തിയറ്റർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ താരമാണ് നടി സുരഭി ലക്ഷ്മി. ചാലുകളിൽ പ്രോഗ്രാം അവതരിപ്പിച്ച് ജനങ്ങളെ കയ്യിലെടുത്ത സുരഭി ലക്ഷ്മിക്ക് ദേശിയ അവാർഡും ലഭിച്ചപ്പോൾ സുരഭിയുടെ വളർച്ച പലരും അവിശ്വസനീയമായാണ് കണ്ടത്. ദേശിയ അവാർഡ് ജേതാവായിട്ടും തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ സുരഭിയെ ആദരിക്കാതിരുന്നത് വിവാദത്തിന് വഴിവെച്ചിരുന്നു. ഈ വിവാദങ്ങളോടൊക്കെ മനസ് തുറക്കുകയാണ് സുരഭി  ലക്ഷ്മി.

ഐ.എഫ്.എഫ്.കെയിൽ തനിക്ക് പാസ് നിഷധിച്ചിരുന്നില്ലെന്ന് സുരഭി പറയുന്നു. ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ ആരുടെയും സമ്മതം ആവശ്യമില്ല. എന്നാൽ വേദിയിൽ ഇരിക്കണമെങ്കിൽ ക്ഷണം വേണം. തന്നെ ആരും ക്ഷണിച്ചില്ലെന്നും സുരഭി പറയുന്നു. ഉദ്ഘാടന വേദിയിൽ പ്രകാശ് രാജും എന്റെ നാട്ടുകാരിയും സുഹൃത്തുമായ രജിഷയും ഉണ്ടായിരുന്നു. മറ്റു പുരസ്‌കാരം നേടിയവരെ ഐ.എഫ്.കെയിൽ ആദരിക്കുന്ന പതിവില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഗോവയിൽ പുര്സകാരം നേടിയ പാർവതിയെ ആദരിച്ചു.

ഒരു പാസ് തരണമെന്ന് കമൽ സാറിനോട് ആവശ്യപ്പെട്ടു. അഥോറിറ്റിയിൽ നിന്ന് സുരഭിയെ വിളിക്കുമെന്ന് സാർ പറഞ്ഞു. എന്നാൽ ആരും വിളിച്ചില്ല. ഞാനു വിളിച്ചില്ല. പിന്നീട് വിവാദങ്ങൾ തുടങ്ങിയപ്പോഴാണ് പാസ് തരുന്നത്. സമാപന ചടങ്ങിൽ എന്നെ വിളിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. പക്ഷേ അന്നേ ദിവസം ഞാൻ മറ്റൊരു പരിപാടി ഏറ്റെടുത്തതിനാൽ പോകാൻ സാധിച്ചില്ല. നേരത്തേ പറഞ്ഞിരുന്നെങ്കിൽ പങ്കെടുത്തേനെ.

സിനിമയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന സംഘടനയാണ് ഡബ്ല്യുസിസി. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചർച്ചകളിലും എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. ആ സമയത്തായിരുന്നു നാഷണൽ അവാർഡ് കിട്ടിയത്. അതോടെ തിരക്കിലായി. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാട്സ്ആപ് ഗ്രൂപ്പിൽ ചർച്ച ചെയ്യാറുണ്ട്. തിരക്കായതിനാൽ ഞാൻ ആസമയത്ത് അൽപ്പം മൗനം പാലിച്ചു. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോൾ ഞാൻ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിൽക്കുകയായിരുന്നെന്നും സുരഭി പറഞ്ഞു.