തിരുവനന്തപുരം: തിരുവനന്തപുരത്തുകാരനായ സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെയാണു സിനിമയിൽ എത്തിയത്. ഹാസ്യതാരമായി തിളങ്ങിയ സുരാജിനു സിനിമയിൽ സ്ഥിരം വേഷങ്ങളിൽ നിന്നു മോചനം നൽകിയതു ഡോ. ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവൻ' എന്ന ചിത്രമാണ്.

ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിനെത്തേടി വ്യത്യസ്തമായ നിരവധി വേഷങ്ങൾ പിന്നീടെത്തി. ആക്ഷൻ ഹീറോ ബിജു എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലും അത്തരമൊരു വേഷമാണു സുരാജിനു ലഭിച്ചത്.

രണ്ടു സീനിൽ മാത്രമാണുള്ളതെങ്കിലും ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രമായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ. ഈ കഥാപാത്രത്തെക്കുറിച്ചു സുരാജ് പറയുന്നത് ഇങ്ങനെ: 'പൊലീസ് സ്റ്റേഷനിലുള്ള ആ സീൻ എടുത്തിട്ട് എബ്രിഡ് ഷൈൻ കട്ട് പറഞ്ഞു. പിന്നീട് കുറച്ചുനേരത്തേക്ക് അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാൻ കരുതി, ചെയ്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുകാണില്ലെന്ന്. പക്ഷേ അദ്ദേഹം എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു. വളരെ ഇഷ്ടമായെന്ന് പറഞ്ഞു. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരും അപ്പോൾ കൈയടിച്ചു. സന്തോഷംകൊണ്ട് ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. '

ഈ ചിത്രത്തിനും കഥാപാത്രത്തിനും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ച പ്രതികരണത്തെ ഞാൻ ദേശീയ അവാർഡിനേക്കാൾ വിലമതിക്കുന്നുവെന്നും സുരാജ് പറഞ്ഞു. നമ്മുടെ സിനിമകൾ പ്രേക്ഷകർ കാണുന്നതിലാണ് കാര്യം. നിർഭാഗ്യവശാൽ 'പേരറിയാത്തവരു'ടെ കാര്യത്തിൽ അത് സംഭവിച്ചില്ല. പവിത്രൻ എന്ന കഥാപാത്രത്തെ എനിക്ക് നൽകിയതിന് എബ്രിഡ് ഷൈനോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും സുരാജ് പറഞ്ഞു.

മലയാളത്തിലെ രണ്ട് തലമുറയുടെയും കൂടെ സഹകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും ഈ നടൻ പറയുന്നു. ഒട്ടേറെ വ്യത്യസ്ത വേഷങ്ങളാണു പുറത്തിറങ്ങുന്ന നിരവധി ചിത്രങ്ങളിൽ സുരാജിനു ലഭിച്ചത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശിഗദ, കരിങ്കുന്നം സിക്സസ്, പുലിമുരുകൻ, ടിയാൻ, ഷാജഹനും പരീക്കുട്ടിയും തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളിൽ സുരാജിന് വേഷമുണ്ട്.