1988 ഏപ്രിൽ 28 നാണ് മോഹൻലാൽ സുചിത്രയുടെ കഴുത്തിൽ താലി ചാർത്തിയത്. സുചിത്രയ്ക്ക് മോഹൻലാലിനോടുള്ള ആരാധനയാണ് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്ന് മോഹൻലാൽ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും തമ്മിൽ പരസ്പരം കത്തുകൾ അയച്ചിരുന്നതായും മോഹൻലാൽ എന്നാൽ സുചിക്ക് ഭ്രാന്തായിരുന്നുവെന്നുമാണ് സഹോദരൻ ബാലാജി പറയുന്നത്.

ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിലാണ് ലാൽ-സുചി പ്രണയകഥ സുരേഷ് വെളിപ്പെടുത്തുന്നത്. മോഹൻലാലിന്റെ സിനിമകൾ കണ്ടാണ് സുചിത്രയ്ക്ക് ലാലിന്റെ കടുത്ത ആരാധികയായത്. ഇക്കാലത്ത് ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാൽ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചി അത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോൾ എന്റെയൊരു അമ്മായിയാണ് ലാലിന്റെ വീട്ടിൽ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാൽ എന്നു പറഞ്ഞാൽ സുചിക്ക് ഒരുതരം ഭ്രാന്തായിരുന്നു. സുേരഷ് ബാലാജി പറയുന്നു.

ഒരിക്കൽ താൻ ഉപേക്ഷിച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിനും പിന്നിലും മോഹൻലാലിയിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു സിനിമയുടെ അവകാശം സംബന്ധിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ നിർമ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തിൽ പറയുന്നു. എന്നാൽ സുചിത്രയെ വിവാഹം ചെയ്ത് ലാൽ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിർമ്മാണ രംഗത്ത് വീണ്ടും വരികയായിരുന്നു.

മോഹൻലാൽ, ശോഭന, അമല എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഉള്ളടക്കം എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിൻസ് എന്ന പേരിൽ സുരേഷ് ബാലാജി വീണ്ടും നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.ഇതുവരെ നിർമ്മിച്ച ചിത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഉള്ളടക്കമാണെന്നും സുരേഷ് ബാലാജി പറയുന്നു.