ന്യൂഡൽഹി: കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നൽകേണ്ടത്. കീടനാശിനി കമ്പനികളിൽനിന്ന് സർക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. തുക കമ്പനി നൽകിയില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

ഇരകൾക്ക് ആജീവനാന്ത ആരോഗ്യ പരിരക്ഷ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ കമ്പനികൾക്ക് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ടു പോവണമെന്നും നിർദ്ദേശിച്ചു. ഡിവൈഎഫ്ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കീടനാശിനി കമ്പനികളോട് നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയും നഷ്ടപരിഹാരത്തുക അഞ്ചുലക്ഷമായി നിശ്ചയിച്ചത്.