തിരുവനന്തപുരം: മുകേഷ് കൊല്ലം മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിയായതോടെ സെൽമീ ദ ആൻസർ പരിപാടിയിൽ ആങ്കറായി എത്തിയ സുരാജ് വെഞ്ഞാറമ്മൂട് ഇപ്പോൾ തൃശങ്കുവിൽ. സ്ഥാനാർത്ഥിയായി വിജയിച്ചശേഷം മുകേഷ് കൊല്ലത്ത് രാഷ്ട്രീയരംഗത്ത് സജീവമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പകരം സുരാജിനെ യുണൈറ്റഡ് മീഡിയ സെൽ മീ ദ ആൻസർ പരിപാടിയുടെ ആങ്കറാക്കിയത്സ്ഫ്ളവേഴ്‌ചാനലിൽ കോമഡി പ്രോഗ്രാം അവതരിപ്പിച്ച് കയ്യടി നേടിയിരുന്ന സുരാജ് ആങ്കറെന്ന നിലയിൽ വിജയമാണെന്നു കണ്ടാണ് സെൽ മീ ദ ആൻസറിൽ മുകേഷിന് പകരക്കാരനായത്.

പരിപാടിയുടെ നിർമ്മാതാക്കളെപ്പോലും ഞെട്ടിച്ച് ആദ്യ ഷൂട്ടിങ് വേളയിൽത്തന്നെ സുരാജ് താരമായി. സെറ്റിൽ കളിതമാശകൾ പറഞ്ഞ് പിരിമുറുക്കം കുറയ്ക്കുന്ന സുരാജ് മുകേഷിനെക്കാൾ എല്ലാവർക്കും സ്വീകാര്യനായി. സെൽ മീ ദ ആൻസറിന് മുകേഷിന്റെ കാലത്തേതിനേക്കാൾ മൈലേജ് ലഭിച്ചതോടെ സുരാജ് ഫ്ളവേഴ്‌സിലെ പ്രോഗ്രാം നിർത്തി സെൽ മീ ദ ആൻസറിലേക്ക് ചേക്കേറി. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ താൻ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായിരിക്കും എന്ന് നേരത്തേ തന്നെ മുകേഷ് പ്രഖ്യാപിച്ചിരുന്നതിനാൽ ഇനി സെൽ മീ ദ ആൻസറിൽ ആങ്കറായി തുടരാമെന്ന പ്രതീക്ഷയിലായിരുന്നു സുരാജ്. കൊല്ലത്ത് മുകേഷിന്റെ വിജയം ഉറപ്പിക്കാൻ സുരാജും മുകേഷിനൊപ്പം ബഡായി ബംഗ്ളാവിൽ  അവതാരകനായ രമേശ് പിഷാരടിയും പ്രചരണത്തിനെത്തുകയും ചെയ്തിരുന്നു.

പക്ഷേ തിരഞ്ഞെടുപ്പു കഴിഞ്ഞ് എംഎൽഎ ആയതിനു പിന്നാലെ മുകേഷ് സെൽ മീ ദ ആൻസർ പ്രോഗ്രാമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ ഫ്ളവേഴ്‌സിൽ നല്ല നിലയിൽ പോയിരുന്ന കോമഡി സൂപ്പർനൈറ്റ് വിട്ട് ഏഷ്യാനെറ്റിലേക്ക് ചേക്കേറിയ സുരാജ് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന നിലയിലായി. കോമഡി സൂപ്പർനൈറ്റാകട്ടെ സുരാജ് പോയശേഷം മറ്റുപലരേയും ആങ്കറാക്കി നോക്കിയെങ്കിലും ക്‌ളച്ചുപിടിച്ചില്ല. എന്തായാലും മുകേഷിനേക്കാളും സുരാജ് തുടരുന്നതിനായിരുന്നു പ്രേക്ഷകർക്കും സെൽ മീ ദ ആൻസറിന്റെ അണിയറ പ്രവർത്തകർക്കും താൽപര്യമെന്നാണ് വിവരം. മുകേഷ് ചെയ്തിരുന്ന കാലത്തെ അപേക്ഷിച്ച് പ്രോഗ്രാമിന് റേറ്റിങ് കൂടിയതിനാൽ നിർമ്മാതാക്കൾക്കും സുരാജ് തുടരട്ടെ എന്ന അഭിപ്രായമായിരുന്നു. ഇടയ്ക്കിടെ കോമഡി പറഞ്ഞും ട്രേയ്‌ഡേഴ്‌സിനെ കയ്യിലെടുത്തും അവരുടെ പ്രകടങ്ങൾ കൊഴുപ്പിച്ചുമെല്ലാം സുരാജ് മുകേഷിനെക്കാൾ തകർപ്പൻ പെർഫോമൻസ് ആയിരുന്നു.

