- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ കൊണ്ടും കൊടുത്തും ബൽറാമും സുരേന്ദ്രനും യുദ്ധം തുടരുന്നു; പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലെന്നല്ല പുതുപ്പള്ളിയലും മത്സരിക്കാം, മാന്യവും വാക്കുകൾ ഉപയോഗിച്ചതിന് നന്ദിയെന്ന് സുരേന്ദ്രൻ; ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള ട്യൂഷന് നന്ദിയെന്ന് ബൽറാം
തിരുവനന്തപുരം: അമിത് ഷാ ഉയർത്തിവിട്ട അച്ഛാ ദിൻ വിവാദം വി ടി ബൽറാമിലൂടെയും കെ സുരേന്ദ്രനിലൂടെയും സോഷ്യൽ മീഡിയ ചർച്ച ചെയ്തു. നരേന്ദ്ര മോദിയുടെ അച്ഛേ ദിൻ ഇന്ത്യയിൽ സാർവത്രികമാകാൻ 25 വർഷമെടുക്കും എന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് വി ടി ബൽറാം തുടക്കമിട്ട ഫേസ്‌ബുക്ക് ചർച്ച വെല്ലുവിളികളിലേക്ക് എത്തി. പരസ്പര
തിരുവനന്തപുരം: അമിത് ഷാ ഉയർത്തിവിട്ട അച്ഛാ ദിൻ വിവാദം വി ടി ബൽറാമിലൂടെയും കെ സുരേന്ദ്രനിലൂടെയും സോഷ്യൽ മീഡിയ ചർച്ച ചെയ്തു. നരേന്ദ്ര മോദിയുടെ അച്ഛേ ദിൻ ഇന്ത്യയിൽ സാർവത്രികമാകാൻ 25 വർഷമെടുക്കും എന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് വി ടി ബൽറാം തുടക്കമിട്ട ഫേസ്‌ബുക്ക് ചർച്ച വെല്ലുവിളികളിലേക്ക് എത്തി.
പരസ്പര ആക്ഷേപവുമായി സുരേന്ദ്രനും ബൽറാം നിറഞ്ഞതോടെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. കെ സുരേന്ദ്രന്റെ മറുപടികൾക്ക് വെല്ലുവിളി ഉയർത്തി വി ടി ബൽറാം. തൃത്താല മണ്ഡലത്തിൽ തന്റെ എതിർസ്ഥാനാർത്ഥിയാകാനാണ് കെ സുരേന്ദ്രനെ ബൽറാം വെല്ലുവിളിച്ചത്. തീർച്ചയായും ബിജെപിക്ക് ഇവിടെ തീരെ വോട്ടില്ലെന്ന് മനസ്സിലാക്കി തന്നെയാണ് സുരേന്ദ്രനെ ബൽറാം പോരീന് വിളിച്ചത്. തൃത്താലയിലെ സിറ്റംഗ് എംഎൽഎയാണ് ബൽറാം. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ആ പോസ്റ്റിൽ പ്രതിഫലിച്ചത്. ഇങ്ങനെ പരസ്പ്പരം രണ്ട് പേരും കൊണ്ടും കൊടുത്തും ഫേസ്‌ബുക്കിൽ സജീവമാകുകയാണ്.
ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് സുരേന്ദ്രൻ. ഫെയ്‌സ് ബുക്കിൽ ഇങ്ങനെ കുറിച്ചു.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ വ്യക്തികളെ വിലയിരുത്താനുള്ള ഒരേയൊരളവുകോലായി കണക്കാക്കിയതാണ് അങ്ങേക്കു പറ്റിയ അബദ്ധം. ഒരിക്കൽ ജയിച്ചതുകൊണ്ട് എല്ലമായെന്നോ തോറ്റവരെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നോ ഉള്ള വിശ്വാസം ഒരബദ്ധധാരണയാണ്. തൃത്താലയിൽ നിന്ന് അങ്ങയെ തോല്പിച്ചുകളയാം എന്നു വിചാരിച്ചല്ല ഞാനിതൊക്കെ പറഞ്ഞത്. പിന്നെ താങ്കളേക്കാൾ വലിയവരെന്നു പൊതുജനം കരുതുന്ന പലരോടും രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ഏറ്റുമുട്ടിയിട്ടുണ്ട്. നിലപ്പാടുകൾ അങ്ങയെപ്പോലെ തന്നെ എനിക്കും പ്രധാനപ്പെട്ടതാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് അതു ചെയ്തിട്ടുള്ളത്. പിന്നെ വെല്ലുവിളി സ്വീകരിക്കുവാൻ ഒരു മടിയും എനിക്കില്ല. പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലെന്നല്ല പുതുപ്പള്ളിയിൽ മത്സരിക്കുവാനും ഞാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നിർത്തുന്നു.
