മംഗളൂരു: കർണാടകത്തിലെ സൂറത്കല്ലിൽ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ. സുഹാസ്, മോഹൻ, ഗിരിധർ, അഭിഷേക്, ദീക്ഷിത്ത്, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖംമൂടി ധരിച്ച് വെളുത്ത കാറിലെത്തിയ നാലംഗ സംഘമാണ് ഇരുപത്തിമൂന്നുകാരൻ ഫാസിലിനെ വെട്ടിക്കൊന്നത്.

കേസിലെ പ്രതികൾ എല്ലാവരും മുപ്പത് വയസിൽ താഴെ പ്രായമുള്ളവരാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഉദ്യോവറിൽ നിന്നാണ് കൊലപാതക സംഘത്തെ പിടികൂടിയത്. സുഹാസ്, മോഹൻ, അഭിഷേക് എന്നിവരാണ് ഫാസിലിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെടുത്താൻ ആറു പേരെ കണ്ട് വച്ചിരുന്നെന്നും ഒടുവിൽ ഫാസിലിന്റെ പേര് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി. ഇവർ നേരത്തേയും കേസുകളിൽ പ്രതിയാണ്. അക്രമികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമ അജിത്ത് ക്രാസ്റ്റ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സൂറത്കല്ലിൽ വച്ച് മുഹമ്മദ് ഫാസിൽ കൊല്ലപ്പെട്ടത്.

പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ. യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമാണ് ഫാസിലിന്റേതെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് ഫാസിലിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സൂറത്കൽ പള്ളിയിലെ ഖബറടക്കത്തിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം എത്തിയിരുന്നു.

സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ ഈ മാസം 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗ്ലൂരു അതിർത്തി മേഖലകളിൽ കർശന പരിശോധനയും തുടരുകയാണ്. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രദേശത്ത് തുടരുന്നുണ്ട്. സുള്ള്യയിൽ യുവമോർച്ചാ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് കർണാടക സർക്കാർ എൻഐഎ ക്ക് കൈമാറിയിരുന്നു. പോപ്പുലർ ഫ്രണ്ട് , എസ്ഡിപിഐ പ്രവർത്തകർ പിടിയിലായതിന് പിന്നാലെയാണ് കേസ് എൻഐഎക്ക് കൈമാറിയത്. ബിജെപി എംപിമാരുൾപ്പെടെ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.