ന്യൂഡൽഹി : സൗമ്യവധക്കേസിൽ ഒരു സംവാദത്തിന് താൻ സുപ്രീംകോടതിയിൽ ഹാജരാകില്ലെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഭരണഘടന ഇതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയെ വിമർശിച്ച സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാകണമെന്നു പുനഃപരിശോധന ഹർജി പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും ഹർജി പരിഗണിച്ച ബഞ്ച് പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ റദ്ദാക്കിയതിനെതിരെ ഫേസ്‌ബുക്ക് പേജിലാണ് കട്ജു അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് ഹർജിയായി പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്.

സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് കീഴ്‌കോടതി വിധി റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെ പരസ്യമായി വിമർശിച്ച സുപ്രിംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന് സുപ്രിംകോടതി നോട്ടീസയച്ചിരുന്നു. കോടതിയിൽ നേരിട്ട് ഹാജരാകാനാണ് മാർക്കണ്ഡേയ കട്ജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഹർജിയായി പരിഗണിച്ചാണ് പരമോന്നത കോടതിയുടെ നടപടി. ഇത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ദീപാവലിക്ക് ശേഷം കട്ജുവുമായി സംവാദമാകാമെന്നും ഹർജി പരിഗണിച്ച ബഞ്ച് പറഞ്ഞു. അടുത്തമാസം 11ന് കേസ് പരിഗണിക്കുമ്പോൾ കട്ജുവിനോട് നേരിട്ട് കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. ഇതിനില്ലെന്നാണ് കട്ജു വ്യക്തമാക്കുന്നത്.

കട്ജുവിന് നോട്ടീസ് നൽകിയതോടെ സൗമ്യക്കേസിൽ പുതു പ്രതീക്ഷ വന്നിരുന്നു. അടുത്തമാസം 11ന് കേസ് പരിഗണിക്കുമ്പോൾ കട്ജുവിനോട് നേരിട്ട് കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. സൗമ്യ വധക്കേസിൽ സുപ്രിംകോടതിക്ക് ഗുരുതര പിഴവ് പറ്റിയെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്. ഗോവിന്ദച്ചാമിക്കുമേൽ കൊലക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടായിട്ടും സുപ്രിംകോടതി അത് പരിഗണിച്ചില്ല. വിധിപ്പകർപ്പ് പൂർണമായും വായിച്ചാണ് താനീ അഭിപ്രായം പറയുന്നതെന്നും ബ്ലോഗിൽ എഴുതിയ കുറിപ്പിലും മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലും കട്ജു പറഞ്ഞിരുന്നു. വിശദമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധി കൃത്യമായി അവലോകനം ചെയ്യാതെ ഏതാനും പേജുകളിൽ വിധി പുറപ്പെടുവിക്കാൻ സുപ്രിംകോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് കട്ജു ചോദിച്ചു. ഹൈക്കോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്. കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായവ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രിംകോടതി നൽകിയത്.

അതേസമയം സംസ്ഥാന സർക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേശും നൽകിയ പുനഃപരിശോധന ഹർജി അടുത്തമാസം 11 ലേക്ക് മാറ്റി. കട്ജുവിന്റെ നിലപാട് കൂടി മനസ്സിലാക്കുന്നതിനായിരുന്നു ഇത്.