കൊച്ചി: സുരഭി പ്രധാനവേഷത്തിലെത്തിയ മിന്നാമിനുങ്ങിന് ആശംസകൾ നേർന്ന് പൃഥ്വിരാജ്. മിന്നാമിനുങ്ങിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേൾക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു. സുരഭിക്കൊപ്പം ഫേസ്‌ബുക്ക് ലൈവിൽ എത്തിയതായിരുന്നു പൃഥ്വിരാജ് സിനിമയെക്കുറിച്ച് പ്രതികരിച്ചത്.

സുരഭിയുടെ കരിയറിന്റെ തുടക്കക്കാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടനാണ് ഞാൻ. പിന്നീട് ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണം- പൃഥ്വി പറഞ്ഞു.

'അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിർദേശിച്ചതെന്ന് സുരഭി പറഞ്ഞു. എന്ന് നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും എന്നെ നിർദേശിച്ചത് പൃഥ്വിച്ചേട്ടനാണ്-സുരഭി പറഞ്ഞു.

സുരഭിയുടെ ഈ വാക്കുകൾക്ക് വളരെ രസകരമായാണ് പൃഥ്വിരാജ് വിശദീകരണം നൽകിയത്. ഞാൻ ഈ സിനിമകളിലേക്ക് ക്ഷണിക്കാൻ കാരണം സുരഭിയോടുള്ള സ്‌നേഹം കൊണ്ടല്ല. സുരഭി നല്ല നടിയാണ്-പൃഥ്വി കൂട്ടിച്ചേർത്തു.