ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസ് സൃഷ്ടിച്ചത് അമേരിക്ക തന്നെയെന്നും വ്യാജമായി സൃഷ്ടിക്കപ്പെട്ട കേസാണെന്നും വ്യക്തമാകുന്ന സാഹചര്യത്തിൽ കേസന്വേഷിച്ച സിബി മാത്യൂസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിശിത വിമർശനവുമായി സുപ്രീംകോടതി. നമ്പി നാരായണനുള്ള നഷ്ടപരിഹാരം കേസന്വേഷിച്ച ഉദ്യോഗസ്ഥരിൽ നി്ന്ന് ഈടാക്കി നൽകാനും അവർ വീടുവിറ്റിട്ടായാലും ഈ ശാസ്ത്രജ്ഞനുള്ള പണം നൽകട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. കേസിൽ വാദം തുടരുന്നതിനിടെയാണ് കോടതിയുടെ പരാമർശം ഉണ്ടായത്. കേസിൽ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ ശാസ്ത്രജ്ഞൻ നമ്പിനാരായണനെ പ്രതിയാക്കുകയും കരിയർ തന്നെ നശിപ്പിക്കുകയും ചെയ്ത സംഭവം രാജ്യത്തിന് തന്നെ തീരാനഷ്ടമായി പരിണമിക്കുകയായിരുന്നു.

വ്യാജ കേസ് സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി സിബിഐ അന്വേഷണം നടത്തുന്നകാര്യവും കോടതി പരിഗണിക്കുന്നു. ഈ കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണം വേണമെന്ന് ആണ് സിബിഐ നിലപാടറിയിച്ചത്. കേസിൽ ഉച്ചയ്ക്കു ശേഷം വാദം തുടരും. തനിക്ക് വാഗദാനം ചെയ്ത യു.എസ് പൗരത്വം തിരസ്‌കരിച്ചതിനാണ് തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കിയതെന്ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സുപ്രീം കോടതിയിൽ ബോധിപ്പിച്ച്ിരുന്നു. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നൽകിയ കേസിന്റെ വാദം കേൾക്കാനെത്തിയ നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് വിളിപ്പിച്ച് പരാതി കേൾക്കുകയായിരുന്നു. കേസിൽ ഇന്ന് വാദം തുടരുന്നതിനിടെയാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായി പ്രതികരിച്ചത്.

അമേരിക്കൻ പൗരത്വം നൽകി തനിക്ക് നാസയിൽ നിയമനവും വാഗദാനം ചെയ്തിരുന്നു അമേരിക്കയെന്നും ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൃത്യമായ കരുനീക്കങ്ങളിലൂടെ ചാരക്കേസ് സൃഷ്ടിച്ചതെന്നും ആണ് നമ്പിനാരായണൻ കോടതിയെ ബോധിപ്പിക്കുന്നത്. മലയാളത്തിലെ മുൻനിര മാധ്യമങ്ങൾ അക്കാലത്ത് ഇതിനായി കള്ളക്കഥകളും സൃഷ്ടിച്ചു. ചാരസുന്ദരിമാരായ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും നമ്പിനാരായണൻ ഇന്ത്യയുടെ സാങ്കേതിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്നുംമറ്റും കള്ളക്കഥ സൃ്ഷ്ടിച്ചാണ് കേസ് ഒരുക്കിയത്. ഇതിനായി നടന്ന കരുനീക്കത്തിൽ കെ കരുണാകരൻ എന്ന അതികായനായ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പതനവും കേരളം കണ്ടു. അമേരിക്കയുടെ കെണിയിൽ വീണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കമുള്ളവർ നമ്പിനാരായണന് എതിരായ നടപടികളുമായി മുന്നോ്ട്ടുപോയി.