മുകേഷ് ആയിരുന്നപ്പോൾ ഫ്‌ളോറിൽ കടുത്ത നിയന്ത്രണൾ ഏർപ്പെടുത്തിയിരുന്നെന്നും ട്രേഡേഴ്‌സിനൊപ്പം എത്തുന്ന കുടുംബാംഗങ്ങളോട് അടുത്തിടപഴകാറില്ലായിരുന്നെന്നും പരാതി ഉണ്ടായിരു്ന്നു. എ്ന്നാൽ സുരാജ് വന്നതോടെ സ്ഥിതി മാറി. ആകെ ഒരു ജഗപൊഗ കുടുംബാന്തരീക്ഷംപോലെ ആയി സെറ്റ്. സ്വാഭാവിക നർമ്മങ്ങളുമായി കറങ്ങി നടന്ന സുരാജ് പകർന്ന എനർജി പ്രോഗ്രാമിന്റെ മികവിൽ പ്രധാന ഘടകമാവുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മുകേഷ് തിരിച്ച് പ്രോഗ്രാം അവതാരകനാകാൻ എത്തില്ലെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്.

എന്നാൽ മുകേഷ് തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിച്ചതോടെ നിർമ്മാതാക്കൾ വെട്ടിലായി. കൂടെ ഫ്ളവേഴ്‌സിലെ പ്രൊഗ്രാം കളഞ്ഞെത്തിയ സുരാജും. എന്നാൽ മുകേഷ് സീനിയർ ആയതിനാലും ഇപ്പോൾ എംഎൽഎ കൂടി ആണെന്നതിനാലും അദ്ദേഹത്തെ പിണക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഇതോടെ സുരാജിനെ മാറ്റി മുകേഷ് ആങ്കറായുള്ള പുതിയ എപ്പിസോഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയായിരുന്നു. മുകേഷിന്റെ തിരിച്ചുവരവ് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും സെൽ മീ ദി ആൻസറിന്റെ അണിയറ പ്രവർത്തകർക്കുണ്ട്.

അതേസമയം, മിമിക്രി, നാടകം, സിനിമ എന്നിങ്ങനെ തുടങ്ങി ഇപ്പോൾ രാഷ്ട്രീയത്തിലും ഒരു പയറ്റുപയറ്റി കൊല്ലത്തുനിന്ന് വിജയിച്ചുകയറിയ മുകേഷിന് സിനിമയും ചാനൽ പരിപാടികളും ഉപേക്ഷിച്ച് നാട്ടുകാർക്കൊപ്പം കൂടാനാകുമോ എന്ന ചോദ്യമാണ് കൊല്ലംകാർ ഉയർത്തുന്നത്. കൊല്ലത്ത് പ്രചരണരംഗത്ത് സജീവമാകേണ്ടിയുരുന്നതിനാൽ രമേഷ് പിഷാരടിയും ആര്യ, പ്രസീദ, ധർമ്മജൻ എന്നീ താരങ്ങളും അണിനിരക്കുന്ന ഏഷ്യാനെറ്റിലെ തന്നെ ബഡായി ബംഗ്ലാവ് കൂടുതൽ എപ്പിസോഡുകൾ ഷൂട്ടുചെയ്തിരുന്നു. അതിനാൽ അതിൽ മുകേഷിന് പകരക്കാരനെ കണ്ടുപിടിക്കേണ്ട തലവേദന നിർമ്മാതാക്കൾക്ക് ഉണ്ടായില്ല. റേറ്റിംഗിൽ മുൻനിരയിൽ നിൽക്കുന്ന പ്രോഗ്രാമാണ് ബഡായി ബംഗ്ളാവും. അതിനാൽത്തന്നെ നല്ല പ്രതിഫലമുള്ള ഈ പ്രാഗ്രാമുകൾ ഉപേക്ഷിച്ച് മുകേഷ് മുഴുവൻസമയ രാഷ്ട്രീയത്തിന് ഇറങ്ങുമോ എന്നാണ് ചോദ്യമുയരുന്നത്.

