ന്യൂഡൽഹി: അഴിക്കോട് എംഎൽഎ കെ.എം ഷാജിക്ക് നിയമസഭയിലെത്താമെന്ന് സുപ്രീം കോടതി. സ്‌റ്റേ ഓർഡറിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്‌ച്ചയാണ് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് അവസാനിക്കുന്നത്. നിയമസഭയിലെത്താമെങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയില്ല.

മതത്തിന്റെ പേരിൽ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിനാണു എംഎൽഎയെ അയോഗ്യനാക്കാൻ കാരണമായത്. എന്നാൽ വിധി നടപ്പാക്കൽ ഇതേ ബെഞ്ച് തന്നെ സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയിൽ അപ്പീലിന് അവസരം നൽകാനാണിത്. ഷാജിയുടെ എതിർസ്ഥാനാർത്ഥിയും സിപിഎമ്മിലെ എം വി നികേഷ്‌കുമാറിന്റെ ഹർജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. എന്നാൽ ഷാജി നികേഷിന് കോടതി ചെലവായ 50,000 രൂപ നൽകണം.

ഷാജിയും നികേഷും നേർക്ക് നേർ പോരാടിയ 2016 ലെ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. മുസ്ലിം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു ആവശ്യപ്പെടുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി.

തെളിവുകൾ മൊത്തത്തിൽ പരിഗണിച്ചാൽ, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്‌തെന്നും മുസ്ലിം അല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർത്ഥിച്ചെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തി.

ജയിച്ച സ്ഥാനാർത്ഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകൾ തനിക്കു ഭൂരിപക്ഷമാകേണ്ടതാണെന്നു സ്ഥാപിക്കാനാവാത്തതിനാൽ നികേഷിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി. പല സ്ഥാനാർത്ഥികൾ മൽസരിക്കുമ്പോൾ ഒരാളുടെ അയോഗ്യത തനിക്കു വിജയമൊരുക്കുമെന്നു ഹർജിക്കാരനു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി.