ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിനായി ഹിന്ദുസംഘടനകൾ വീണ്ടും മുറവിളി തുടങ്ങിയ പശ്ചാത്തലത്തിൽ കേസ് ജനുവരി നാലിന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ ഉടൻ വാദം കേൾക്കണമെന്ന പൊതുതാൽപര്യഹർജിയും ചീഫ് ജസ്റ്റീസിന്റെ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവർ കേസിൽ വാദം കേൾക്കാനായി മൂന്നംഗ ബെഞ്ചിനെ നിയോഗിക്കാനാണു സാധ്യത. പെട്ടെന്ന് വിധി വരാനായി ഭൂമി തർക്ക കേസിലെ വാദം ഓരോ ദിവസവും തുടർച്ചയായി കേൾക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകർ പ്രതികരിച്ചു.

കേസ് ഉടൻ പരിഗണിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം ഒക്ടോബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. 100 വർഷത്തോളം പഴക്കമുള്ള തർക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യുപി സർക്കാർ വാദം. ഇതിനു പിന്നാലെ രാമക്ഷേത്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകളിൽനിന്നും ആവശ്യവും ഉയർന്നു. ബിജെപിക്കുള്ളിലും ക്ഷേത്ര നിർമ്മാണത്തിനായി ഓർഡിനൻസ് വേണമെന്ന് ആവശ്യമുയർന്നിരുന്നു. തർക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, റാം ലല്ല എന്നിവയ്ക്കായി ഭൂമി മൂന്നായി തിരിക്കണമെന്നായിരുന്നു കോടതി വിധി.

അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു നൽകിയ വിധിക്കെതിരെയുള്ള അപ്പീലുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കുന്നതാവും ഉചിതമെന്ന് സുന്നി വഖഫ് ബോർഡ്, ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി തുടങ്ങിയവയ്ക്കുവേണ്ടി കപിൽ സിബലും ദുഷ്യന്ത് ദവെയും മറ്റും കഴിഞ്ഞ ഡിസംബറിൽ ബോധിപ്പിച്ചിരുന്നു. ഈ ആവശ്യം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.