ന്യൂഡൽഹി: രാജ്യത്ത് ബിജെപി അപകടത്തിലാക്കിയത് ഒരേയൊരു യുവാവിന്റെ ഭാവി മാത്രമെന്ന് ബിജെപി വക്താവ് സമ്പിത് പത്ര. നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നുമുള്ള കോൺഗ്രസ് ആരോപണങ്ങളിൽ പ്രതികരിക്കവെയായിരുന്നു പത്രയുടെ പരാമർശം.

കോൺഗ്രസിന് ഭയം ഒരേയൊരു യുവാവിന്റെ ഭാവിയെ കുറിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി അധ്യക്ഷനാകുമെന്ന വാർത്തയെയും അദ്ദേഹം പരിഹസിച്ചു.

ജനാധിപത്യം എന്താണെന്ന് കോൺഗ്രസിന് അറിയില്ലെന്നും അമ്മ പോയാൽ മകനെന്ന നിലപാട് വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ കുടുംബധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ചൊവ്വാഴ്ചത്തെ പ്രവർത്തകസമിതി യോഗം ചർച്ചചെയ്‌തോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം. രാഹുൽ സ്ഥാനമേൽക്കുന്നത് പ്രത്യേകമായി ചർച്ചചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ നവംബറിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അംഗങ്ങൾ ഒറ്റക്കെട്ടായി രാഹുൽ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുകയെന്നാണ് രാഹുലും ആഗ്രഹിക്കുന്നത്
1998 മുതൽ 19 വർഷമായി സോണിയയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്.