ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് ദിലീപിന് നൽകുന്നതിന്റെ നിയമവശം പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം. തെളിവുകൾ ലഭിക്കാൻ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ, അതു രേഖയല്ല തൊണ്ടി മുതലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. എന്തുതരം തെളിവായാണു പൊലീസ് ദൃശ്യങ്ങൾ സമർപ്പിച്ചതെന്നും കോടതി പരിശോധിക്കും. കേസിലെ നിർണായക തെളിവാണ് മെമ്മറി കാർഡ്. നേരത്തേ ഈയാവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഐടി ആക്ട് അടക്കമുള്ള നിയമങ്ങൾ പ്രകാരം മെമ്മറി കാർഡ് ലഭിക്കാൻ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. നടി ആക്രമിക്കപ്പെട്ടപ്പോൾ കേസിലെ ഒന്നാംപ്രതി പൾസർ സുനി മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എഡിറ്റിങ് നടത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളത്. ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നത് മായ്ച്ചുകളഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണ്. പ്രതിയെന്ന നിലയിൽ തെളിവ് പരിശോധിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.

കേസിൽ ഡിസംബർ 11 ന് വാദം കേൾക്കും. നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്. മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ താൻ നിരപരാധിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാർഡ് കിട്ടിയാൽ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി വാദിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്ന് മുകുൾ റോഹ്തഗി വാദിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് എങ്ങനെ നൽകാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ-മെയിൽ ആണെങ്കിൽ പ്രിന്റ് എടുക്കാം. ദൃശ്യങ്ങൾ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. സിആർപിസി 207 പ്രകാരം മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് റോഹ്തഗി മറുപടി നൽകി. മെമ്മറികാർഡ് രേഖയല്ല, അത് പുറത്തുവിട്ടാൽ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെൻസിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോൾ നൽകാൻ ആകില്ലെന്ന ഹൈക്കോടതി തീർപ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. മെമ്മറി കാർഡ് മെറ്റീരിയൽ ആയാണ് പരിഗണിച്ചതെന്നും അതിനാൽ അത് നൽകാൻ ആകില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നൽകാൻ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കൗൺസൽ ജി.പ്രകാശ്, മുതിർന്ന അഭിഭാഷകൻ ഹരേന് പി റാവൽ എന്നിവരാണ് ഹാജരായത്. ഇതോടെയാണ് മെമ്മറി കാർഡ് കേസിൽ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാൻ കോടതി തീരുമാനിച്ചത്. തീരുമാനം. ഐടി. നിയമം അടക്കം പ്രതിക്ക് മെമ്മറികാർഡിന്റെ പകർപ്പ് നൽകാൻ സാധിക്കുമോയെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ ഡിസംബർ 11 വാദം കേൾക്കും.