അതായത് സുരേന്ദ്രൻ വെല്ലുവിളി ഏറ്റെടുക്കുന്നു. പക്ഷേ സുരേന്ദ്രന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും പറയുന്നു. അതായത് തൃത്താലയിൽ അടുത്ത തവണ കോൺഗ്രസ് സീറ്റ് നൽകുമെന്ന് ബൽറാം പറയുന്നതു പോലെ പറയാൻ സുരേന്ദ്രന് സാധ്യമല്ല. പാർട്ടിയാണ് വലുതെന്ന് വ്യക്തമാക്കുകയാണ് സുരേന്ദ്രൻ. ഒടുവിലത്തെ പോസ്റ്റിൽ മാന്യവും സംസ്കാരസമ്പന്നവുമായ വാക്കുകൾ ഉപയോഗിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതിൽ സന്തോഷമുണ്ട്. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂവെന്ന് കൂടി കുറിച്ച് ബൽറാമുമായുള്ള ഫെയ്‌സ് ബുക്ക് പോരിൽ വിജയം നേടിയെന്നും സമർത്ഥിക്കാനാണ് പുതിയ പോസ്റ്റിൽ ഫെയ്‌സ് ബുക്ക് ശ്രമിക്കുന്നത്.
നരേന്ദ്ര മോദിയെ ഡംഭുമാമയെന്നും അമിത്ഷായെ അമിട്ട് ഷാജിയെന്നും വിളിച്ചുകൊണ്ടായിരുന്നു ബൽറാം ഫേസ്‌ബുക്കിൽ ചർച്ച തുടങ്ങി വച്ചത്. ഇതിനു മറുപടിയായി കെ സുരേന്ദ്രനും പോസ്റ്റിട്ടു. എന്നാൽ, ഇതിനു മറുപടി നൽകിയ ബൽറാമിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ കെ സുരേന്ദ്രനും മറുകുറിപ്പിറക്കി. ഇരു നേതാക്കൾക്കു വേണ്ടിയും സോഷ്യൽ മീഡിയയിൽ അണികൾ നിരന്നതോടെ ഇതേച്ചൊല്ലിയുള്ള ചർച്ചകളും ശക്തമായി. ബൽറാമിനെ അനുകൂലിച്ചും സുരേന്ദ്രനെ അനുകൂലിച്ചും ഇരുവരെയും എതിർത്തും പല പക്ഷങ്ങൾ സോഷ്യൽ മീഡിയയിൽ രൂപപ്പെട്ടു.
അതിനിടയിലാണ് സുരേന്ദ്രന് മറുപടിയുമായി ബൽറാം ഇന്നു വീണ്ടും പോസ്റ്റ് ഇട്ടത്. തൃത്താലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്ന നാലു സാഹചര്യങ്ങൾ എന്നു വിശേഷിപ്പിച്ചാണ് ബൽറാം പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിനുള്ള മറുപടിയാണ് എഫ്ബിയിലൂടെ സുരേന്ദ്രൻ നൽകുന്നത്.
പ്രിയപ്പെട്ട വി ടി ബൽറാം,ഒടുവിലത്തെ പോസ്റ്റിൽ മാന്യവും സംസ്കാരസമ്പന്നവുമായ വാക്കുകൾ ഉപയോഗിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതിൽ...
