ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കു സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 27 വരെ രാഷ്ട്രപതിഭരണം നിലനിൽക്കും.

അതുവരെ രാഷ്ട്രപതിഭരണം പിൻവലിച്ചു പുതിയ സർക്കാരിനെ നിയമിക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 26നകം കക്ഷികൾക്കു വിധിപ്പകർപ്പു നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിനു തിരിച്ചടിയായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം. എന്നാിൽ ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണു രാഷ്ട്രപതിഭരണം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തീരുമാനിച്ചത്.

നേരത്തെ, പ്രസിഡന്റിനും തെറ്റുപറ്റാമെന്നും രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനം അനുവദിച്ചാൽ എല്ലാ സംസ്ഥാനങ്ങളിലും തോന്നുംപോലെ കേന്ദ്രം രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ ഗവർണറുടെ ഇരട്ടത്താപ്പിനേയും കോടതി രൂക്ഷമായി വിമർശിച്ചു. ഏപ്രിൽ 29ന് വിശ്വാസ വോട്ടെടുപ്പ് നടത്താനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഉത്തരാഖണ്ഡിൽ 356ാം വകുപ്പ് പ്രയോഗിച്ചത് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വിലയിരുത്തി. മാർച്ച് 27നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ട സാഹര്യം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ചാണ് ഉത്തരവിറക്കിയത്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിരവധി തവണ കേന്ദ്രത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

നിയമസഭ ചേർന്നു ഹരീഷ് റാവത്ത് സർക്കാർ വിശ്വാസവോട്ടു തേടാനിരിക്കേയാണു തലേന്നു രാത്രി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. രാത്രി വളരെ വൈകി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചുകൂട്ടുകയും രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുകയുമായിരുന്നു.