തൃശൂർ: തൃശൂരിനെ എടുക്കാൻ ബിജെപിക്കായി സുരേഷ് ഗോപി തന്നെ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ മികവ് ആവർത്തിക്കാൻ സുരേഷ് ഗോപി തന്നെ അവിടെ മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് സുരേഷ് ഗോപിയും അംഗീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടാകും. തിരുവനന്തപുരത്തെ വട്ടിയൂർക്കാവും സുരേഷ് ഗോപിക്കായി പരിഗണിക്കുന്നുണ്ട്. എന്നാൽ തൃശൂരിന് തന്നെയാണ് കൂടുതൽ സാധ്യത.

നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുകയാണെങ്കിൽ കരുതലോടെ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് ബിജെപിയിലെ ആലോചന. നേമത്ത് കുമ്മനം രാജശേഖരൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയാണ് സ്ഥാനാർത്ഥിയെങ്കിൽ കുമ്മനത്തെ വട്ടിയൂർക്കാവിലേക്ക് മാറ്റി പിപി മുകുന്ദനെ നേമത്ത് മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. തിരുവനന്തപുരത്തോ വട്ടിയൂർകാവിലോ വിവി രാജേഷും സ്ഥാനാർത്ഥിയാകും. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും. ആറ്റിങ്ങലിൽ ബിജെപി സംസ്ഥാന സെക്രട്ടറി സുധീറിന്റേയും ചിറയിൻകീഴിൽ ആശാനാഥിന്റേയും പേരാണ് പരിഗണനയിൽ. കോവളത്തെ ചൊല്ലി തർക്കം തുടരുകയാണ്.

കോവളത്ത് മത്സരിക്കാൻ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസും സീറ്റ് മോഹിക്കുന്നു. വിഷ്ണു പുരം ചന്ദ്രശേഖരന് മത്സരിക്കാൻ പ്രവർത്തനം തുടങ്ങി. നാടാർ സമുദായത്തിൽ സ്വാധീനമുള്ള വിഷ്ണുപുരത്തിന് സീറ്റ് കൊടുത്താൽ എസ് സുരേഷിന് സീറ്റില്ലാതെയാകും. കുമ്മനം നേമത്തും രാജേഷ് വട്ടിയൂർക്കാവിലും മത്സരിച്ചാൽ കോവളം കിട്ടിയില്ലെങ്കിൽ സുരേഷ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകും. പി അശോക് കുമാറും സീരിയൽ നടൻ കൃഷ്ണകുമാറും പരിഗണനയിലുണ്ട്.

തൃശൂരിലും തിരുവനന്തപുരത്തും പാലക്കാട്ടും മികച്ച സ്ഥാനാർത്ഥികളെ നിർത്താനാണ് ബിജെപിയുടെ തീരുമാനം. ബിജെപിയിൽ സീറ്റ് ഉറപ്പിച്ചത് ഒൻപത് പേർ മാത്രമാണ്. പാലക്കാട് ഇ. ശ്രീധരനും കാട്ടാക്കട പി.കെ കൃഷ്ണദാസും കോഴിക്കോട് നോർത്ത് എം ടി രമേശും മലമ്പുഴ സി കൃഷ്ണകുമാറും മണലൂർ എ.എൻ രാധാകൃഷ്ണും നെടുമങ്ങാട് ജെ.ആർ പത്മകുമാറും അരുവിക്കര സി ശിവൻകുട്ടിയും പാറശാല കരമന ജയനും ചാത്തന്നൂർ ഗോപകുമാറും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസാകും മത്സരിക്കുക. പിഎസ്‌സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലും മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രാഥമിക നിഗമനം.

കഴക്കൂട്ടത്ത് ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എസ് എൻഡിപി എതിർക്കുന്നുണ്ട്. ഇതിനൊപ്പം ശോഭാ സുരേന്ദ്രന് വേണ്ടിയും ചരടു വലികളുണ്ട്. ബിഡിജെഎസിനു നൽകിയ ഏറ്റുമാനൂർ ബിജെപി തിരിച്ചെടുക്കും. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യനാണു പരിഗണനയിൽ.

പൂഞ്ഞാറിൽ ബിഡിജെഎസ് മത്സരിക്കും. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ്. പുതുപ്പള്ളിയിൽ കോട്ടയം ജില്ലാ മുൻ പ്രസിഡന്റ് എൻ.ഹരിയും ധർമ്മടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.കെ. പത്മനാഭനുമാണു പട്ടികയിൽ. കൊട്ടാരക്കരയിൽ ബിജെപി വക്താവ് സന്ദീപ് വാരിയരും എറണാകുളത്തു സി.ജി. രാജഗോപാലും പാലായിൽ കേരള കോൺഗ്രസിന്റെ പി.സി. തോമസുമാണു മത്സരിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാമതെത്താനാണ് ബിജെപിയുടെ നീക്കം. കേരളത്തിൽ രാജ്യത്തെ തന്നെ താരപ്രചാരകരെകൊണ്ടു നിറയ്ക്കാനാണ് ബിജെപിയുടെ പദ്ധതി. സിപിഎമ്മിന് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടുമാണ് സിപിഎമ്മിന്റെ കേന്ദ്ര പട്ടികയിലുള്ളത്. കോൺഗ്രസ് പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന് രാഹുൽ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലുമാണ്.