Posted by K Surendran on Friday, July 17, 2015
സുരേന്ദ്രന്റെ മറുപടിക്ക് ഫേസ്‌ബുക്കിന് പിന്നാലെ മറുപടിയുമായി ബൽറാമും രംഗത്തെത്തി. കോൺഗ്രസ് ഉപാധ്യക്ഷനെ പപ്പുമോൻ എന്ന് അഭിസംബോധന ചെയ്യുന്ന സുരേന്ദ്രന്റെ തന്നെ ഭാഷ പഠിപ്പിക്കേണ്ടതില്ലെന്നാണ് ബൽറാം അഭിപ്രായപ്പെട്ടത്. ഹിന്ദിക്ക് ശേഷം നല്ല മലയാളത്തെ കുറിച്ചുള്ള ട്യൂഷന് നന്ദിയെന്നാണ് അദ്ദേഹം പറഞ്ഞത്.
ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
പ്രിയ കെ. സുരേന്ദ്രൻ,
ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള താങ്കളുടെ ട്യൂഷനും നന്ദി. എന്റെ പേര് ബാലാരാമാ എന്നൊക്കെ നീട്ടിവലിച്ചും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഒരു മുൻ പ്രധാനമന്ത്രിയുടെ മകൻ കൂടിയായ കോൺഗ്രസ് ഉപാധ്യക്ഷനെ വെറും പപ്പുമോൻ എന്നാക്കിയുമൊക്കെ വിളിക്കുന്ന താങ്കൾ തന്നെയാണ് മാന്യമായ ഭാഷാ പ്രയോഗങ്ങളേക്കുറിച്ച് ക്ലാസെടുക്കാൻ ഏറ്റവും യോഗ്യൻ.
പിന്നെ മാന്യതയും മര്യാദയുമൊക്കെ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരു മര്യാദയും അർഹിക്കാത്തവരാണ് ഫാഷിസ്റ്റുകൾ. ഇന്ത്യയുടെ ബഹസ്വര ജനാധിപത്യത്തേയും മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളേയും കിട്ടാവുന്നിടത്തൊക്കെ അവഹേളിക്കാനും തകർക്കാനും നോക്കുന്ന ആർഎസ്എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടന ജനാധിപത്യ സംവിധാനങ്ങളുടെ സൗകര്യങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ നോക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പരിഹാസമടക്കം എന്തും ഒരു യഥാർത്ഥ ഇന്ത്യക്കാരന് ആയുധം തന്നെയാണ്. ലോക ഭീകരൻ ഹിറ്റ്‌ലറുടെ കെട്ടിപ്പൊക്കിയ ഗാംഭീര്യം തകർത്തെറിഞ്ഞ് അയാളെ വെറും കോമാളിയാക്കി മാറ്റിയതിൽ ചാർളി ചാപ്ലിന്റെ 'ദ ഗ്രേറ്റ് ഡിക്‌റ്റേറ്റർ' എന്ന ചലച്ചിത്രം വഹിച്ച പങ്ക് ഒരുപക്ഷേ താങ്കൾക്ക് അറിയില്ലായിരിക്കാം. എന്നാൽ ജനാധിപത്യത്തിന് അങ്ങനേയും ചില സാധ്യതകളുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഇന്നത്തെ സർക്കാർ പൂണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലും ചെന്നൈ ഐഐടിയിലുമടക്കം പിടിമുറുക്കാനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ശ്രമിക്കുന്നത് എന്നും എളുപ്പത്തിൽ മനസ്സിലാവും. ഏതായാലും ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച് വിദേശ പി.ആർ. ഏജൻസികളെ വച്ച് സ്വയം ഒരു വികസന പുരുഷനായി ജനങ്ങൾക്ക് മുൻപിൽ 56 ഇഞ്ച് നെഞ്ച് വിരിച്ചു നിന്നത് വെറും ഊതിവീർപ്പിച്ച ബലൂൺ മാത്രമായിരുന്നുവെന്നും അതിനെ ഇല്ലാതാക്കാൻ ഫേസ്‌ബുക്കിലെ കൊച്ചുകുട്ടിയായ ഐ.സി.യു.വിലൂടെയും മറ്റും ഇവിടത്തെ സാധാരണക്കാർ മുന്നോട്ടുവെക്കുന്ന സർക്കാസവും ട്രോളുമാകുന്ന മൊട്ടുസൂചികൾ തന്നെ ധാരാളമാണെന്നുമാണ് കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയ നൽകുന്ന പാഠം.
