തൃശൂർ: കുഴൽപ്പണ കേസ് അന്വേഷണം കെ സുരേന്ദ്രനിലേക്ക് തന്നെ. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയുടെ കുഴൽപണം കോന്നി മണ്ഡലത്തിൽ ചെലവഴിക്കാൻ ലക്ഷ്യമിട്ടതാണെന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ ഇക്കാര്യം പൊലീസ് അന്വേഷിക്കുകയാണ്. കേസിലെ പരാതിക്കാരനും പണം കൊണ്ടുവന്നയാളുമായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജന്റെ സഹോദരനായ ധനരാജനെ പൊലീസ് ചോദ്യം ചെയ്തു. സുരേന്ദ്രനുമായി ഈ പണത്തിന് ബന്ധമുണ്ടോ എ്ന്ന് മനസ്സിലാക്കാനായിരുന്നു ഇത്.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ കോന്നിയിൽ പോയി തെളിവെടുത്തു. കെ. സുരേന്ദ്രനും സംഘവും പ്രചാരണ കാലത്ത് താമസിച്ചിരുന്ന സ്ഥലങ്ങളിലും സംഘം എത്തി. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്നു രാവിലെ പത്തിന് തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യും. സുരേന്ദ്രന്റെ അതിവിശ്വസ്തനായ സന്തത സഹചാരിയാണ് ദിപിൻ. എബിവിപിയുടെ പഴയ നേതാവ്. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയയാണ് ദീപനെ ചോദ്യം ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ മത്സരിച്ച 2 മണ്ഡലങ്ങളിലൊന്നാണു കോന്നി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ചെലവഴിക്കാൻ കൊണ്ടു വന്നതാണെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചിരുന്നു. ധർമരാജന്റെ മൊഴിയിൽ നിന്നും ഇതിന്റെ സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ കോന്നി മഞ്ചേശ്വരം യാത്രകൾ നടത്തിയുള്ള സുരേന്ദ്രന്റെ പ്രചാരണം ബിജെപിയിൽ അടക്കം വിമർശനത്തിന് ഇടയാക്കിയിരുന്നു.

ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ മൊഴി എടുക്കുക. എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്‌തേക്കും.

തിരഞ്ഞെടുപ്പുകാലത്ത് ബിജെപി വൻതോതിൽ പണം കേരളത്തിൽ എത്തിച്ചെന്നതിന്റെ തെളിവുകൾ പരമാവധി ശേഖരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു റിപ്പോർട്ട് നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നു സൂചനയുണ്ടായിരുന്നു. മൂന്നരക്കോടി വരുന്ന വിവരം പല ബിജെപി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാൽ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.