- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരും; ഇത്തവണ വടക്കുംനാഥനെ കണ്ട് പ്രചരണം തുടങ്ങുന്നത് തൃശൂരിനെ കൊണ്ടു പോകാൻ; മാസ് ഡയലോഗുമായി സിനിമാ സ്റ്റൈലിൽ വീണ്ടും ആക്ഷൻ ഹീറോ; ശബരിമല പ്രചരണ വിഷയമല്ല വികാര വിഷയമാണെന്ന് ഓർമ്മപ്പെടുത്തൽ; സുരേഷ് ഗോപിയും റെഡി; തൃശൂരിൽ ഇനി ത്രികോണ ചൂട് കടുക്കും
തൃശൂർ: തൃശൂരിനെ എടുക്കൽ അല്ല... കൊണ്ടു പോകലാണ് ഇത്തവണ ലക്ഷ്യം.ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി സുരേഷ് ഗോപി തൃശൂരിൽ എത്തി. വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് ശേഷം പ്രചരണവും തുടങ്ങി. ശബരിമല വൈകാരിക വിഷയമാണെന്ന് ബിജെപി സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്ന്യവാസമാണെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞതെങ്കിൽ ഇക്കുറി, തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരുമെന്നായിരുന്നു പറഞ്ഞത്. വിജയം ജനങ്ങൾ തരട്ടെയെന്നും അവകാശവാദങ്ങൾ പറയുന്നില്ലെന്നും എൻ ഡി എ സ്ഥാനാർത്ഥി വ്യക്തമാക്കി.
വികസനവും വിശ്വാസവും ചർച്ചകളിൽ നിറയ്ക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. തൃശൂരിന് ടൂറിസം സാധ്യതകൾ ഉണ്ടെന്നും ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു. നടനും പ്രചരണത്തിന് എത്തിയതോടെ തൃശൂർ ത്രികോണ ചൂടിലായി. നാമ നിർദേശ പത്രികാ സമർപ്പണത്തിന് ശേഷം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നാണ് ആരംഭിക്കുന്നത്.
വൈകിട്ട് നാലു മണിക്ക് ശക്തന്റെ പ്രതിമയിൽ ഹാരമണിയിച്ചാണ് തുടക്കം. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിൽ റോഡ് ഷോ നടത്തും.വളരെ കുറച്ചു ദിവസം മാത്രമാണ് പ്രചാരണത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. നിലവിലെ സാഹചര്യത്തിൽ ഓട്ട പ്രദക്ഷിണം മാത്രമാണ് സാധിക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻഡിഎ രണ്ടാമതെത്തിയിരുന്നു.
നിലവിൽ രാജ്യസഭാ എംപി എന്ന നിലയിൽ മികച്ച ജനസേവകനായി മാറിയ താരത്തെ ബിജെപി കേന്ദ്രനേതൃത്വം നേരിട്ടാണ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് നിർദ്ദേശിച്ചത്. സുരേഷ് ഗോപി മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
നിലവിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രതിനീധികരിക്കുന്ന മണ്ഡലം പി. ബാലചന്ദ്രനിലൂടെ നിലനിർത്താനാണ് ഇടത് ശ്രമം. യു.ഡി.എഫിന്റെ പത്മജ വേണുഗോപാലും പ്രചരണത്തിൽ സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