തിരുവനന്തപുരം: മൂന്നാം തവണയും സിഎജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ ഉണ്ടായ ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് സിഎജിയും പ്രതിപക്ഷവും മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം അവഗണിച്ച പിണറായി സർക്കാർ കേരളത്തിൽ ജനിക്കാൻ പോവുന്ന കുട്ടികളെ വരെ കടക്കാരാക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമാന പരാമർശങ്ങളുടെ പേരിലാണ് മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക് സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം സഭയിൽ സമർപ്പിക്കും മുൻപ് പുറത്തു വിടുകയും വിവാദ പരാമർശങ്ങൾ നിയമസഭ നീക്കം ചെയ്യുകയും ചെയ്തത് ആസൂത്രിതമായിരുന്നെന്ന് പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ വ്യക്തമായി. സർക്കാർ വർഷം തോറും ഇങ്ങനെ കടം വാങ്ങുന്നത് തുടർന്നാൽ കടം കുമിഞ്ഞുകൂടുന്നതിനും കൂടുതൽ പലിശ ബാധ്യതയ്ക്കും കാരണമാകുമെന്ന് ബിജെപി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

പലിശ നൽകാൻ പോലും കടമെടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും ഭാവി തലമുറയെ പോലും കടക്കാരാക്കുന്ന സാമ്പത്തിക നയമാണ് ഇടത് സർക്കാരിന്റേതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം നിശ്ചയിച്ച വായ്‌പ്പാപരിധി മറികടക്കാനും അഴിമതി നടത്താനും വേണ്ടിയുള്ള ഉപാധിയാണ് കിഫ്ബിയെന്ന് ബോധ്യമായി. സംസ്ഥാന ബജറ്റിലോ സർക്കാരിന്റെ കണക്കുകളിലോ കട ബാധ്യത വെളിപ്പെടുത്തിയിട്ടില്ലെന്നത് ഗൗരവതരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബജറ്റ് രേഖകളിൽ കിഫ്ബി വായ്പകൾ ഉൾപ്പെടുത്താത്തിടത്തോളം അവയ്ക്കു നിയമസഭയുടെ അംഗീകരമുണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും സർക്കാർ നാടകം കളിക്കുകയായിരുന്നു. ഇനിയും സിഎജിക്കെതിരെ സമരം ചെയ്യാതെ നിർദ്ദേശങ്ങൾ അനുസരിക്കാൻ സർക്കാർ തയ്യാറാവണം. വിദേശത്തു നിന്നും കടമെടുത്ത് ധൂർത്ത് നടത്താതെ സംസ്ഥാനം പിരിക്കേണ്ട നികുതി പിരിച്ചെടുക്കാനാണ് പിണറായി വിജയൻ ശ്രമിക്കേണ്ടത്. ഇനിയെങ്കിലും യാഥാർത്ഥ്യബോധമില്ലാത്ത ബഡ്ജറ്റ് അവതരിപ്പിച്ച് അപഹാസ്യരാവാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.