ന്യൂഡൽഹി: ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടു പിടിക്കരുതെന്നു സുപ്രീം കോടതി. സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ല. തിരഞ്ഞെടുപ്പു മതേതരപ്രക്രിയയാണ്. അവിടെ മതത്തിന് ഇടമില്ല. ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീം കോടതി ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു.

പുതിയ ഉത്തരവ് പ്രകാരം മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. തിരഞ്ഞെടുപ്പിൽ മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയെ താഴ്തിക്കെട്ടാനുള്ള ശ്രമവും കുറ്റകരമായിരിക്കും. ഇത്തരം പ്രവർത്തനങ്ങൾ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കും.

ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസിൽ തിരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനൽ കേസ് ചുമത്താനും സാധിക്കുമെന്നും കോടതി വ്യക്തമാക്കി. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തിയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണെന്ന് കോടതി പറഞ്ഞു. ഇതിൽ ഭരണകൂടത്തിന് ഇടപെടാനാകില്ല.

തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തിൽ ഉൾപ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു. ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹർജികൾ കോടതി തീർപ്പാക്കി. തിരഞ്ഞെടുപ്പ് മതേതരമായ ഒരു പ്രക്രിയയാണെന്നും കോടതി വിലയിരുത്തി. രണ്ട് ദശാബ്ദം പഴക്കമുള്ള സുപ്രീംകോടതിയുടെ പ്രസിദ്ധമായ 'ഹിന്ദുത്വ വിധി' പുനഃപരിശോധിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

1995ൽ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഒരു തിരഞ്ഞെടുപ്പുകേസിൽ 'ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്' എന്നു പറഞ്ഞിരുന്നു. തുടർന്ന്, ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ 2014 ഫെബ്രുവരിയിൽ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. ഈ ഹരജികളാണ് ഇപ്പോൾ സുപ്രീം കോടതി തീർപ്പാക്കിയത്.