തിരുവനന്തപുരം: രാജ്യത്തെ മികച്ച നടിയെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആദരിച്ചില്ലെന്ന വിവാദം മുറുകുന്നതിനിടെ തിരുവനന്തപുരത്ത് നടത്തുന്ന സമാന്തര സിനിമാ പ്രദർശനം കാണാൻ നടി സുരഭി ലക്ഷ്മി എത്തി. അനതാരാഷ്ട്ര ചലച്ചിത്ര മേളയിൽ തഴയപ്പെട്ടതിന്റെ പ്രതിഷേധം എന്ന നിലയിലല്ല താൻ മേളയിൽ പങ്കെടുക്കുന്നതെന്നും അവർ പറഞ്ഞു.

ഗോവ ദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവ്വതിയെ തിരുവനന്തപുരം മേള ഇന്നലെ ആദരിച്ചിരുന്നു. ഈ അവസരത്തിൽ തന്നെയാണ് സുരഭി ലക്ഷ്മി അവഗണിക്കപ്പെട്ടത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. മണിയൻ പിള്ള രാജുവിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ കമലിനെ വിളിക്കാനുള്ള നിർദ്ദേശം ലഭിച്ചു.

കമൽ പാസ്സ് അനുവദിക്കാമെന്നും സമാപന ചടങ്ങിൽ വിളിക്കാൻ ഉദേശിക്കുന്നുണ്ടെന്നും അറിയിച്ചു. പിന്നെയും വിളിച്ചപ്പോഴാണ് പാസ് ലഭിച്ചത് എന്നാൽ ഇതു വരെ ക്ഷണം ഉണ്ടായിട്ടില്ല. ഇനി വിളിച്ചാലും മറ്റൊരു പരിപാടി ഏറ്റുപോയതിനാൽ തനിക്ക് പങ്കെടുക്കാനാവില്ല എന്നും ക്ഷണിക്കുന്നുണ്ടെങ്കിൽ അത് നേരത്തെ ആകാമായിരുന്നുവെന്നും സുരഭി പറഞ്ഞു.

'സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൺ ഇൻ കളക്റ്റീവിന്റെ പ്രവർത്തനങ്ങളും താൻ അറിഞ്ഞിരുന്നില്ല. അവൾക്കൊപ്പം എന്ന മുദ്രവാക്യം തന്നെപോലെ ഉള്ളവർക്കും കൂടിയുള്ളതാണ്. മേളക്ക് ക്ഷണിക്കാത്തതിനെകുറിച്ച് താൻ ആരോടും പരാതി പറയുന്നില്ല. പക്ഷെ ദേശീയ പുരസ്‌കാരം ലഭിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന ആഗ്രഹമേ തനിക്കും ഉള്ളൂ. അത് നാടിന്റെ ആദരവാണ്'-സുരഭി പറയുന്നു. രാജ്യാന്തര- ദേശീയ മേളകളിലും മറ്റും പുരസ്‌കാരം ലഭിക്കുന്ന സിനിമകളും അഭിനേതാക്കളേയും കേരളത്തിന്റെ മേളയിൽ പങ്കെടുപ്പിക്കുന്നതിന് അക്കാദമിയുടെ നിയമാവലിയിൽ മാറ്റമുണ്ടാകണം.തനിക്ക് വേണ്ടിമാത്രമല്ല താനിനിത് പറയുന്നത്. ഭാവിയിൽ പുരസ്‌കാരം ലഭിക്കുന്ന എല്ലാവർക്കും വേണ്ടിയാണിതെന്ന് സുരഭി ലക്ഷ്മി അറിയിച്ചു.