ശ്രീ.നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണ്, ഇന്ത്യൻ ചക്രവർത്തിയായിട്ടല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭരണവീഴ്ചകൾ ഇവിടെ നിരന്തരം വിമർശിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതോടൊപ്പം ഒരു തരത്തിലുള്ള ബഹുമാനവും അർഹിക്കാത്ത അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ വിമർശിക്കാൻ ഇനിയും പരിഹാസമടക്കം ഈ നാട്ടിലെ നിസ്സഹായരായ സാധാരണ ജനങ്ങൾക്ക് ലഭ്യമാവുന്ന എല്ലാ സാധ്യതകളും അവരുടെ ഒരു പ്രതിനിധി എന്ന നിലയിൽ ഇനിയും എന്റെ ഭാഗത്തു നിന്ന് ഉപയോഗപ്പെടുത്തും. രാഷ്ട്രീയത്തിൽ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. എന്നാൽ ഈ രാജ്യത്തിന്റെ അടിസ്ഥാനപരമായ ലിബറൽ, ജനാധിപത്യ, മതേതര സ്വഭാവത്തെ തച്ചുതകർത്ത് ഇവിടം പാരമ്പര്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയും സദാചാരത്തിന്റേയുമൊക്കെ പേരിൽ അന്യമതവിദ്വേഷത്തിലും അന്യസംസ്‌ക്കാര നിരാസത്തിലുമൂന്നിയ ഒരു മതരാഷ്ട്രം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവർ എന്റെ മാത്രമല്ല, ഈ നാടിന്റെ മുഴുവൻ ശത്രുക്കളാണ്. അത്തരക്കാരോടുള്ള സമീപനം സ്വാഭാവികമായും വ്യത്യസ്തമായിരിക്കും.
പിന്നെ തൃത്താലയിൽ വന്ന് മത്സരിക്കാനുള്ള ബുദ്ധിമോശം താങ്കൾ കാണിക്കില്ലെന്ന് എനിക്കുമറിയാം. എന്നിരുന്നാലും താങ്കളുടേയോ പാർട്ടിയുടേയോ മനസ്സ് മാറുകയാണെങ്കിൽ ഇവിടേക്ക് സ്വാഗതം. പക്ഷേ താങ്കളുടെ പാർട്ടിക്ക് ഘടക കക്ഷികളെ ഉണ്ടാക്കിത്തരേണ്ട ബാധ്യത കൂടി ദയവായി എന്റെ ചുമലിൽ വെക്കരുത്. മുന്നണി രാഷ്ട്രീയത്തോട് തത്ത്വത്തിലോ പ്രയോഗതലത്തിലോ എതിർപ്പുള്ള പാർട്ടിയല്ലല്ലോ താങ്കളുടേത്. ദേശീയതലത്തിലടക്കം നിങ്ങളുടെ പാർട്ടിക്ക് ഘടകകക്ഷികളുണ്ട്. കേരളത്തിൽ എന്തുകൊണ്ട് നിങ്ങൾക്ക് കൊള്ളാവുന്ന ആരേയും കൂടെ കിട്ടുന്നില്ല എന്നത് നിങ്ങളാണ് ആലോചിക്കേണ്ടത്. ഉത്തരം മറ്റൊന്നുമല്ല, ഇത് കേരളമാണ് എന്നത് മാത്രമാണ്. ഫാഷിസത്തിന്റെ വിഷവിത്തുക്കൾ ആഴ്ന്നിറങ്ങണമെങ്കിൽ കേരളം കുറച്ചുകൂടി അധപതിക്കണം. അതത്ര എളുപ്പത്തിൽ സാധിക്കുമെന്ന് താങ്കൾ തെറ്റിദ്ധരിക്കേണ്ട. താങ്കൾ കൂടി സഹകരിക്കുകയാണെങ്കിൽ ഈ സംവാദം ഇതോടുകൂടി അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
സ്‌നേഹത്തോടെ,
വി.ടി.ബൽറാം