തിരുവനന്തപുരം: സിപിഎം. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യാപകമായ വിഭാഗീയതക്ക് ഈ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പുറത്തുവരണം. കൊലപാതകത്തിന് പിന്നിൽ സിപിഎം നേതൃത്വത്തിന്റെ വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നാണ് സംശയിക്കുന്നത്. അതുകൊണ്ടാണ് കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ഒരു കൊലയാളി കേസുമായി ബന്ധപ്പെട്ട് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

''കേസിൽ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാർ എന്നിവർ അറിയപ്പെടുന്ന ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകൽപോലെ വ്യക്തമാണ്. അവർ പാർട്ടി ക്ലാസുകളിൽ പോകുന്നവരാണ്. ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്വങ്ങളിൽ ഇരിക്കുന്നവരാണ്. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാർട്ടി അംഗവുമാണ്. കേസിലുൾപ്പെട്ട പ്രമോദ് പ്രസന്നൻ പ്രധാനപ്പെട്ട സിപിഎം പ്രവർത്തകനാണ്.''

കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലിന്റെ രാഷ്ട്രീയ പശ്ചാത്തലവും ക്രിമിനൽ പശ്ചാത്തലവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത് തന്നെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഈ കൊലപാതകം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണ്. അതുകൊണ്ടാണ് ആദ്യം ഗുണ്ടാ സംഘങ്ങളെന്ന് എഴുതിയ ഡിവൈഎഫ്ഐ നേതാവ് പോസ്റ്റ് പിൻവലിച്ച് സിപിഎം നേതാക്കളുടെ ആജ്ഞ അനുസരിച്ച് കൊലപാതകത്തിന് പിന്നിൽ ആർഎസ്എസാണെന്ന് മാറ്റി എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ കൊലപാതക കേസിന്റെ വിശദാംശങ്ങൾ നന്നായി പൊലീസ് അന്വേഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നിശാന്തിനിക്കെതിരേ വ്യാപകമായ സൈബർ ആക്രണണം നടത്തുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.