- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥിയാവാതിരിക്കാൻ സുരേഷ് ഗോപിയുടെ സിനിമാ ഷൂട്ടിങ് കൃത്യസമയത്ത് തുടങ്ങി; പക്ഷേ വിടാതെ പിന്തുടർന്ന് നേതൃത്വവും; ഒന്നുകിൽ സിനിമ അല്ലെങ്കിൽ രാഷ്ട്രീയം എന്ന നിലപാടിലേക്ക് സുരേഷ് ഗോപിക്ക് മാറേണ്ടി വരുമോ? വട്ടിയൂർക്കാവുമായി ബിജെപി നേതൃത്വം നടന്റെ പിന്നാലെ; നടൻ മാറി നിൽക്കുന്നത് ആർക്കു വേണ്ടി?
തൃശൂർ: എന്തുകൊണ്ട് സുരേഷ് ഗോപി മത്സരിക്കുന്നില്ല? ഇതാണ് ബിജെപിയിലെ ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ചിൽ തുടക്കമാകുമെന്ന് ഏവർക്കും അറിയാം. എന്നിട്ടും ഈ മാസം ജോഷി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് എന്തുകൊണ്ട്? സുരേഷ് ഗോപിക്കായി തൃശൂർ ബിജെപി മാറ്റി വയ്ക്കുമെന്നായിരുന്നു സൂചനകൾ. ഈ സീറ്റിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് താൽപ്പര്യമില്ല. കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലാണ് തൃശൂരിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ഏറെ വ്യക്തിബന്ധമുള്ള പത്മജയുമായി പോരാട്ടം ഒഴിവാക്കാൻ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ചതാണ് ഈ ഷൂട്ടിങ് എന്ന് കരുതുന്നവർ പോലുമുണ്ട്. ഏതായാലും സുരേഷ് ഗോപിയിൽ സമ്മർദ്ദം അതിശക്തമാണ്.
സ്ഥാനാർത്ഥിയാവാതിരിക്കാൻ സുരേഷ് ഗോപിയുടെ സിനിമാ ഷൂട്ടിങ് കൃത്യസമയത്ത് തുടങ്ങിയെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. സുരേഷ് ഗോപിക്ക് വിജയ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വിടാതെ പിന്തുടർന്ന് നേതൃത്വവും സമ്മർദ്ദം തുടരുന്നു. മത്സരിച്ചേ മതിയാകൂവെന്നാണ് ആവശ്യം. കേന്ദ്ര നേതൃത്വവും സുരേഷ് ഗോപിയുമായി സംസാരിക്കും. മത്സരിച്ചില്ലെങ്കിൽ ഒന്നുകിൽ സിനിമ അല്ലെങ്കിൽ രാഷ്ട്രീയം എന്ന നിലപാടിലേക്ക് സുരേഷ് ഗോപിക്ക് മാറേണ്ടി വരും. വട്ടിയൂർക്കാവിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് താൽപ്പര്യം. അല്ലെങ്കിൽ തിരുവനന്തപുരം. രണ്ടു സീറ്റിലും സുരേഷ് ഗോപിക്ക് ജയസാധ്യത കൂടുതലാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
മത്സരിക്കുന്നില്ലെന്ന തീരുമാനത്തിൽ പുനരാലോചന വേണമെന്നു സുരേഷ് ഗോപി എംപിയോടു ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. അങ്ങനെയെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്നും ബിജെപി പറയുന്നു. എന്നാൽ തൃശൂരിൽ ഒരു കാരണവശാലും മത്സരിക്കില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി. വേണമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും അറിയിച്ചതായി സൂചനയുണ്ട്. എന്നാൽ ഇത് സുരേഷ് ഗോപി സ്ഥിരീകരിക്കുന്നില്ല. ഷൂട്ടിങ് തിരക്കാണെന്നതിനാൽ മത്സരിക്കാനുള്ള അസൗകര്യം സുരേഷ് ഗോപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിനായി ഇന്നു ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം തൃശൂരിൽ ചേരും.
