ന്യൂഡൽഹി: കെ.എം ഷാജി എംഎൽഎയ്ക്ക് ആശ്വസമായി സുപ്രീം കോടതി വിധി. എംഎൽഎയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. ഷാജിയുടെ അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത കൽപിച്ച് ഹൈക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ ഉപാധികളോടെ സുപ്രീം കോടതി സ്‌റ്റേ ചെയതിരിക്കുന്നത്.

ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. എന്നാൽ ശമ്പളവും ആനുകൂല്യങ്ങളും പറ്റരുത്. നിയമസഭയിൽ വോട്ടവകാശവും ഇല്ല. ഷാജി നൽകിയ അപ്പീൽ പരിഗണിച്ചാണ് സ്റ്റേ. ഹർജിയിൽ എം.വി നികേഷ് കുമാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി അന്തിമവാദത്തിനായി ജനുവരിയിൽ സുപ്രീം കോടതി പരിഗണിക്കും.

 മതത്തിന്റെ പേരിൽ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിനാണു എംഎൽഎയെ അയോഗ്യനാക്കാൻ കാരണമായത്. ഷാജിയുടെ എതിർസ്ഥാനാർത്ഥിയും സിപിഎമ്മിലെ എം വി നികേഷ്‌കുമാറിന്റെ ഹർജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ ബെഞ്ച് അദ്ദേഹത്തെ അയോഗ്യനായി വിധിച്ചത്. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. എന്നാൽ ഷാജി നികേഷിന് കോടതി ചെലവായ 50,000 രൂപ നൽകണമെന്നും നേരത്തെ അറിയിച്ചിരുന്നു.

ഷാജിയും നികേഷും നേർക്കു നേർ പോരാടിയ 2016 ലെ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. മുസ്ലിം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു ആവശ്യപ്പെടുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി.തെളിവുകൾ മൊത്തത്തിൽ പരിഗണിച്ചാൽ, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തെന്നും മുസ്ലിം അല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർത്ഥിച്ചെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തിയിരുന്നു.

ജയിച്ച സ്ഥാനാർത്ഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകൾ തനിക്കു ഭൂരിപക്ഷമാകേണ്ടതാണെന്നു സ്ഥാപിക്കാനാവാത്തതിനാൽ നികേഷിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി. പല സ്ഥാനാർത്ഥികൾ മൽസരിക്കുമ്പോൾ ഒരാളുടെ അയോഗ്യത തനിക്കു വിജയമൊരുക്കുമെന്നു ഹർജിക്കാരനു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി.