കോഴിക്കോട് : കെ റെയിൽ പദ്ധതി ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയാണ്. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്ന് കെ. സുരേന്ദ്രൻ. കോഴിക്കോട് കെ. റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ഇതിനു പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാൻ ആണ് ശ്രമം. സാർവത്രിക അഴിമതി ആണ് ലക്ഷ്യം. സർക്കാരിന് ദുഷ്ടലാക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസൾട്ടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സർക്കാരിന് ഇല്ല. പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം. കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗങ്ങൾ ആലോചിക്കാൻ തയാറാവണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. നന്ദിഗ്രാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ പിണറായി വിജയൻ സർക്കാർ തയാറാവണം. പദ്ധതിയെ എതിർക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.