തിരുവനന്തപുരം; അച്ഛൻ തന്നെ ഒരിക്കൽ പോലും മോനെന്ന് വിളിച്ചിട്ടില്ല. കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോൾ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറയുമ്പോഴും പൊട്ടിക്കരയുകയായിരുന്നു. അച്ഛൻ സ്‌നേഹം നിറയെ ഉള്ള കർക്കശക്കാരനായിരുന്നു. സ്‌നേഹം പ്രകടിപ്പിക്കാറില്ലായിരുന്നു.

തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടിൽ ചെന്നപ്പോൾ അന്ന് ആദ്യമായി അച്ഛൻ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു.അച്ഛൻ മിലിട്ടറിയിൽ നിന്ന് വിരമിച്ച ആളായതുകൊണ്ട്. നല്ല ചിട്ടകളും മറ്റുമു്ണ്ടായിരുന്നു. അതിന്റെ ചില ഗുണങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും സുരാജ് കൂട്ടിച്ചേർത്തു. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് തന്റെ അച്ഛന്റെ സ്വഭാവമാണ്. നിറയെ സ്നേഹമുള്ള ഒരാളാണ് അച്ഛൻ. പക്ഷെ, അതൊരിക്കൽ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛൻ തന്നെയാണ് എന്റെ ഹീറോ. അച്ഛനിൽനിന്ന് ഒരുപാട് കാര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ട്'

പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പക്ഷെ, ആ സിനിമ ആളുകൾ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലരും നെറ്റി ചുളിച്ചു. സുരാജിന് ദേശീയ പുരസ്‌കാരമോ. ആ സിനിമ കണ്ട ആളുകൾക്കെ എനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കു. പ്രേക്ഷകരുടെ കൈയിൽനിന്ന് എനിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടിയത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ആ രണ്ട് സീനുകളിൽ കൂടിയാണ്'. സുരാജ് വെഞ്ഞാറംമൂട് പറഞ്ഞു.

കോമഡിയിലൂടെയാണ് താൻ സിനിമയിലേക്ക് വന്നത്. കോമഡി തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ മടുത്തുതുടങ്ങി. ഈ സമയത്ത് സംവിധായകൻ രഞ്ജിത്തിനോട് അങ്ങോട്ട് ചോദിച്ചാണ് ഒരു ക്യാരക്ടർ റോൾ മേടിക്കുന്നത്. സ്പിരിറ്റ് എന്ന സിനിമയിൽ തെറ്റില്ലാത്തൊരു വേഷം അദ്ദേഹം നൽകിയെന്നും സുരാജ് പറഞ്ഞു.