തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിവാദം തുടരുന്നു. കോടതി നിരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണു വാദപ്രതിവാദം നടത്തുന്നത്.

സോഷ്യൽ മീഡിയയും വിവാദത്തിൽ പങ്കുചേരുന്നുണ്ട്. ആർത്തവം അശുദ്ധിയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാൻ ഒരു സുപ്രീംകോടതിക്കും കഴിയില്ലെന്നാണ് മാദ്ധ്യമപ്രവർത്തക ശ്രീകല തന്റെ ഫേസ്‌ബുക്കിൽ പേജിൽ പറയുന്നത്.

ഒരു ദേവപ്രശ്‌നം സുപ്രീംകോടതി തന്നെ നടത്താനുള്ള സമയം ആയിക്കഴിഞ്ഞുവെന്നും ശ്രീകല പറയുന്നു. ആർത്തവം അശുദ്ധിയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാൻ ഒരു സുപ്രീംകോടതിക്കും കഴിയില്ലെന്നാണ് മാദ്ധ്യമപ്രവർത്തക ശ്രീകല പറയുന്നത്.

ഇപ്പോഴും ആർത്തവം അശുദ്ധിയായി കരുതുന്നത് പ്രാകൃതമാണ്. ഈ നാട്ടിൽ മനുസ്മൃതി നിയമമാക്കുന്നതാണ് നല്ലത്. ഒരു ദേവപ്രശ്‌നം നടത്തി ഇന്ത്യൻ ഭരണഘടനയെ തന്നെ മാറ്റേണ്ടതാണെന്നുള്ള അഭിപ്രായമാണ് ശ്രീകല ഫേസ്‌ബുക്കിൽ കുറിച്ചത്. ശ്രീകലയുടെ അഭിപ്രായത്തോടു യോജിച്ചും വിയോജിച്ചും നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

അതിനിടെ, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് പറയുന്നത് അസംബന്ധമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയും പ്രതികരിച്ചു. ദേവന് സ്ത്രീസാന്നിധ്യം ഇഷ്ടമല്ലെന്ന് തന്ത്രിമാരോട് അയ്യപ്പൻ പറഞ്ഞിട്ടുണ്ടോയെന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു. 'ദേവന് സ്ത്രീസാന്നിധ്യം ഇഷ്ടമല്ല എന്നു തന്ത്രിമാരോട് അയ്യപ്പൻ പറഞ്ഞോ? പൗരോഹിത്യത്തിന്റെ അനാചാരങ്ങളെ നിലനിർത്താൻ വേണ്ടിയാണ് ഇത്തരം വാദങ്ങൾ. അതോടൊപ്പം തന്നെ ഇവർ സനാതന മൂല്യങ്ങളെ മറക്കുന്നു.' അദ്ദേഹം വ്യക്തമാക്കി.

ആർത്തവം ഉള്ള സ്ത്രീകൾ ശബരിമലയിൽ കയറിയാൽ ഒരു കുഴപ്പവും ഇല്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടുന്ന സുരക്ഷ കൊടുക്കാൻ കഴിയുമോ എന്നതാണ് വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേകസമയം അനുവദിക്കണം. അവർക്കുവേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു.

എന്നാൽ, ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം ആയിക്കൂടെയെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരേ എഴുത്തുകാരി സുഗതകുമാരി രംഗത്തെത്തി. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കരുതെന്നും ഉന്നതനീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റുതന്നെയാണെന്നും സുഗതകുമാരി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പോകുന്നതിനെ ശക്തമായി എതിർക്കുന്നു. മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതു മനുഷ്യാവകാശ പ്രശ്‌നമായി കാണാനാവില്ല. അയ്യപ്പനെ പ്രാർത്ഥിക്കേണ്ടവർക്കു പ്രാർത്ഥിക്കാൻ വേറെയും നിരവധി ക്ഷേത്രങ്ങളുണ്ടെന്നും സുഗതകുമാരി പറഞ്ഞു.

ആർത്തവം അശുദ്ധിയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാൻ ഒരു സുപ്രീംകോടതിക്കും കഴിയില്ല. ഈ നാട്ടിൽ മനുസ്മൃതി നിയമമാക്കുന്നതാണ് നല്ലത്. ഒരു ദേവപ്രശ്നം നടത്തി ഇന്ത്യൻ ഭരണഘടനയെ മാറ്റാവുന്നതുമാണല്ലോ...

Posted by M.s. Sreekala on Monday, January 11, 2016