- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 കോടി പിഴ അടക്കം വിചാരണ കോടതി ജയലളിതയ്ക്ക് വിധിച്ച ശിക്ഷകൾ എല്ലാം സുപ്രീംകോടതി ശരിവച്ചു; ജയലളിതയുടെ സ്വത്തുക്കൾ വിറ്റ് പണം കണ്ടത്തേണ്ടി വരും; മരണം മൂലം ഒഴിവായത് ജയിൽശിക്ഷ മാത്രം; വിധിക്കെതിരെയുള്ള അപ്പീൽ സാധ്യത വിരളം
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരേയുള്ള സുപ്രീം കോടതിയുടെ വിധി പ്രസ്താവനയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരേയും പരാമർശം. ജയലളിതയ്ക്ക് എതിരയെയുള്ള കുറ്റങ്ങളും സുപ്രീംകോടതി ശരിവച്ചു. കേസിൽ 100 കോടി രൂപയുടെ പിഴയാണ് ജയലളിതയ്ക്ക് വിചാരണകോടതി ചുമത്തിയത്. ഇത് നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജയലളിത മരിച്ചതിനാൽ ശിക്ഷ മാത്രമേ ഒഴിയുന്നുള്ളൂ. ഈ സാഹചര്യത്തിൽ ജയലളിതയുടെ വസ്തുക്കൾ വിറ്റ് പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം. ജയലളിത, ശശികല, ശശികലയുടെ അനന്തരവൻ വി.എൻ. സുധാകരൻ മരുമകൾ ഇളവരശി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ജയലളിതയെ ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതിൽ മൂവരും ഒരുപോലെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. സ്ഥലം വാങ്ങലും വിൽപ്പനയും ജയലളിതയുടെ വസതിയിൽ വച്ചായിരുന്നു നടത്തിയിരുന്നത്. പോയസ് ഗാർഡനിൽനിന്ന് 12 കമ്പനികളുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന വിവരം ജയലളിതയ്ക്ക് അറിയില്ലായിരുന്നെന്ന് വിശ്വസിക്കാനാ

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരേയുള്ള സുപ്രീം കോടതിയുടെ വിധി പ്രസ്താവനയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരേയും പരാമർശം. ജയലളിതയ്ക്ക് എതിരയെയുള്ള കുറ്റങ്ങളും സുപ്രീംകോടതി ശരിവച്ചു. കേസിൽ 100 കോടി രൂപയുടെ പിഴയാണ് ജയലളിതയ്ക്ക് വിചാരണകോടതി ചുമത്തിയത്. ഇത് നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജയലളിത മരിച്ചതിനാൽ ശിക്ഷ മാത്രമേ ഒഴിയുന്നുള്ളൂ. ഈ സാഹചര്യത്തിൽ ജയലളിതയുടെ വസ്തുക്കൾ വിറ്റ് പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം.
ജയലളിത, ശശികല, ശശികലയുടെ അനന്തരവൻ വി.എൻ. സുധാകരൻ മരുമകൾ ഇളവരശി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ജയലളിതയെ ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതിൽ മൂവരും ഒരുപോലെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
സ്ഥലം വാങ്ങലും വിൽപ്പനയും ജയലളിതയുടെ വസതിയിൽ വച്ചായിരുന്നു നടത്തിയിരുന്നത്. പോയസ് ഗാർഡനിൽനിന്ന് 12 കമ്പനികളുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന വിവരം ജയലളിതയ്ക്ക് അറിയില്ലായിരുന്നെന്ന് വിശ്വസിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജയലളിത നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ശശികലയും കുടുംബവും സ്ഥലങ്ങളും മറ്റും വാങ്ങിക്കൂട്ടിയത്. ശശികല നാലര വർഷത്തോളം ജയലളിതയ്ക്കൊപ്പം പോയസ് ഗാർഡനിൽ താമസിച്ചിരുന്നതും അവരെ മുതലെടുക്കാൻ വേണ്ടിയായിരുന്നു.
നീലഗിരി ജില്ലയിൽ കോടനാട് എസ്റ്റേറ്റിൽ ബംഗ്‌ളാവുകളോടുകൂടിയ 898 ഏക്കർ തേയിലത്തോട്ടം. ഇതാണ് ജയയുടെ ഏറ്റവും മുന്തിയ സ്വത്ത്. ഏക്കറിന് ചരുങ്ങിയത് അഞ്ച് കോടി മതിപ്പുള്ളതിനാൽ ഇതിനു മാത്രം 4000 കോടി രൂപയാണ് മതിപ്പു വില. തിരുനൽവേലിയിൽ 1,197 ഏക്കർ, വാലാജപേട്ടയിൽ 200 ഏക്കർ, ഊത്തുക്കോട്ടയിൽ 100 ഏക്കർ, ശിറുതാവൂരിൽ 25 ഏക്കർ, കാഞ്ചിപുരത്ത് 200 ഏക്കർ, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കർ, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരിൽ 100 ഏക്കർ, ഹൈദരാബാദിലെ 14.50 ഏക്കർ മുന്തിരി തോട്ടം.. തീർന്നില്ല, ജയലളിതയുടെയും ബിനാമികളുടെയും പേരിൽ തമിഴ്‌നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി ഇതുപോലെ നിരവധി സ്വത്തുക്കളുണ്ട്.
ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 'വേദനിലയം' വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയിൽ ജയലളിതയും അമ്മയും ചേർന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാർഡനിലെ വസതി വാങ്ങിയത്. 2015ൽ ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ജയലളിത തന്റെ പേരിൽ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷൻ കമീഷനെ ബോധിപ്പിച്ചിരുന്നു. പക്ഷേ ഇതൊന്നുമല്ല മൊത്ത കാൽലക്ഷം കോടിരൂപയുടെയെങ്കിലും ആസ്തി ജയലളിതക്കും ബിനാമികൾക്കും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതെല്ലാം ജയലളിതയുടെ മരണത്തോടെ ശശികലയുടെ കാൽക്കീഴിലെത്തി. സുപ്രീംകോടതി വിധിയോടെ ശശികല അഴിക്കുള്ളിലാകുമ്പോൾ ഇതെല്ലാം മന്നാർഗുഡി മാഫിയയ്ക്കും നഷ്ടമാകും.
ശശികല കണ്ണുവച്ചിരിക്കുന്ന ജയലളിതയുടെ സ്വത്തിൽ ഭൂരിഭാഗവും സർക്കാർ കണ്ടുകെട്ടിയാൽ മാത്രമേ 100 കോടി നഷ്ടപരിഹാരം ഈടാക്കാനാവൂ. പോയസ് ഗാർഡനും മറ്റും സ്മാരകമാക്കാൻ കാവൽ മുഖ്യമന്ത്രിയായ പനീർശെൽവം നടത്തുന്ന നീക്കത്തിന് പുതു തലം നൽകുന്നതാണ് കോടതിയുടെ പരാമർശം. ജയലളിതയുടെ സ്വത്തുക്കൾ ശശികലയ്ക്ക് എത്തുന്നില്ലെന്ന് ഉറപ്പിക്കാൻ കോടതി വിധിയും സഹായിക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്ന് കീഴടങ്ങിയേക്കില്ല. കേസിൽ പുനഃപ്പരിശോധനാ ഹർജി സമർപ്പിക്കാനാണ് ശശികലയുടെ തീരുമാനം. ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് കീഴടങ്ങൽ തൽക്കാലത്തേക്ക് നീട്ടിക്കൊണ്ട് പോകാനാണ് ശശികലയുടെ തീരുമാനമെന്നാണ് വിവരം.
പുനഃപ്പരിശോധന ഹർജി സമർപ്പിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് ശശികലയുടെ നീക്കം. ഇതിന്മേൽ കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നറിഞ്ഞതിന് ശേഷം കീഴടങ്ങാനാണ് ശശികല ശ്രമിക്കുന്നതെന്നാണ് വിവരം. എന്നാൽ വിചാരണക്കോടതിയുടെ വിധിന്യായം പഠിച്ച് സുപ്രീം കോടതി ശിക്ഷ ശരിവച്ചതിനാൽ പുനഃപ്പരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ ക്കാനുള്ള സാധ്യത വിരളമാണ്. ജനതാപാർട്ടി നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. 1996 ജൂൺ 14 നായിരുന്നു ഇത്. അതേവർഷം സപ്തംബർ 18 ന് വിജിലൻസ് ഈ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഈ കേസിലാണ് ഇപ്പോൾ സുപ്രീംകോടതി വിധി വരുന്നത്.
1991 നും 96 നുമിടയിൽ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്. 2001 ൽ ജയലളിത വീണ്ടും മുഖ്യമന്ത്രിയായപ്പോൾ കേസിന്റെ വിചാരണ നിഷ്പക്ഷമായി നടക്കില്ലെന്ന് കാണിച്ച് ഡിഎംകെ നേതാവ് അൻപഴകൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിചാരണ ബംഗളൂരു പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ജയലളിതയ്ക്ക് പുറമേ ഉറ്റതോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, ജയലളിതയുടെ വളർത്തുമകൻ സുധാകരൻ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. 1991 ൽ മുഖ്യമന്ത്രിയാവുന്നതിന് മുൻപ് ജയലളിതയുടെ സ്വത്ത് 2.01 കോടി രൂപ മാത്രമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. മുഖ്യമന്ത്രിയായപ്പോൾ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ജയലളിത സമ്പാദിച്ച സ്വത്തുക്കൾ അനധികൃതമാണെന്നാണ് 1997 ൽ ഡി.എം.കെ. സർക്കാറിന്റെ കാലത്തെടുത്ത കേസിൽ ആരോപിക്കുന്നത്.
തമിഴ്‌നാട്ടിൽ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈയിലുമുള്ള ഫാംഹൗസുകൾ, നീലഗിരിയിലെ തേയിലത്തോട്ടം എന്നിവ സമ്പാദിച്ചതിന് വ്യക്തമായ സാമ്പത്തിക ഉറവിടങ്ങൾ തെളിയിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് 28 കിലോ സ്വർണം, 800 കിലോ വെള്ളി, 10,500 സാരികൾ , 750 ജോഡി ചെരിപ്പുകൾ, 91 വാച്ചുകൾ എന്നിവ വിജിലൻസ് അഴിമതിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതെല്ലാം റിസർവ് ബാങ്കിന്റെ ചെന്നൈയിലെ ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നത്.
രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും തിളക്കമാർന്ന ഘട്ടത്തിലൂടെ കടന്നുപോവുമ്പോഴാണ് ബംഗളൂരു പ്രത്യേക കോടതി വിധിയെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ജയിൽവാസം അനുഭവിക്കുന്നത്. ഇതേ തുടർന്ന് രാജിവയ്ക്കുകയും വിശ്വസ്തനായ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