കേരളത്തിൽനിന്ന് ഓരോ സീറ്റിലും 3 പേരുകളാണു കേന്ദ്ര പാർലമെന്ററി ബോർഡിനു നൽകുന്നത്. 12 ന് ഉച്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പാർലമെന്ററി ബോർഡ് യോഗം ചേരും. ബിജെപിയുടെ ദേശീയ നേതൃത്വം ഇടപെട്ടു നടത്തിയ 2 സർവേ റിപ്പോർട്ടും പരിഗണിക്കും. കേരളത്തിൽനിന്നു തിരഞ്ഞെടുപ്പു കമ്മിറ്റി നൽകുന്ന പട്ടികയിൽ ഉൾപ്പെടാത്ത പേരുകൾ സർവേ റിപ്പോർട്ടിലുണ്ടെങ്കിൽ പ്രതീക്ഷിക്കാത്ത ചില സ്ഥാനാർത്ഥികളും ഉണ്ടായേക്കും. പാർട്ടി നേതാക്കൾക്കു പുറമേ പ്രമുഖ വ്യക്തികളിൽ ആരെ സ്ഥാനാർത്ഥിയാക്കിയാൽ ചില മണ്ഡലങ്ങളിൽ ജയിക്കാമെന്ന പഠനമാണു സർവേ വഴി നടത്തിയത്. ഈ സർവ്വേയും സുരേഷ് ഗോപിക്ക് അനുകൂലമാണ്.
ജോഷി സംവിധാനം ചെയ്യുന്ന ' പാപ്പൻ ' എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോൾ. കാഞ്ഞിരപ്പള്ളിയിലും പരിസരത്തും കഴിഞ്ഞ 5 നാണ് ചിത്രീകരണം തുടങ്ങിയത്. ഒരു മാസം നീളുന്നതാണ് ഷെഡ്യൂൾ. ഇതിനു ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' ചിത്രീകരണം തുടങ്ങും.നിധിൻ രൺജി പണിക്കരുടെ 'കാവലി'ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ സുരേഷ് ഗോപിക്ക് അതിന്റെ ഡബ്ബിങ് ജോലികളുമുണ്ട്. എന്നാൽ ഇതെല്ലാം തൽകാലം മാറ്റി വയ്ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശം. കേന്ദ്ര നേതൃത്വമാണ് സുരേഷ് ഗോപി മത്സരിക്കണം എന്ന കർശന നിർദ്ദേശം വച്ചിരിക്കുന്നത്. എന്നാൽ സുരേഷ് ഗോപി ഇതിന് സമ്മതം മൂളിയിട്ടില്ല. മത്സരിക്കുകയാണെങ്കിൽ തന്നെ, ചില നിബന്ധനകളുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
മത്സരിക്കുകയാണെങ്കിൽ, താൻ ഗുരുവായൂർ മണ്ഡലത്തിലേ മത്സരിക്കൂ എന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് നിലവിൽ ഒരു വിജയസാധ്യതയും കൽപിക്കാത്ത മണ്ഡലമാണ് ഗുരുവായൂർ. സുരേഷ് ഗോപിയെ തങ്ങളുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഏതിലെങ്കിലും മത്സരിപ്പിക്കാൻ ആണ് ബിജെപിയുടെ നീക്കം. വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, തൃശൂർ എന്നിവയായിരുന്നു പരിഗണനയിൽ ഉള്ളത്. സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഗുരുവായൂർ മണ്ഡലത്തിൽ ബിജെപിക്ക് ഇതുവരെ മുപ്പതിനായിരം വോട്ടുകൾ പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ച തൃശൂരിന് കീഴിലാണ് ഗുരുവായൂർ നിയമസഭാ മണ്ഡലം. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടം കാഴ്ചവച്ച സുരേഷ് ഗോപിക്ക് പോലും ഇവിടെ 33,967 വോട്ടുകളേ നേടാൻ സാധിച്ചിരുന്നുള്ളു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 16,407 വോട്ടുകളുടെ ലീഡ് ഉണ്ട് ഇവിടെ. സുരേഷ് ഗോപി ഇറങ്ങിയാൽ സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങിയാൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, തൃശൂർ എന്നീ മണ്ഡലങ്ങളിൽ ഏതും കൈപ്പിടിയിൽ ഒതുക്കാമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.
മറുനാടന് മലയാളി ബ്യൂറോ