന് പുതിയ സ്ഥലത്തേയ്ക്ക് ലൈസൻസ് കിട്ടി. 16 എണ്ണം മാറ്റി. എഴെണ്ണം മാറ്റുന്നതിന് നടപടികൾ തുടരുന്നു. പ്രതിഷേധം കാരണം ആറു സ്ഥലങ്ങളിൽ ഷോപ്പ് തുടങ്ങാനായിട്ടില്ല.

കോടതി വിധി ബാധകമായ മദ്യവിൽപ്പനശാലകൾ പൂട്ടാൻ എക്സൈസിന് നിർദ്ദേശം നൽകിയതായി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ പറഞ്ഞു. പൂട്ടേണ്ട മദ്യശാലകൾക്കു മുന്നിൽ സുരക്ഷ ഏർപ്പെടുത്തും. വിധിപകർപ്പ് കിട്ടിയശേഷം മാത്രമേ നടപടിയുണ്ടാകുകയുള്ളൂ എന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു. ഫലത്തിൽ ത്രി സ്റ്റാർ ബാറുകൾ നിരോധിച്ചപ്പോഴേതിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തെ 75 ശതമാനം മദ്യവിൽപ്പന കേന്ദ്രങ്ങളും പൂട്ടേണ്ടി വരും. ഇതിൽ എത്രയെണ്ണം മാറ്റി സ്ഥാപിക്കാനാകുമെന്നതും സംശയകരമാണ്. അത്രയേറെ പൊതുജന എതിർ്പ്പ് സജീവമാകും.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മദ്യശാലകൾ പൂട്ടേണ്ടിവന്നാൽ കള്ളുഷാപ്പുകൾ ഉൾപ്പെടെ 1700 ലൈസൻസികൾക്കെതിരേ എക്സൈസിന് നടപടി എടുക്കേണ്ടിവരും. പ്രാഥമിക പരിശോധനയിൽ കോടതി വിധി ബാധകമായ സ്ഥാപനങ്ങളാണ് അടയ്ക്കുക. ഇവിടെയുള്ള മദ്യശേഖരം തിട്ടപ്പെടുത്തി മുദ്രവെച്ച് സ്ട്രോങ് റൂമിലേക്ക് മാറ്റണം. ശനിയാഴ്ച ഒന്നാംതീയതി ആയതിനാൽ മദ്യശാലകൾ തുറക്കേണ്ടതില്ല. ഇതിനുള്ളിൽ സർക്കാരിൽനിന്ന് നിർദ്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ.