കോഴിക്കോട്:''നരിക്കുനിയുടെ സ്നേഹോഷ്മളസ്വീകരണത്തിന് പുഞ്ചിരിത്തൂമയാൽ നന്ദി അറിയിച്ചുകൊണ്ട് ഇതാ, സുരഭിലക്ഷ്മി ഈ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കടന്നുവരുന്നു...''-ഇതായിരുന്ന അകമ്പടി വാഹനത്തിൽ നിന്ന് കേട്ട വാക്കുകൾ. ഇതിന് പിന്നാലെ നടിയും എത്തി.

'അഞ്ചു വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണ് ഐശ്വര്യാറായി വന്നത്. ഇന്ന് എനിക്കുവേണ്ടി നരിക്കുനിക്കാർ കൊണ്ടുവന്ന സൂര്യയെന്ന വെള്ളക്കുതിരയുള്ള രഥത്തിലിരുന്നപ്പോൾ അഞ്ചല്ല, അമ്പതിനായിരം കുതിരകളുള്ള രഥമായാണെനിക്ക് ഫീൽ ചെയ്തത്. അടുത്തദിവസം എളേറ്റിൽ വട്ടോളിയിൽ ലഭിക്കുന്നതുകൂടി കൂട്ടിയാൽ 137 സ്വീകരണങ്ങളായി. ഈ സ്നേഹത്തിന് പകരം ഞാനെന്തുതരാൻ?-സുരഭി ലക്ഷ്മിക്ക് നാട്ടുകാരോട് നരിക്കുനിക്കാരോട് പറയനാുള്ളത് ഇതായിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിക്ക് ജന്മനാട് ആവേശത്തോടെയാണ് സ്വീകരണം ഒരുക്കിയത്. എന്നാൽ ഈ സ്വീകരണം ഇപ്പോൾ നടിക്കും നാട്ടുകാർക്കും പുലിവാലാവുകയാണ്.

സ്വീകരണത്തിന് കുതിരയെ പൂട്ടിയ രഥം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി നിർദ്ദേശം. മെയ് 22നാണ് സുരഭിക്ക് ജന്മനാടായ നരിക്കുനിയിൽ വിപുലമായ സ്വീകരണം നൽകിയത്.. സൂര്യ എന്ന കുതിരയെ പൂട്ടിയ രഥത്തിലാണ് സുരഭിയെ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായിട്ടും ജില്ലാ അധികാരികൾ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് എന്ന സംഘടനയിലെ അംഗം വിനോദ് കുമാർ ദാമോദറാണ് പരാതി നൽകിയത്.

ഒറ്റവെള്ളക്കുതിരയെ പൂട്ടിയ രഥത്തിൽ രാജ്യത്തെ ഏറ്റവും മികച്ച നടിയെ ആനയിച്ചതാണ് പരാധിക്ക് ആധാരം. അശ്വരഥത്തിൽ സുരഭിയെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് അകമ്പടിയായി കൊമ്പുംകുഴലും ചെണ്ടയും ചേങ്ങിലയുമൊക്കെയായി മേളക്കൊഴുപ്പുമുണ്ടായിരുന്നു പാതയ്ക്കിരുവശവും തിങ്ങിനിറഞ്ഞവരോടെല്ലാം കൈവീശിയും പുഞ്ചിരി പൊഴിച്ചും കടിഞ്ഞാൺ പിടിച്ച് സുരഭി രഥത്തിലിരുന്നു. കൂട്ടുകാരികളായി മാലാഖക്കുട്ടികൾ.

ഇടയ്ക്കിടെ കുതറുന്ന കുതിരയെ നിയന്ത്രിച്ചും സുരഭിയോടൊപ്പം സെൽഫിയെടുത്തും യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം രഥത്തിനുചുറ്റും കൂടിയിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും അടിപൊളിയാക്കിയാണ് സുരഭിയുടെ നേട്ടത്തെ നാട്ടുകാർ ആഘോഷമാക്കിയത്. ഇതിന് കൊഴുപ്പുകൂട്ടാൻ കുതിരയെ എത്തിച്ചതാണ് വിനയാകുന്നത്.