ഐഎസ്ആർഒയിലും കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ച ചാരക്കേസി്്ൽ നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കാൻ നടത്തിയ കരുനീക്കം വിജയിച്ചതോടെ രാജ്യത്തിന് നഷ്ടമായത് ആ മഹാനായ ശാസ്ത്രജ്ഞന്റെ അറിവും കഴിവുകളുമാണ്. തന്റെ സാങ്കേതിക അറിവ് അമേരിക്കയ്ക്ക് അടിയറവയ്ക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച രാജ്യസ്‌നേഹിയെ ആണ് ചാരക്കേസിൽ കുടുക്കി രാജ്യദ്രോഹിയാക്കിയത്. കേസ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുമ്പോഴേക്കും ദശാബ്ദങ്ങൾതന്നെ കഴിഞ്ഞിരുന്നു. അതിനകം നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞൻ കൊടിയ പീഡനങ്ങളും സമൂഹത്തിൽ നിന്നും അധികൃതരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഏറ്റുവാങ്ങി.

നമ്പി നാരായണനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചെന്നും, കേസിന് തെളിവ് ലഭിച്ചില്ലെന്നും സംസ്ഥാന സർക്കാർ ഇപ്പോൾ നമ്പിനാരായണൻ നൽകിയ ഹർജിക്ക് മറുപടിയായി കോടതിയെ ബോധിപ്പിച്ചു. വീണ്ടും അന്വേഷിക്കാമെന്നും ,നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസിൽപ്പെടുത്തിയതിനുള്ള നഷടപരിഹാരം 25 ലക്ഷമായി ഉയർത്തണമെന്ന് കോടതി നേരത്തേ പറഞ്ഞിരുന്നു.

ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്,കെ .കെ. ജോഷ്വാ, എസ് .വിജയൻ എന്നിവർക്കെതിരെയാണ് നമ്പി നാരായണൻ പരാതി നൽകിയത്. സിബി മാത്യൂസിന്റെ അഭിഭാഷകന് അസൗകര്യമുള്ളതിനാൽ കേസ് മാറ്റണമെന്ന അഭ്യർത്ഥന എതിർഭാഗം ഉന്നയിച്ചപ്പോൾ, നമ്പിനാരായണൻ കോടതി ഗാലറിയിൽ ഇരിക്കുന്ന കാര്യം ചീഫ് ജസ്റ്റിസിനെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ അറിയിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ മുന്നിലേക്ക് വിളിപ്പിക്കുകയായിരുന്നു. യു.എസിലെ പ്രിൻസ്‌ടോണിയൻ സർവ്വകലാശാലയിൽ കമ്പസ്റ്റിയൻ ഇൻസ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയിൽ ഫെലോഷിപ്പ് ലഭിച്ചിരുന്നു. സങ്കീർണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗദാനം ചെയ്‌തെങ്കിലും താൻ അത് വേണ്ടെന്നു വച്ച് നാട്ടിലെത്തി. ഐ.എസ്.ആർ.ഒയിൽ ലിക്വിഡ് പ്രൊപ്പൽഷൻ ടെക്‌നിക് വിഭാഗത്തിൽ വികാസ് എൻജിൻ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്ന് അദ്ദേഹം പറഞ്ഞു.

നമ്പിനാരായണന്റെ സാങ്കേതിക മികവ് നന്നായി തിരിച്ചറിഞ്ഞ അമേരിക്ക നാസയ്ക്കുമേൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണം കുതിച്ചുയരുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണ് ചാരക്കേസിന്റെ സൃഷ്ടിയിൽ കലാശിച്ചതെന്ന സൂചനകളാണ് ഇതോടെ ലഭിക്കുന്നത്. ചാരക്കേസ് വന്നതോടെ ഐഎസ്ആർഓയും തളർന്നുപോയി. പിന്നീട് ദശാബ്ദങ്ങൾ പിന്നിട്ട ശേഷമാണ് ഇപ്പോൾ വീണ്ടും ഐഎസ്ആർഒയ്ക്ക് പുനരുജ്ജീവനം ഉണ്ടായിട്ടുള്ളത്. കേസ് അന്വേഷിച്ച മുൻ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.