കൊച്ചി: ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആസ്റ്റർ മെഡിസിറ്റി. ഇന്ന് വൈകിട്ടോ നാളെ രാവിലേയോ നടൻ ആശുപത്രി വിടും. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയും നടത്തി. ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണ്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ സുരേഷ് ഗോപിക്ക് പൊതുരംഗത്ത് സജീവമാകാം. സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്. തൃശൂരിലാണ് സുരേഷ് ഗോപിക്ക് മത്സരിക്കാൻ കൂടുതൽ താൽപ്പര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൃശൂരിലേക്ക് സൂരേഷ് ഗോപിയെ പ്രധാനമായും പരിഗണിക്കുന്നത്.

എന്നാൽ നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ്. ഈ സാഹചര്യത്തിൽ നേമത്തേക്ക് സുരേഷ് ഗോപിയെ മാറ്റാനും സാധ്യതയുണ്ട്. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിയായാലും നിലവിലെ സാഹചര്യത്തിൽ അവസാന ഘട്ടത്തിൽ മാത്രമേ സ്ഥാനാർത്ഥി ആയാലും സുരേഷ് ഗോപി പ്രചരണത്തിൽ സജീവമാകൂ. സുരേഷ് ഗോപിയുടെ ആരോഗ്യം കൂടി പരിഗണിച്ചാകും സീറ്റ് നിശ്ചയിക്കുക. അഥിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ട്.

കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കാമെന്ന ശോഭാ സുരേന്ദ്രന്റെ നിർദ്ദേശം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നെത്തുന്ന നേതാവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റാണിതെന്ന കടുംപിടുത്തത്തിലാണ് സംസ്ഥാന നേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്.

കഴക്കൂട്ടമാണെങ്കിൽ മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്ന ചിന്തയിലാണ് കോൺഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നൽകാൻ ശ്രമിക്കുന്നത്. കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിട്ടുണ്ട്.

മുൻ എംഎ‍ൽഎ എം.എ വാഹിദിനെയും ബിജെപിയിലെത്തിക്കാൻ നീക്കങ്ങൾ നടന്നു. എന്നാൽ താൻ നിരസിച്ചുവെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു. അതേസമയം ആറന്മുള മണ്ഡലത്തിൽ എൽഡിഎഫിലെ വീണാ ജോർജിനെതിരെ ഓർത്തഡോക്സ് സഭ നിർദ്ദേശിക്കുന്ന ആളെ ബിജെപി സ്ഥാനാർത്ഥിയാക്കും. ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം.

സഭ ഇതുവരെ ആരെ നിർത്തണമെന്ന് തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർത്ഥി ഒരു വൈദികനാകാനുള്ള സാധ്യതയുമുണ്ടെന്നാണ് സൂചനകൾ.