ന്യൂഡൽഹി: എസ്‌സി-എസ്ടി അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥ ഇളവ് ചെയ്ത വിധി നിയമത്തിന് എതിരല്ലെന്ന് സുപ്രീംകോടതി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന സ്വന്തം വിധി സ്്‌റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. വിധി ആർക്കും എതിരല്ലെന്നും പൊതുതാൽപര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു വിധിയെന്നും കോടതി വ്യക്താമാക്കി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.പുനഃപരിശോധനാ ഹർജി 10 ദിവസത്തിന് ശേഷം പരിഗണിക്കും. ബന്ധപ്പെട്ട കക്ഷികൾക്ക് അവരുടെ വാദങ്ങൾ അന്ന് അവതരിപ്പിക്കാം.

പരാതി ലഭിച്ചാൽ അതിന്മേൽ ഉടൻ നടപടികൾ എടുക്കുന്നത് അസ്വാഭാവിക നടപടിയാണ്. പരാതിയിലെ ആരോപണങ്ങളുടെ വിശ്വാസ്യത പരിശോധിക്കണം. അതിൽ തെറ്റ് എന്താണെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു വിധിയെന്നും ദീപക് മിശ്ര വ്യക്തമാക്കി.വിധി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ വാദിച്ചു.സമരം നടക്കുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാതിരുന്നത് കേന്ദ്രസർക്കാരിന് വൻ തിരിച്ചടിയായി.

എസ് സി- എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരുടെ ബെഞ്ച് പുറത്തിറക്കിയ ചില മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ പ്രകോപിപ്പിച്ചത്.

സുപ്രീം കോടതി നിർദ്ദേശങ്ങൾക്കെതിരെ ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരതബന്ദിൽ നിരവധി അക്രമ സംഭവങ്ങളുണ്ടായിരുന്നു. പലയിടത്തും പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി.ബന്ദുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളിൽ ഇതിനോടകം 12 പേരാണ് മരിച്ചത്. നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ദളിത് സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നാണ് കേന്ദ്രം പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത്. മാർച്ച് 20നായിരുന്നു നിർദ്ദേശങ്ങൾ പുറത്തെത്തിയത്. ഈ നിർദ്ദേശങ്ങൾ ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്ന് കാട്ടിയാണ് സാമൂഹിക നീതി മന്ത്രാലയം ഹർജി സമർപ്പിച്ചത്.