കൊച്ചി: സറ്റേകൊടുത്ത് കേസുകൾ നീട്ടിക്കൊണ്ടു പോകുന്ന പ്രവണതയ്ക്ക് സുപ്രീംകോടതി അടിവരയിട്ടു. ഇതോടെ സ്‌റ്റേയുടെ ബലത്തിൽ നീണ്ടുപോയ അനേകം കേസുകൾ വീണ്ടും ലൈവായി. അകാരണമായി നീണ്ടു പോയ അനേകം കേസുകളുടെ സ്‌റ്റേയാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഒറ്റയടിക്ക് നീക്കിയത്. സിവിൽ ക്രിമിനൽ കേസുകളടക്കം നിരവധി കേസുകളാണ് ഇത്തരത്തിൽ സ്‌റ്റേമൂലം വർഷങ്ങളായി തീരുമാനം ആകാതെ കിടക്കുന്നത്.

സ്റ്റേയുടെ പേരിൽ സിവിൽ, ക്രിമിനൽ കേസുകളിലെ വിചാരണ ദീർഘകാലം മരവിപ്പിക്കാനാവില്ലെന്നു 2018 മാർച്ച് 28നു സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി വന്ന് ആറുമാസം തികയുന്ന ദിവസം രാജ്യത്തെ സ്റ്റേകളെല്ലാം കാലഹരണപ്പെടുമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വർഷങ്ങളായി മുടങ്ങി കിടന്ന അഴിമതി കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളടക്കം വീണ്ടും ലൈവായത്.

വിചാരണ ഘട്ടത്തിലുള്ള കേസുകൾ അനാവശ്യമായി വൈകുന്നുണ്ടോയെന്ന് ഹൈക്കോടതികൾ നിരീക്ഷിക്കണമെന്നും കേസുകൾ തീർപ്പാക്കുന്നത് ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്നും വിധിയിലുണ്ടായിരുന്നു. തുടർന്ന്, ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതികൾ കീഴ്‌ക്കോടതികളിലേക്കു സർക്കുലർ അയച്ചിരുന്നു. വർഷങ്ങൾ പഴക്കമുള്ള നിരവധി കേസുകളാണ് സ്റ്റേയിൽ കുടുങ്ങി വിധി തീർപ്പാകാതെ കിടക്കുന്നത്. ഇതിനെല്ലാം വൈകാതെ പരിഹാരം ആകും.

2010ലെ കണക്ക് പ്രകാരം രാജ്യത്ത് സ്റ്റേ നിലവിലുള്ള 9% കേസുകൾ 20 വർഷത്തിലെറെയായതും 21% പത്തുവർഷത്തിലേറെയായതുമാണ്; ശരാശരി സ്റ്റേ കാലാവധി ഏഴു വർഷം! സ്റ്റേ ഒഴിവായാൽപോലും, ആ വിവരം കീഴ്‌ക്കോടതികളിൽ അറിയാത്തതിനാൽ നടപടി തുടരാത്ത സാഹചര്യമുണ്ടെന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്തു ഭാവിയിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ആറു മാസമാകുമ്പോൾ കാലഹരണപ്പെടുമെന്നും അതൊഴിവാക്കണമെങ്കിൽ സ്റ്റേ നീട്ടൽ ഉത്തരവു വാങ്ങണമെന്നുമാണു സുപ്രീം കോടതി വിധി.

സ്റ്റേ ഉത്തരവു ഹാജരാക്കുമ്പോൾ, വിചാരണക്കോടതികൾ ആറുമാസം പൂർത്തിയാകുന്ന തീയതിയിലേക്കു കേസ് പോസ്റ്റ് ചെയ്യുകയും അതിനകം സ്റ്റേ നീട്ടിയ ഉത്തരവ് ഹാജരാക്കിയില്ലെങ്കിൽ നടപടി ആരംഭിക്കുകയും വേണമെന്നാണു നിർദ്ദേശം. ഇതോടെ ഇന്ന് മുതൽ വർഷങ്ങൾ പഴക്കമുള്ള പലകേസുകളുമാണ് കോടതികളിൽ പൊടിതട്ടി എടുക്കുന്നത്.