കൊച്ചി: അവാർഡ് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് സുരഭി ലക്ഷ്മി മറുനാടൻ മലയാളിയോട്. അവാർഡ് ലഭിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചതുകൊണ്ട്, ദേശീയ അവാർഡിലും എന്തെങ്കിലും ഒന്ന് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഹിന്ദിയിലും മറാഠിയിലുമൊക്കെയായി എത്രയോ മികച്ച മികച്ചനടിമാർ ഉണ്ട്, അതുകൊണ്ട് അത്യാഗ്രഹം ആകുമെന്ന് പിന്നീട് തോന്നി. കാശ്മീർ മുതൽ കന്ന്യകുമാരി വരെ നീണ്ടുകിടക്കുന്ന സിനിമ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ മികച്ച നടിയായി തെരെഞ്ഞെടുത്ത ജൂറിക്ക പ്രത്യേകം നന്ദി പറയുകയാണ്. മിന്നാമിനുങ്ങിന്റെ സംവിധായകൻ അനിലേട്ടനോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എന്നെ കാസ്റ്റ് ചെയ്തതിനും, ഓരോ ഭാഗങ്ങളിലും കഥാപാത്രത്തിന് കൂടുതൽ കൃത്യത വരുത്തുന്നതിന് അനിലേട്ടൻ എടുത്ത എഫേർട്ടിനും പ്രത്യേകം പ്രത്യേകം നന്ദി പറയുകയാണ്. സുരഭി പറയുന്നു.

യാത്രയിലായതിനാൽ അവാർഡ് പ്രഖ്യാപിച്ച് ഒരു മണിക്കൂർ കഴിഞ്ഞാണ് വിവരം അറിഞ്ഞത്. അവാർഡ് ഇന്ന് പ്രഖ്യാപിക്കുമെന്ന് സത്യത്തിൽ അറിയില്ലായിരുന്നു. മാത്രമല്ല, അവാർഡിന്റെ സാധ്യത പട്ടികയിൽ പോലും എന്റെ പേര് പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ എന്തെങ്കിലും സൂചന ഉണ്ടായിരുന്നേൽ സലാലയ്ക്ക് വരില്ലായിരുന്നു. ഇപ്പോൾ നാട്ടിൽ അല്ലാത്തതുകൊണ്ട് വലിയ സങ്കടം തോന്നുന്നുണ്ട്. ഒരു ചെറിയ പടമാണ് മിന്നാമിനുങ്ങ്. ചിത്രത്തിലെ കഥാപാത്രമാകാൻ നടപ്പിലും, ശരീരഭാഷയിലും സംസാര രീതിയിലുമെല്ലാം മാറ്റം വരുത്തിയിരുന്നു. ഏറെ പ്രാരാബ്ദമുള്ള വിധവയായ ഒരു വീട്ടമ്മയുടെ വേഷമാണ് ഞാൻ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് ചിത്രം മൂന്നോട്ട് പോവുന്നതും. ചിത്രം റിലീസ് ചെയ്യാത്തതിനാലാണ് പലർക്കും സുരഭിക്ക അവാർഡ് എന്ന് പറയുമ്പോൾ അതിശയം തോന്നുന്നത്. സുരഭി പറയുന്നു.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് പ്രഖ്യാപനത്തിന് ശേഷം സലാലയിൽ നിന്ന് മറുനാടൻ മലയോട് സംസാരിക്കുകയായിരുന്നു സുരഭി. സലാലയിൽ സ്റ്റേജ് ഷോയ്ക്കായി എത്തിയതായിരുന്നു സുരഭി ലക്ഷ്മിയും സംഘവും. മിന്നാമിനുങ്ങ് എന്ന അനിൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് അവാർഡ് ലഭിച്ചത്.

സാധാരണ ജോലികൾ ചെയ്യുന്ന അമ്മയും മകളും അമ്മയുടെ അച്ഛനും ചേരുന്ന കുടുംബത്തെ കേന്ദ്രീകരിച്ചാണ് മിന്നാമിനുങ്ങിന്റെ കഥ പുരോഗമിക്കുന്നത്. തിരുവനന്തപുരം ആണ് കഥാ പശ്ചാത്തലം. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചിലപ്രശ്നങ്ങൾ എങ്ങനെ അവർ തരണം ചെയ്ത് മുന്നോട്ട് പോകുന്നു എന്നാണ് ചിത്രം പറയുന്നത്. നാൽപ്പത്തിയഞ്ച് വയസ്സുള്ള വീട്ടമ്മയായാണ് സുരഭി അഭിനയിക്കുന്നത്. ഒരുപാട് യാതനങ്ങൾ അനുഭവിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തിലേക്ക് എത്താൻ മികച്ച ശ്രമം തന്നെയാണ് സുരഭിക്ക് വേണ്ടിവന്നിട്ടുള്ളത്. നടത്തത്തിലും ശരീരഭാഷയിലും, സംസാര ശൈലിയിലുമെല്ലാം അടിമുടി മാറ്റമാണ് ചിത്രത്തിന് വേണ്ടി സുരഭി വരുത്തിയിട്ടുള്ളത്. ഒരു പടത്തിന് വേണ്ടി കഴിഞ്ഞ വർഷം ഒരു നടിയും ഇത്രയും റിസ്‌ക് എടുത്തുകാണില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. സുനിൽ പ്രേം ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ചിത്രം ഉടനെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പിന്നണി പ്രവർത്തകർ.

ചിത്രങ്ങൾക്കു കടപ്പാട് അജിത് കുമാർ ബാവിസ്, സലാല