ന്യൂഡൽഹി: മെഡിക്കൽ പ്രവേശനനത്തിന് ഏകീകൃത പരീക്ഷയായ 'നീറ്റ്' നടപ്പാക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും അഭിപ്രായം തേടി. വ്യാഴാഴ്ച നിലപാട് അറിയിക്കാനാണ് കോടതിയുടെ നിർദ്ദേശം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, നീറ്റ് പരീക്ഷ നടപ്പാക്കാനുള്ള മുൻ ഉത്തരവിൽ അടിയന്തര ഭേദഗതി വേണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. സംസ്ഥാനത്ത് പ്രവേശന പരീക്ഷ നടന്നു കഴിഞ്ഞതിനാൽ ഇക്കൊല്ലം നീറ്റ് നിർബന്ധമാക്കരുതെന്നാണു കേരളം കോടതിയിൽ ആവശ്യപ്പെട്ടത്. സുപ്രീംകോടതി വിധിയെ തുടർന്ന് പരീക്ഷയുടെ സാധുത ഇല്ലാതായതോടെ വിദ്യാർത്ഥികൾ ആശങ്കയിലാണെന്ന് കേരളം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക കണക്കിലെടുത്ത് ഇത്തവണ ഇളവ് അനുവദിക്കണമെന്നും സംസ്ഥാനം കോടതിയിൽ അഭ്യർത്ഥിച്ചു. കേരളത്തെ കൂടാതെ ജമ്മുകാശ്മീർ, കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അസോസിയേഷൻ എന്നിവയാണ് കോടതിയെ സമീപിച്ചത്. ജമ്മു സർക്കാരിനു വേണ്ടി ഗോപാൽ സുബ്രഹ്മണ്യവും കർണാടകയ്ക്കു വേണ്ടി കെ.കെ.വേണുഗോപാലും ഹാജരായി.