ഇന്ത്യൻ ഭരണഘടനയുടെ വിശുദ്ധി സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ വിധിയുടെ അന്തസ് കാത്ത് സൂക്ഷിക്കുന്നതിനും അഹോരാത്രം കഷ്ടപ്പെടുകയും യാതന അനുഭവിക്കുകയും ചെയ്യുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് പാർലമെന്ററി ജനാധിപത്യത്തോട് പുച്ഛമാണെന്നും അവർക്കിത് താൽകാലികമായ ഇടവേളയാണ് എന്നുമൊക്കെ വിമർശിക്കുന്നവർ കണ്ട് പഠിക്കേണ്ടതാണ് സാക്ഷാൽ ദേശീയ വാദികളായ ബിജെപി സംസ്ഥാനങ്ങളെക്കാൾ വലിയ കൂറ് ഇന്ത്യൻ ഫെഡറലിസത്തോടും ഇന്ത്യൻ ഭരണഘടനയോടും ഇന്ത്യൻ നീതി പീഠങ്ങളോടും നമ്മുടെ സർക്കാർ കാണിക്കുന്നത്.

നിർഭാഗ്യവശാൽ സുപ്രീം കോടതിയുടെ താഴെയുള്ള ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് മാത്രം നമ്മുടെ സർക്കാരിന്റെ ഈ പ്രതിബദ്ധതയും ഭരണഘടനയോടുള്ള കൂറും മനസിലാകുന്നില്ല. സുപ്രീം കോടതി പറഞ്ഞത് നടപ്പിലാക്കുന്നതിന് വേണ്ടി കീശയിലുള്ള വോട്ട് നഷ്ടപ്പെടുത്തിയും കഷ്ടപ്പെടുന്ന സംസ്ഥാന സർക്കാരിനെ ഹൈക്കോടതി എടുത്തിട്ട് കുടഞ്ഞിരിക്കുകയാണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ ചവിട്ടിക്കൂട്ടി വെയ്സ്റ്റ് കുട്ടയിൽ എറിഞ്ഞിരിക്കുകയാണ്. കോടതി ചോദിക്കുന്നു സ്വാമിയേ ശരണമയ്യപ്പാ എന്ന് പറഞ്ഞാൽ അതെങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന്. കോടതി ചോദിക്കുന്നു നിങ്ങൾ എന്തിനാണ് ഭക്തർ കൂടുന്നിടത്ത് 144 പ്രഖ്യാപിച്ചത് എന്ന്.

കോടതി ചോദിക്കുന്നു സന്നിധാനത്തിരുന്ന് നാമം ചൊല്ലുന്നവരെ നിങ്ങളെന്തിനാണ് അടിച്ചോടിച്ചത് എന്ന്. കോടതി ചോദിക്കുന്നു അവിടത്തെ കടകൾ അടച്ച ശേഷം താക്കോൽ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കണമെന്ന് എന്തിന് പറഞ്ഞു എന്ന്. കോടതി ചോദിക്കുന്നു അന്നദാനമെന്ന മഹത്തായ കർമ്മത്തിന് മുകളിൽ നിങ്ങൾ എന്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന്. കോടതി ചോദിക്കുന്നു ഭക്തർ കയറിചെല്ലാതെ ബാരിക്കേഡുകൾ കെട്ടി അകറ്റി നിറുത്താൻ നിങ്ങൽ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന്. കോടതി ചോദിക്കുന്നു കെഎസ്ആർടിസി എന്ന സർക്കാർ ബസ് സർവീസ് എന്തുകൊണ്ടാണ് തോന്നിയതു പോലെ സർവീസ് നടത്തുന്നത് എന്ന്. ഇതിനൊക്കെ ഉത്തരം പറയേണ്ട ഏജി ബബബ വച്ചപ്പോൾ കോടതി ചോദിക്കുകയാണ് ഇതിന് മുൻപ് ഈ കോടതി ഇവരുടെ വിധികളിൽ ഏതെങ്കിലും താങ്കൾ അറിഞ്ഞിരുന്നോ എന്ന്. ഏജിക്ക് ഉത്തരമില്ല. സർക്കാരിന് ഉത്തരമില്ല. പൊലീസിന് ഉത്തരമില്ല.

ശരണം വിളി കേട്ടാൽ അവർക്ക് ഗുണ്ടകളുടെ ചിന്നംവിളിയാണ്. അതുകൊണ്ട് തന്നെ കോടതി ചോദിച്ചാലൊന്നും അവർക്ക് മനസിലാവുകയില്ല. എന്ന് മാത്രമല്ല സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എന്ത് ഹൈക്കോടതി. ഒരു പടികൂടി കടന്ന് കോടതി ചോദിക്കുകയാണ് ഞങ്ങളുടെ ഒരു സഹപ്രവർത്തകൻ ഭഗവാനെ കാണുന്നതിന് വേണ്ടി പോയപ്പോൾ നിങ്ങൾ എന്തിനാണ് തടഞ്ഞത് എന്ന്. നിങ്ങൾ എന്തിനാണ് അനാവശ്യമായി പരിശോധന നടത്തിയത് എന്ന്. നിങ്ങൾ എന്തിനാണ് വണ്ടിയുടെ പുറത്തിറക്കി അപമാനിച്ചത് എന്ന്. ഒരു ഹൈക്കോടതി ജഡ്ജിയുടെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണ അയ്യപ്പ ഭക്തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കോടതിക്ക് കഴിയുന്നു. അങ്ങനെ അപമാനിച്ച ഐപിഎസ് ഓഫീസറെ വെറുതേ വിട്ടത് ആ ജഡ്ജിയുടെ മഹാ മനസ്‌കത കൊണ്ടാണെന്നും കോടതി പറയുന്നു.