ന്യൂഡൽഹി:മാനഭംഗത്തിനിരയായ പതിമൂന്നുകാരിക്കു ഗർഭച്ഛിദ്രം നടത്താൻ സുപ്രീംകോടതിയുടെ അനുമതി. 31 ആഴ്ച പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാനാണ് അനുമതി നൽകിയത്. കുട്ടിയുടെ ശാരീരികാവസ്ഥയും മാനസികനിലയും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. കുട്ടിയെ നാളെത്തന്നെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും വെള്ളിയാഴ്ച ഭ്രൂണം നീക്കം ചെയ്യാനും നിർദ്ദേശിച്ചു. പതിമൂന്നുകാരിക്ക് എങ്ങനെ അമ്മയാകാൻ സാധിക്കുമെന്നു കോടതി നിരീക്ഷിച്ചു. എന്നാൽ കുട്ടിയുടെ ജീവനിൽ ആശങ്ക രേഖപ്പെടുത്തി ഗർഭച്ഛിദ്രത്തെ കേന്ദ്രസർക്കാർ എതിർത്തു.

ഗർഭഛിദ്രത്തിനു അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജെജെ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയത്.കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നു പെൺകുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാൻ മെഡിക്കൽ ബോർഡിനോട് കോടതി ഉത്തരവിട്ടിരുന്നു.