തിരഞ്ഞെടുപ്പുകാലത്ത് എതിർസ്ഥാനാർത്ഥി സൂരജ് രവി ഉൾപ്പെടെ പറഞ്ഞത് മുകേഷിനെ നാട്ടുകാരുടെ പ്രശ്‌നങ്ങൾക്കൊന്നും കിട്ടില്ലെന്നും ചാനലും സിനിമയുമൊഴിഞ്ഞ് മുകേഷിന് വേറൊന്നിനും സമയമുണ്ടാവില്ലെന്നുമാണ്. അഞ്ച് കൊല്ലം കഴിഞ്ഞ് ഇയാൾ നിങ്ങളുടെ മണ്ഡലത്തിൽ നിന്നോ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ എന്ന് ചോദിക്കുന്നതാണ് അന്തസ്സ് എന്നുപറഞ്ഞ് ഈ ചോദ്യത്തെ മുകേഷ് പ്രതിരോധിച്ചു. എന്നാൽ തിരഞ്ഞെടുപ്പുകഴിഞ്ഞ് ജയിച്ചുകയറിയതോടെ വീണ്ടും ചാനൽ, സിനിമാരംഗത്ത് മുകേഷ് സജീവമായതോടെ നാട്ടുകാർ ഈ ചോദ്യം വീണ്ടും ചോദിച്ചുതുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ താരലോകത്തുനിന്ന് മുകേഷും ഗണേശ്‌കുമാറും എത്തിയതോടെ 'അമ്മ'യെ പ്രതിനിധീകരിച്ച് രണ്ടുപേർ നിയമസഭാ സാമാജികരായി. മുമ്പുതന്നെ എംഎൽഎ ആയിരുന്ന ഗേേണഷ് ഇടയ്ക്കിടെ അഭിനയിക്കാൻ പോകുമെങ്കിലും പത്തനാപുരംകാർക്ക് അതുകൊണ്ട് ഒരു കുഴപ്പവും സംഭവിച്ചില്ല. മറിച്ചായിരുന്നെങ്കിൽ അവർ ഗണേശിനെ ജയിപ്പിച്ചു വിടില്ലായിരുന്നല്ലോ. മന്ത്രിയെന്ന നിലയിലും തന്റെ ദൗത്യങ്ങൾ നിറവേറ്റിയെന്നാണ് ഗണേശിനെക്കുറിച്ച് പൊതുവിലുള്ള അഭിപ്രായം. ചാനൽപരിപാടികളിൽ പങ്കെടുക്കുന്നതും അഭിനയിക്കുന്നതുമൊന്നും ഗണേശിന് എംഎൽഎയെന്ന നിലയിൽ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതിന് തടസ്സമായിരുന്നില്ലെന്ന് ചുരുക്കം.

അതുപോലെത്തന്നെയാകുമോ മുകേഷിന്റെ കാര്യവും എന്ന് കണ്ടറിയണം. കലയും ജനസേവനവും ഒരുമിച്ച് കൊണ്ടുപോകുന്നതിന, 18 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒ മാധവന്റെ മകന് പ്രത്യേകം ക്ലാസ് വേണ്ടല്ലോയെന്നാണ് മുകേഷിനെ അനുകൂലിക്കുന്നവർ വാദിക്കുന്നതും. പകൽ മുഴുവൻ രാഷ്ട്രീയവും ജനങ്ങളുടെ കാര്യവും രാത്രി നാടകവുമായി നടന്ന അച്ഛന്റെ മകനാണ് ഞാനെന്ന് മുകേഷ് തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.