- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണന് കാണിക്ക ഇട്ട് പ്രചരണം തുടങ്ങിയ ഖാദറിന്റെ ജയം ആഗ്രഹിച്ച് സുരേഷ് ഗോപി; സൂപ്പർ താരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് സുരേന്ദ്രൻ; തലശ്ശേരിയിൽ ബിജെപി വോട്ട് വേണ്ടെന്ന് മുല്ലപ്പള്ളിയുടെ പ്രഖ്യാപനം; പത്രിക തള്ളലിൽ പിണറായി കാണുന്നത് 'കോലീബി' സഖ്യ സാധ്യതകളും; സുരേഷ് ഗോപിയുടെ 'ഗുരുവായൂർ മോഡൽ' നേട്ടമാക്കാൻ ഇടതുപക്ഷം
കണ്ണൂർ: ഗുരുവായൂരിൽ സംഭവിച്ചത് കൃഷ്ണ ലീലയോ? ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളലിൽ സിപിഎം കാണുന്നത് ഗൂഢാലോചനയാണ്. മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിന് വേണ്ടിയുള്ള ഗൂഢാലോചന. കേരളത്തിലെ ബിജെപി കോൺഗ്രസ് ധാരണ പൂർവ്വാധികം ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്.
ബിജെപി സ്ഥാനാർത്ഥികൾ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. അതിനിടെ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തള്ളി ബിജെപി നേതൃത്വം രംഗത്തു വന്നു. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഗുരുവായൂർ മോഡൽ ചർച്ചയാക്കി ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കാനാണ് സിപിഎം നീക്കം. അതിന് വേണ്ടിയാണ് സിപിഎം അതിശക്തമായി സുരേഷ് ഗോപിയുടെ അഭിപ്രായം ചർച്ചയാക്കുന്നത്. ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എൻ എ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു. പഴയ 'കോലീബി' സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയതെന്നും പിണറായി വിജയൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സർക്കാർ നിലപാടടിനെ കോൺഗ്രസ് അംഗീകരിക്കാതിരുന്നത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ കേരളത്തോട് തെറ്റായ നിലപാട് സ്വീകരിക്കുമ്പോഴും യുഡിഎഫ് മൗനത്തിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില കളികൾ നടത്തിയപ്പോൾ അതിന് തപ്പുകൊട്ടുകയാണ് യുഡിഎഫ്. എല്ലാത്തിലും ഒരു ഒത്തുകളി കാണാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് അന്വേഷണ ഏജൻസികളെ ഒരു വഴിക്ക് നടത്താൻ ചില മാധ്യമങ്ങൾ പ്രലോഭിപ്പിച്ചു. സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.
ലൈഫ് മിഷനിലെ അനാവശ്യ ഇടപെടൽ പ്രിവിലേജ് കമ്മറ്റി പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അനാവശ്യം പറയുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സ്വർണക്കടത്തിന്റെ ഉറവിടവും ഉപഭോക്താവും ആരെന്ന് കണ്ടെത്താനാണ്, എന്നിട്ട് അന്വേഷണം എന്തായി? ബിജെപിക്ക് വേണ്ടപ്പെട്ട മാധ്യമ പ്രവർത്തകനിലേക്ക് അന്വേഷണം എത്തി. ചില ബിജെപി നേതാക്കളുടെ പേരിലേക്ക് ഇത് എത്തിയതോടെ അവിടെ നിർത്തി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീട് സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കാനാണ് ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.
അതിനിടെ തലശ്ശേരിയിൽ ജയിക്കാൻ ബിജെപിയുടെ വോട്ട് ആവശ്യമില്ലെന്ന് സുരേഷ്ഗോപിക്ക് മറുപടിയുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നു. എല്ലാ മതേതര ജനാധിപത്യവിശ്വാസികളുടേയും വോട്ടു സ്വീകരിക്കുമെന്നും എന്നാൽ എ.എൻ ഷംസീറിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുകൾ വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തലശ്ശേരിയിൽ ഒരു കാരണവശാലും എൽഡിഎഫ് സ്ഥാനാർത്ഥി എ.എൻ. ഷംസീറിനെ ജയിപ്പിക്കരുത് എന്ന് സുരേഷ്ഗോപി ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുല്ലപ്പള്ളിയുടെ പ്രതികരണം വന്നിരിക്കുന്നത്.
തലശ്ശേരിയിൽ ബിജെപിയുടെ ജില്ലാ സെക്രട്ടറി കൂടിയായ എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയ സാഹചര്യത്തിൽ ഇവിടെ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാതായിരുന്നു. അതിനാൽ ഇവിടെ ബിജെപി വോട്ടുകൾ ആർക്ക് ചെയ്യണമെന്ന ചോദ്യത്തിനായിരുന്നു ഷംസീറിനെ ഒരു കാരണവശാലം ജയിക്കാൻ അനുവദിക്കരുതെന്ന് സുരേഷ്ഗോപി പ്രതികരിച്ചത്. തലശ്ശേരിയിൽ ബിജെപി - യുഡിഎഫ് ധാരണയുണ്ടെന്ന് പ്രചാരണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ബിജെപിയുടെ വോട്ടു വേണ്ടെന്ന പ്രഖ്യാപനവുമായി മുല്ലപ്പള്ളി രംഗത്ത് വന്നത്.
ബിജെപിയുടെ പത്രിക തള്ളിയ മറ്റൊരു മണ്ഡലമായ ഗുരുവായൂരിലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യരുതെന്നും ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ. ഖാദർ ജയിക്കണമെന്നാണ് ആഗ്രഹകമെന്നും സുരേഷ്ഗോപി പറഞ്ഞിരുന്നു. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായം എങ്കിൽ കൃത്യമായി പറയാം, ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