ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനപ്പരിശോധന ഹർജികളിൽ തുടർവാദം കേൾക്കണോ എന്ന് ഇന്ന് സുപ്രീംകോടതി തീരുമാനിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള അനേക ലക്ഷം വരുന്ന അയ്യപ്പഭക്തർ ആകാംക്ഷയോടെ സുപ്രീംകോടതിയുടെ തീരുമാനം എന്താകുമെന്ന് അറിയാൻ കാത്തിരിക്കയാണ്. ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള 49 പുനപ്പരിശോധനാ ഹർജികളാണ് ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞു 3ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ പരിഗണിക്കും.

യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന 3 റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് രാവിലെ പരിഗണിക്കും. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.

49 ഹർജികളാണ് വിധധിക്കെതിരെ കോടതിയിൽ ഉള്ളത്. ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബി. രാധാകൃഷ്ണ മേനോൻ എന്നിവരുൾപ്പെടെ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 20 വ്യക്തികളും എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുൾപ്പെടെ 29 സംഘടനകളുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്. ചെന്നൈ സ്വദേശി ജി. വിജയകുമാർ, വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ എസ്. ജയരാജ് കുമാർ, ഷൈലജ വിജയൻ എന്നിവരുടെ റിട്ട് ഹർജികളാണ് പരിഗണിക്കുക. ജയരാജ് കുമാറിന്റെ ഹർജിയിൽ കേന്ദ്രസർക്കാരും മറ്റു രണ്ടിലും സംസ്ഥാന സർക്കാരുമാണ് ഒന്നാം എതിർകക്ഷി.

കോടതിയിൽ ഇന്നു സംഭവിക്കുന്ന കാര്യങ്ങൾ നിർണായകമാണ്. ചേംബറിൽ വെച്ചുതന്നെ ഹർജികൾ തള്ളാനോ തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാർക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയിൽ കേൾക്കുക. അങ്ങനെയെങ്കിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയിൽ കേൾക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയിൽ കേൾക്കാതെ വിധിയിൽ മാറ്റംവരുത്താനാകില്ല.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, റോഹിങ്ടൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിശോധിക്കുക. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ചേംബറിൽ പ്രവേശനമുണ്ടാവില്ല. കേസിൽ നേരത്തേ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് സ്ത്രീപ്രവേശത്തിന് എതിരായ വിധിയെഴുതിയത്. അതുകൊണ്ട് ഇവരുടെ മുൻനിലപാടിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.

ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ നാല് റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് കേൾക്കുന്നത്. റിട്ട് ഹർജിയിൽ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകൾ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹർജികൾ തള്ളുന്നില്ലെങ്കിൽ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം.

പുനഃപരിശോധനാ ഹർജികളുടെ സാധ്യതകൾ ഇങ്ങനെ

ഇപ്പോഴത്തെ സാഹചര്യത്തിൽ ഹർജികൾ ചേംബറിൽ വെച്ചുതന്നെ തള്ളാനും സാധ്യതയുണ്ട്. ഹർജികളിൽ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാൽ മാത്രം തുറന്നകോടതിയിൽ വാദം കേൾക്കാനായി മാറ്റിവെക്കാം. തുറന്ന കോടതിയിൽ വാദം കേൾക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല. അതുകൊണ്ട് അതുവരെ കോടതി വിധി നിലനിൽക്കും

റിട്ട് ഹർജിയിലെ വിധിക്കെതിരായ ഹർജികളായതിനാൽ തള്ളാം. പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കേൾക്കാൻ തീരുമാനിക്കാം. അതിനാൽ, പുനഃപരിശോധനാ ഹർജികൾക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാൽ, വിശാല ബെഞ്ചിന് വിടാം. ഭരണഘടനാബെഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹർജി സാധ്യമല്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്. 3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നൽകണം.

അതിനിടെ വിധിക്കായി കേരളം കാതോർക്കുമ്പോൾ ശബരിമല ക്ഷേത്രത്തിന്റെ മത, ആചാര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭക്തരുടെ സുരക്ഷ സർക്കാരിന്റെയും പൊലീസിന്റെയും ബാധ്യതയാണ്. ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന 1050 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ചില പാർട്ടികൾ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

1050 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ തടസപ്പെടുത്തുന്നതു നിയമവിരുദ്ധമാണ്. യഥാർഥ ഭക്തരെ പൊലീസ് തടയില്ല. എന്നാൽ പ്രശ്‌നമുണ്ടാക്കാൻ ലക്ഷ്യമിട്ടെത്തിയാൽ പൊലീസ് ഇടപെടും. ക്രമസമാധാനപാലത്തിനും ഭക്തരായ സ്ത്രീകളുടെ സുരക്ഷയ്ക്കും പൊലീസിനു ബാധ്യതയുണ്ട് സർക്കാർ വിശദീകരിച്ചു.